ഞാൻ എന്റെ സർവ ശക്തിയുമെടുത്തു വേദനിപ്പിച്ചു തന്നെ അവളെ ലോക്ക് ചെയ്തു ; അതിന്റെ തിളക്കം കണ്ടത് മാത്രമേ ഓർമയുള്ളു

മകളെ കുറിച്ച് സിൻസി അനിൽ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മകളുടെ ജീവൻ രക്ഷിക്കാൻ ഒരു ‘അമ്മ എടുത്ത പരിശ്രമങ്ങളാണ് സിൻസിയുടെ കുറിപ്പിൽ കാണുന്നത്. സിൻസിയുടെ കുറിപ്പ് ഇപ്രകാരമാണ്. “ചെറിയ കുഞ്ഞുങ്ങൾ ഉള്ള എല്ലാവരും ഇത് വായിക്കണേ. ചില ദിവസങ്ങളിൽ ഏകാന്തത മടുപ്പിക്കുമ്പോൾ ഉള്ളിൽ നിന്നൊരു ത്വരയാണ്…യാത്ര പോകണം. വേറെ എങ്ങോട്ടുമല്ല… വെല്ലൂർക്ക് തന്നെ… കെട്ടിയോന്റെ അടുത്തേക്ക്. രണ്ടു ദിവസം വിരഹ സ്റ്റാറ്റസ് ഇട്ടാൽ വെല്ലൂർക്കുള്ള ടിക്കറ്റ് റെഡി ആണ്…(പാവം കെട്ടിയോൻ) അങ്ങനെ കഴിഞ്ഞ വട്ടം വെല്ലൂർക്കു പോയി തിരികെ ട്രെയിനിൽ കയറ്റി വിടുമ്പോൾ മോള് എന്തെന്നില്ലാതെ കരഞ്ഞു…അവളുടെ അപ്പയെ വിട്ടു പോരുമ്പോൾ എല്ലാം അവൾ ഹൃദയം പൊട്ടി കരയും. രണ്ടു വളവു കഴിയുമ്പോൾ അവൾ അതെല്ലാം മറക്കും. അവളുടെ കരച്ചിൽ മുറിപ്പെടുത്തിയ ഹൃദയവുമായി ഞാൻ ട്രെയിനിലും ഇരിക്കും…കെട്ടിയോൻ അവിടെയും. തിരിച്ചു വീട്ടിൽ എത്തിയാൽ ഡ്രെസ്സുകൾ കഴുകാനും വീട് അടിക്കുകയും തുടക്കുകയും ഒക്കെ ആയിട്ട് ഒരു ദിവസം മുഴുവനും വേണം. Indoor ചെടികൾ ഒക്കെ എന്നോട് പിണങ്ങി നില്കുന്നുണ്ടാകും. അങ്ങനെ തിരിച്ചെത്തിയ അന്നത്തെ ദിവസം ഞാൻ കുറെ തിരക്കുകളിലേക്ക് പോയി. കഞ്ഞി മാത്രം ഉണ്ടാക്കി അവൾക്കു കൊടുക്കാനായി മുകളിൽ ചെന്നപ്പോൾ അവൾക്കു ആകെ ഉണ്ടായിരുന്ന ഒരു മുത്തുമാല പൊട്ടിച്ചിതറി കിടക്കുന്നുണ്ടായിരുന്നു. ഞാൻ അതിനു അവളെ വഴക്ക് പറഞ്ഞു.. അത് അടിച്ചു വാരി കളയുകയും ചെയ്തു. ഇടയ്ക്ക് അവൾ മൂക്കൊലിപ്പിച്ചു എന്റെ അടുക്കൽ വന്നു… പതിവില്ലാത്തതാണ്. പൊടി ഒക്കെ അടിച്ചു വാരിയപ്പോൾ തുമ്മൽ ഉണ്ടായി കാണും… ഞാൻ വിചാരിച്ചു. മൂക്ക് തുടച്ചു കൊടുത്തു…

അവൾ വീണ്ടും കളിക്കാനായി ഓടി പോയി. കുറച്ചു കഴിഞ്ഞു അവൾ മൂക്കൊലിപ്പിച്ചു വീണ്ടും വന്നു. അപ്പൊൾ എന്നിലെ സംശയരോഗി തല പൊക്കി. ട്രെയിനിൽ യാത്രയിൽ ഇവൾക്കു കൊറോണ പിടിച്ചു കാണുവോ. ഇല്ലെന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും എന്റെ സംശയം ഇരട്ടിച്ചു വന്നു. വീണ്ടും അവൾ മൂക്കൊലിപ്പിച്ചു വന്നപ്പോൾ ടവൽ കൊണ്ട് ഞാൻ മൂക്ക് നന്നായി തുടച്ചു കൊടുത്തു. പെട്ടെന്ന് അവൾ എന്റെ കൈയിൽ വട്ടം കയറി പിടിച്ചു വലിയ ഉച്ചത്തിൽ കരഞ്ഞു. മൂക്ക് തുടച്ചതിനു ഇത്രയ്ക്കും കരയുന്നത് എന്തിനാ ഇവൾ… മൂക്കിൽ കൈയിട്ടു മുറിഞ്ഞിട്ടുണ്ടാകുമോ. വേഗം ഫോണിന്റെ ടോർച്ചു തെളിച്ചു മൂക്കിലേക്ക് അടിച്ചു നോക്കിയതും എന്റെ തല പെരുത്തു പോയി. പൊട്ടിച്ചിതറി കിടന്ന ആ മാലയുടെ ഏറ്റവും വലിയൊരു മുത്ത്‌ മൂക്കിൽ അങ്ങേയ്റ്റത്തു തിരുകി കയറ്റി വച്ചിരിക്കുന്നു. അതിന്റെ തിളക്കം കണ്ടത് മാത്രമേ ഓര്മയുള്ളു… എന്ത് ചെയ്യുമെന്ന് അറിയാതെ ഞാൻ വിയർത്തു പോയി. മൂക്ക് ചീറ്റി കാണിച്ചിട്ട് അതെ പോലെ ചെയ്യാൻ പറഞ്ഞപ്പോൾ അവൾ അത് അകത്തേക്ക് വലിച്ചു കയറ്റുമെന്ന് എനിക്ക് തോന്നി ആ ശ്രമം ഉപേക്ഷിച്ചു. മൂക്കിൽ താൻ വലിയൊരു പണി ചെയ്തിട്ടുണ്ട് എന്ന് അറിയാവുന്ന അവൾ മൂക്ക് കാണിക്കാൻ പോലും സമ്മതിക്കാതെ ആയി. ഇനി നോക്കിയിട്ട് കാര്യമില്ല….എങ്ങോട്ടെന്നില്ലാതെ ഇട്ട ഡ്രെസ്സിൽ തന്നെ കാറിൽ കയറി…അടുത്ത വീട്ടിലെ പെൺകുട്ടിയും എന്റെ ഒപ്പം കാറിൽ കയറി. ഇന്നുവരെ ഓടിക്കാത്ത അത്രയും സ്പീഡിൽ കാർ ഓടിച്ചു അടുത്തുള്ള ഹോസ്പിറ്റലിൽ എത്തി. Casuality യിൽ ഡോക്ടറോട് ചെന്നു കാര്യം പറഞ്ഞു. ഏതു ഡോക്ടറെ കാണാൻ ചെന്നാലും അവരോട് കുറെ സംസാരിച്ചു കൈയിൽ എടുത്തേ ഇവൾ പോരുകയുള്ളു. ഇതൊക്കെ ഒപ്പിച്ച് വച്ചിട്ട് ഡോക്ടറുടെ അടുത്തു വലിയ ആളായി ഇരുന്നു സംസാരിക്കുകയാണ്. കിടക്കാൻ പറഞ്ഞപ്പോൾ കിടക്കുന്നു. ലൈറ്റ് ഒക്കെ മുഖത്തേക്ക് വന്നപ്പോൾ ഒരു ചെറു ചിരിയോടെ കൈയിൽ ഉണ്ടായിരുന്ന duck നെ പിടിച്ചു കിടന്നു. ട്രേയിൽ ആയുധങ്ങൾ വന്നപ്പോൾ അവൾ ചെറുതായൊന്നു ഭയന്നു…ഡോക്ടർ മൂക്കിലേക്ക് forceps കൊണ്ട് വന്നതും അവൾ അവരുടെ കൈ തട്ടി തെറിപ്പിച്ചു. അതുവരെ കണ്ട ആൾ അല്ലാതെ അവൾ അലറികരഞ്ഞു..ഞാൻ വിഷമിക്കുമെന്ന് കരുതി എന്നോട് പുറത്തു നില്കുവാൻ ഡോക്ടർ പറഞ്ഞു. രണ്ടാമത്തെ ശ്രമത്തിലും അവൾ 5 പേരെയും എതിർത്തു കുതറി എണീക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

കരച്ചിൽ കേട്ട് ഞാൻ ഓടി വന്നു… ഞാൻ ഡോക്ടറോട് പറഞ്ഞു…ഞാൻ അവളെ പിടിക്കാം. ഡോക്ടർ രെ അവൾ എങ്ങനെ എതിർക്കുമെന്ന് എന്നെക്കാളും അവർക്കറിയില്ലല്ലോ. അവളെ എന്റെ മടിയിൽ ഇരുത്തി. ഡോക്ടർ പറഞ്ഞു…ഇനിയുള്ള attack ൽ എനിക്ക് മുത്ത്‌ എടുക്കാൻ കഴിയണം… അവളെ കരയാൻ അനുവദിക്കരുത്. കരയും തോറും ഉള്ളിലേക്ക് കയറി പോകാനുള്ള സാധ്യത ഉണ്ട്. റൗണ്ട് ആയത് കൊണ്ട് കിട്ടിയാലും അതവിടെ കിടന്നു ഉരുളും. അതിനടിൽ കുഞ്ഞിന്റെ നേരിയ ചലനം പോലും എടുക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കും. എനിക്ക് അവളുടെ കരച്ചിലോ വേദനയോ ഒന്നും വിഷയമായിരുന്നില്ല. മുത്ത്‌ എടുക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. ഞാൻ എന്റെ കാല് കൊണ്ട് അവളെ ലോക്ക് ചെയ്തു ഞാൻ എന്റെ സർവ ശക്തിയുമെടുത്തു വേദനിപ്പിച്ചു തന്നെ അവളെ ലോക്ക് ചെയ്തു. ഒരുപക്ഷെ ആദ്യമായിട്ടാണ് അവളെ ഞാൻ ഇങ്ങനെ വേദനിപ്പിക്കുന്നത്. കരച്ചിലിനിയിലും അവളുടെ അമ്മ അവളെ ഇങ്ങനെ വേദനിപ്പിക്കുമെന്ന് വിശ്വസിക്കാനാകാതെ എന്റെ കുഞ്ഞ് എന്റെ മുഖത്തേക്ക് ദയനീയമായി നോക്കി. ആ അറ്റാക്ക് ൽ ഡോക്ടർ മുത്ത്‌ മൂക്കിൽ നിന്നും വലിച്ചെടുത്തു. എന്നിട്ട് അവളോട് ചോദിച്ചു… ഇതെന്തിനാ മോളെ മൂക്കിൽ വച്ചത്? I am sorry ഡോക്ർ….i am sorry. അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു. അമ്മയിലെ വിശ്വാസം അവൾക്കു നഷ്ടപെട്ടത് കൊണ്ടാണോ അവൾ കൂടെ വന്ന പെൺകുട്ടിയുടെ തോളിലേക്ക് ചാഞ്ഞു. പോരുന്ന വഴിയിൽ കൂടെ വന്ന കുട്ടി എന്നോട് പറഞ്ഞു chechi ഇങ്ങനെ panic ആയി നമ്മൾ വല്ലോ accident ൽ പെട്ടിരുന്നെങ്കിലോ. ശരിയാണ്. വീട്ടിൽ എത്തിയപ്പോൾ മറ്റൊരു മുത്ത്‌ കൂടി മുറിയിൽ നിന്നും കിട്ടി. അത് നീട്ടിയിട്ട് ഞാൻ അവളോട് ചോദിച്ചു മുത്ത്‌ വേണോ…മൂക്കിൽ കയറ്റാൻ എന്ന്. അങ്ങനെ ചൈയല്ലെട്ടോ… ചോര വരും… അവൾ എന്നോട് പറഞ്ഞു. ഇന്ന് അന്നത്തെ പോലെ vellore നിന്നും തിരിച്ചു വന്നിട്ട് വീട്ടിലെ ഓരോ പണികളിൽ ആണ് ഞാൻ. മോൻ സ്കൂളിൽ പോയി… അവൾ ഒറ്റയ്ക്ക് കളിച്ചു നടപ്പുണ്ട്….ഇതെഴുതുന്നതും അവളെ പിന്തുടർന്ന് തന്നെയാണ്. ഇടയ്ക്ക് അവൾ എന്നെ കളിയാക്കി എന്നോട് ചോദിക്കും …മുത്ത്‌ വേണോ മൂക്കിൽ കയറ്റാൻ. ”

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.