Malayalam Article

വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തി, സിനിമാ പിന്നണി ഗായകന്‍ അറസ്റ്റില്‍!

വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തിയ കേസില്‍ തമിഴ് പിന്നണി ഗായകന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍. പാലക്കാടാണ് സംഭവം. പാലക്കാട് അഗളി സ്വദേശിയും തമിഴ്നാട് പിന്നണി ഗായകനുമായ രാധാകൃഷ്ണനാണ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. വീട്ടിലെ ചില പ്രശ്‌നങ്ങളും അസ്വാരസ്യങ്ങളും പരിഹരിക്കാനും കുടുംബത്തില്‍ ഐശ്വര്യം വരാനും വേണ്ടിയാണ് തമിഴ്‌നാട്ടിലെ ഒരു സിദ്ധന്റെ വാക്ക് വിശ്വസിച്ച്് രാധാകൃഷ്ണന്‍ വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്.

എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഇതേ സംബന്ധിച്ച് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ചെടിയുടെ വളര്‍ച്ചക്കനുസരിച്ച് ഐശ്വര്യം വരുമെന്നാണ് മന്ത്രവാദി തന്നോട് പറഞ്ഞതെന്നും രാധാകൃഷ്ണന്‍ പറയുന്നു. വീടിന് പിറകിലായി 20 ഗ്രോബാഗുകളിലയാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തി പരിശോധന നടത്തുകയായിരുന്നു.

നാട്ടിലെ തന്നെ ഒരു വ്യക്തിയാണ് രാധാകൃഷ്ണന്‍ വീട്ടില്‍ കഞ്ചാവ് വളര്‍ത്തുന്നതിനെ കുറിച്ച് പോലീസിന് രഹസ്യ വിവരം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട തിരച്ചിലിനിടയിലാണ് 134 സെന്റിമീറ്റര്‍ വരെ നീളമുള്ള കഞ്ചാവ് ചെടികള്‍ ഗായന്റെ വീട്ടില്‍ നിന്ന് ലഭിച്ചത്. മൂന്ന് തമിഴ് സിനിമകളില്‍ പിന്നണി പാടിയ വ്യക്തിയാണ് രാധാകൃഷ്ണന്‍.

കൂടാതെ കവിതകള്‍ എഴുതുകയും ഈണത്തില്‍ ചൊല്ലുകയും ചെയ്യും. കഞ്ചാവ് വീട്ടില്‍ വളര്‍ത്തിയാല്‍ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതോടെയാണ് പച്ചക്കറി ചെടികള്‍ക്ക് പകരം കഞ്ചാവ് ചെടി 20 ഗ്രോബാഗുകളിലായി വളര്‍ത്തിയത്.

Nikhina