‘എന്റെ വാക്കുകള്‍ ചിലരെ വേദനിപ്പിച്ചു, ആ വീഡിയോയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കരുത്’; രഞ്ജിനി ജോസ്

മലയാളികള്‍ക്ക് ഏറെ സുപരിചിതരായ ഗായികയാണ് രഞ്ജിനി ജോസ്. ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് രഞ്ജിനി. തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വ്യാജവാര്‍ത്തകള്‍ക്ക് എതിരെ പ്രതികരിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. സഹോദരിയായി…

മലയാളികള്‍ക്ക് ഏറെ സുപരിചിതരായ ഗായികയാണ് രഞ്ജിനി ജോസ്. ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് രഞ്ജിനി. തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വ്യാജവാര്‍ത്തകള്‍ക്ക് എതിരെ പ്രതികരിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. സഹോദരിയായി കാണുന്ന സുഹൃത്തിനെ ചേര്‍ത്തും ചേട്ടനെ പോലെ കാണുന്ന സുഹൃത്തിനെ ചേര്‍ത്തുമൊക്കെ തന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കുകയാണെന്നും ഇത്തരത്തിലുള്ള പ്രവണത തുടര്‍ന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കും എന്നുമായിരുന്നു രഞ്ജിനി പറഞ്ഞത്.

എന്നാല്‍ താന്‍ സ്വവര്‍ഗാനുരാഗിയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയിലെ ചില പരാമര്‍ശങ്ങള്‍ എല്‍ജിബിടിക്യു കമ്യൂണിറ്റിയിലുള്ളവരെ വേദനിപ്പിച്ചു എന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നിയെന്ന് വ്യക്തമാക്കിയാണ് രഞ്ജിനി ജോസ് വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം താന്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്തുണ അറിയിച്ച എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദിയെന്നും ഇത്രയധികം തന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആളുകളുണ്ടെന്ന് തനിക്ക് മനസ്സിലായത് ഇപ്പോഴാണെന്നും രഞ്ജിനി പറയുന്നു. എല്ലാവരും പറഞ്ഞത് ഈ വിഷയത്തെ നിയമപരമായി നേരിടണം എന്നാണെന്നും അതുകൊണ്ട് തന്നെ കാര്യങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും രഞ്ജിനി വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം ഞാന്‍ പങ്കുവെച്ച വീഡിയോയിലെ കാര്യങ്ങള്‍ പലരും തെറ്റിദ്ധരിച്ചു. ആ സമയം ദേഷ്യത്തോടെ പങ്കുവെച്ച വീഡിയോ ആയിരുന്നു അത്. എന്തുകൊണ്ട് ഞങ്ങളെ ലെസ്ബിയന്‍സ് എന്ന് വിളിക്കുന്നു എന്ന് ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ അത് എല്‍ജിബിടിക്യു കമ്യൂണിറ്റിയിലുള്ളവര്‍ക്ക് ബുദ്ധിമുട്ട് ആയി എന്ന് പലരും പറഞ്ഞ് അറിഞ്ഞു. പക്ഷെ ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഒന്നും തന്നെ കമ്യൂണിറ്റിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല. എന്റെ സുഹൃത്ത് ബന്ധങ്ങളിലുള്ളവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളുണ്ട്, അവരെ അങ്ങനെ തന്നെയാണ് സ്വീകരിക്കുന്നതും. എല്‍ജിബിടിക്യു എന്ന കമ്യൂണിറ്റിയെക്കുറിച്ച് ഇന്നലെ കേട്ട ആളല്ല ഞാന്‍. വര്‍ഷങ്ങളായി ആ കമ്യൂണിറ്റിയിലുള്ളവരുമായി എനിക്ക് സൗഹൃദമുണ്ട്. എന്റെ ജീവിതത്തിലേക്ക് വരുന്നവരെ, അവര്‍ എങ്ങനെയാണോ അതുപോലെ തന്നെ അംഗീകരിക്കുന്ന ബഹുമാനിക്കുന്ന ആള്‍ കൂടിയാണ് ഞാന്‍. അവരെ അങ്ങേയറ്റം ഞാന്‍ പിന്തുണയ്ക്കാറുമുണ്ട്’ എന്നായിരുന്നു രഞ്ജിനിയുടെ വാക്കുകള്‍.

എല്‍ജിബിടിക്യു കമ്യൂണിറ്റിയെ ഒരു തരത്തിലും മോശമാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും അച്ഛനെ പോലെയും ചേട്ടനെ പോലെയും സഹോദരിയെ പോലെയും ഒക്കെ കാണുന്നവരെ കുറിച്ച് തങ്ങളുടെ പേര് ചേര്‍ത്ത് പറഞ്ഞാല്‍ ഈ കമ്യൂണിറ്റിയിലുള്ളവര്‍ക്ക് പോലും വിഷമം വരില്ലേ, പ്രതികരിക്കില്ലേ, അത്രയേ താനും ചെയ്തിട്ടുള്ളൂ എന്നും അതുകൊണ്ട് ആരും വേദനിക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്യരുതെന്നും രഞ്ജിനി പറഞ്ഞു. ദേഷ്യം മനുഷ്യ സഹജമാണെന്നും എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തില്‍ എടുത്ത വീഡിയോ ആയിരുന്നില്ല താന്‍ പങ്കുവെച്ചതെന്നും തനിക്ക് ദേഷ്യം വന്നപ്പോള്‍, ദേഷ്യത്തോടെ പറഞ്ഞതാണ്. അതിന്റെ പേരില്‍ ആ വീഡിയോയില്‍ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിക്കരുത് എന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.