സെല്‍ഫി എടുക്കണമെന്ന ആരാധകരുടെ ആവശ്യം പരിഗണിക്കാത്തതിന് നടി അനുപമ പരമേശ്വരന്റെ കാറിന്റെ ടയറുകള്‍ ആരാധകര്‍ ഊരിമാറ്റി. തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കാഡാഡയില്‍ പി.പി.ആര്‍ ഷോപ്പിങ് മാള്‍ ഉദ്ഘാടനത്തിന് നടി എത്തിയപ്പോഴാണ് സംഭവം. കാറിന്റെ ടയറുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മടക്ക യാത്രയ്ക്ക് ബുദ്ധിമുട്ടിയ നടിക്ക് ഷോപ്പിങ് മാള്‍ ഉടമ മറ്റൊരു കാര്‍ നല്‍കി തിരികെ അയക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മാള്‍ ഉദ്ഘാടനത്തിന് എത്തിയ അനുപമയെ കാണാന്‍ നാട്ടുകാരും ആരാധകരും വേദിയ്ക്ക് ചുറ്റുംകൂടി. മാള്‍ ഉദ്ഘാടനം ചെയ്ത അനുപമ വേദിയില്‍ നിന്നു കൊണ്ട് ആരാധകരോട് സംസാരിക്കുകയും സന്തോഷം പങ്കു വയ്ക്കുകയും ചെയ്തു. ഇതോടെ ആവേശത്തിലായ ആരാധകര്‍ താരത്തിനൊപ്പം നിന്ന് ചിത്രം പകര്‍ത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു.
എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം ഹൈദരാബാദിലേയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്ന അനുപമ മടങ്ങി പോകാന്‍ തിരക്കുകൂട്ടി. ഇത് ആരാധകരില്‍ ചിലരെ ചൊടിപ്പിക്കുകയും, താരത്തെ പിടിച്ച് നിര്‍ത്തുന്നിതിനായി നടി അറിയാതെ അവരുടെ കാറിന്റെ ടയറുകള്‍ ഊരി മാറ്റുകയുമായിരുന്നു. ഇതോടെ ഹൈദരാബാദിലേയ്ക്ക് മടങ്ങാന്‍ തുടങ്ങിയ അനുപമ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി.
വിഷയം ശ്രദ്ധയില്‍പെട്ട മാള്‍ ജീവനക്കാന്‍ ഇക്കാര്യം മാനേജുമെന്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാള്‍ അധികൃതര്‍ നടിക്ക് മടങ്ങുന്നതിന് യാത്രാ സൗകര്യം ഒരുക്കി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവടുവെച്ച അനുപമ, തമിഴ് തെലുങ്ക് ഭാഷകളില്‍ തന്റെ കരിയര്‍ കെട്ടിപ്പടുക്കുകയാണ്.
മലയാളത്തിന് പുറമേ തെലുങ്ക് സിനിമയില്‍ സജീവമായ അനുപമയുടെ പേരില്‍ പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. ഇന്ത്യയിലെ പ്രശസ്ത ക്രിക്കറ്റ് താരത്തിന്റെ പേരിനൊപ്പം പ്രചരിച്ച വാര്‍ത്തകള്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.
മേരി എന്ന ഒറ്റ കഥാ പാത്രത്തിലൂടെ മലയാളി യുവക്കളുടെ മനസിലേക്കെത്തിയ അനുപമയ്ക്ക് ആദ്യ ഒന്ന് രണ്ട് സിനിമകള്‍ക്ക് ശേഷം മലയാളത്തില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ് തെലുങ്ക് സിനിമയില്‍ താരം നടി സജീവ മായിരിക്കുന്നത്. ചുരുണ്ട മുടിയുണ്ടായിരുന്ന അനുപമയിപ്പോള്‍ ഗ്ലാമര്‍ ലുക്കിലാണ് തെലുങ്കില്‍ അഭിനയിക്കുന്നത്. പ്രേമത്തിലെ മേരിയായി എത്തിയ അനുപമയെ മുടിയുടെ ലുക്കുകൊണ്ടു തന്നെ ഏറെ അത്ഭുതത്തോടെയാണ് മലയാളികള്‍ കണ്ടിരുന്നത്.
