Malayalam Article

ഈ പരാതി ഞാന്‍ ആരോട് പറയണം: കാന്‍സര്‍ ബാധിതയായ മകളെ ചികിത്സിക്കാന്‍ തിരുവനന്തപുരത്ത് എത്തിയ പിതാവിന്റെ കുറിപ്പ് വൈറലാകുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ചികിത്സാ സംവിധാനങ്ങളില്‍ അടിയന്തിര വിഭാഗത്തില്‍ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് തിരുവനന്തപുരം ആര്‍.സി.സി. ചിലവ് കൂടിയ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് സംസ്ഥാനത്തെ പാവപ്പെട്ട ലക്ഷക്കണക്കിന് കുടുംബംഗങ്ങള്‍ ആശ്രയിക്കുന്ന ആശുപത്രി. കാസര്‍കോഡ് മുതലുള്ള ആയിരക്കണക്കിന് രോഗികള്‍ വിവധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന ചികിത്സാ കേന്ദ്രം. ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ എത്രത്തോളം മികച്ചതാണെങ്കിലും ആശുപത്രിയുമായി സഹരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് സേവനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെലങ്കില്‍ സാധാരണക്കാര്‍ വലഞ്ഞുപോവുക തന്നെചെയ്യും. ഇത്തരത്തില്‍ തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് ലിബിന്‍ എന്ന ചെറുപ്പക്കാരന്‍.

പത്തനംതിട്ട റാന്നിയില്‍ നിന്നും മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം ആര്‍.സി.സിയില്‍ എത്തിയ തനിക്ക് വളരെ മോശപ്പെട്ട അനുഭവം ഉണ്ടായതായും, ആരോടാണ് ഞാന്‍ ഈ പരാതി പറയേണ്ടതെന്നും ലിബിന്‍ ചോദിക്കുന്നു. തന്റെ അനുഭവവുമായി ബന്ധപ്പെട്ട് ലിബിന്‍ പങ്കുവെച്ച കുറിപ്പ് ‘ട്രിവാന്‍ഡ്രം, ലെറ്റ്‌സ് മെയ്ക്ക് ഔര്‍ സിറ്റി ബെസ്റ്റ്’ എന്ന പേജ് റീ പോസ്റ്റ് ചെയ്തതില്‍നിന്നും.

‘ഈ_പരാതി_ആരോട്_പറയണം ?
13/4/22
സംഭവം നടന്നത്:-
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍..
മാക്‌സിമം ഷെയര്‍ ചെയ്യുമെന്ന് കരുതുന്നു..
എന്റെ പേര് ലിബിന്‍ എന്നാണ്.. എന്റെ സ്ഥലം റാന്നിയില്‍ ആണ്.. എന്റെ മകള്‍ തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്.. ഇന്ന് അപ്രതീക്ഷിതമായി എന്റെ കുഞ്ഞിന് പെട്ടെന്ന് വയറു വേദന മൂലം റാന്നിയില്‍ നിന്നും ആംബുലന്‍സില്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ വന്നു. ഡോക്ടര്‍മാരെല്ലാം ചെക്ക് ചെയ്തു കഴിഞ്ഞ്,, കുറച്ച് മരുന്നിന് വേണ്ടി എഴുതി തന്നു… അതില്‍ പ്രധാനപ്പെട്ട ഒരു ഇഞ്ചക്ഷന്‍ വെളിയില്‍ നിന്നും വാങ്ങാന്‍ ഉണ്ടായിരുന്നു…

ഞങ്ങളുടെ കയ്യില്‍ വണ്ടി ഇല്ലാത്തത് കാരണം ഓട്ടോ നോക്കി ഒന്നും കിട്ടിയില്ല… മരുന്ന് വാങ്ങി തിരിച്ച് ഓട്ടോ സ്റ്റാന്‍ഡില്‍ ചെന്നു മെഡിക്കല്‍ കോളജ് കവാടത്തിനു മുന്നില്‍, 6 ഓട്ടോറിക്ഷ കിടപ്പുണ്ടായിരുന്നു.. ചേട്ടാ ആര്‍സിസി-ലോട്ട് പെട്ടെന്ന് ഒരു മരുന്ന് കൊണ്ട് കൊടുക്കണം ഒരു ഓട്ടം വരാമോ എന്ന് ചോദിച്ചു… അവര്‍ വരാന്‍ തയ്യാറായില്ല.. അവര്‍ പറയുന്നത് 30 രൂപ ഓട്ടത്തിന് 50 രൂപ പെട്രോള്‍ ചാര്‍ജ് ആകുമെന്ന്.. അതുമാത്രമല്ല അവിടെ മുഴുവന്‍ ബ്ലോക്ക് ആണ് എനിക്ക് വരാന്‍ പറ്റില്ല എന്ന് പറഞ്ഞു.. അതേസമയം എന്റെ തൊട്ടപ്പുറത്ത് വന്ന ആള് ദൂരെ ഒരു സ്ഥലത്ത് പോകാന്‍ വേണ്ടി ഓട്ടം വിളിച്ചപ്പോള്‍ അവര്‍ പോവുകയും ചെയ്തു..

ഞാന്‍ കുറെ പറഞ്ഞു നോക്കി അവര്‍ സമ്മതിച്ചില്ല.. കുറെ കഷ്ടപ്പെട്ടാണ് ആ മഴയത്ത് ഞാന്‍ കുഞ്ഞിനുവേണ്ടി മരുന്നുകള്‍ കൊണ്ട് കൊടുത്തത്…
അധികാരികള്‍ ഈ വിഷയം ശ്രദ്ധിക്കപ്പെട്ടാല്‍ ഇതിനെതിരായി നടപടി എടുക്കണം.
വേറെ 4 വണ്ടികള്‍ ഉണ്ടായിരുന്നു, അതും വേറെ ഓട്ടം പോയി…
മെഡിക്കല്‍ കോളേജാണ്…. പല സവാരികള്‍ക്കും ജീവന്റെ വില കാണും….
ഓട്ടോ ഡ്രൈവര്‍മാര്‍ ഓര്‍ക്കുന്നത് നല്ലതാണ്…’

കടപ്പാട്: ഫെയ്‌സ്ബുക്ക് കൂട്ടായ്മ ‘ട്രിവാന്‍ഡ്രം, ലെറ്റ്‌സ് മെയ്ക്ക് ഔര്‍ സിറ്റി ബെസ്റ്റ’

Vishnu