‘നീരുവന്ന് തടിച്ച കാലുകള്‍’; ഗര്‍ഭകാലം അത്ര മനോഹരമല്ലെന്ന് സോനം കപൂര്‍

ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊരാളാണ് സോനം കപൂര്‍. നടിയെന്നതിലുപരി മോഡലും കൂടിയാണ് താരം. പുതുമയും വ്യത്യസ്തതയുമാര്‍ന്ന ഫാഷനുകളുമായി താരം രംഗപ്രവേശം ചെയ്യാറുണ്ട്. അതിനാല്‍ തന്നെ റെഡ്കാര്‍പറ്റുകളിലെ മിന്നും താരമാണ് സോനം. 2018ലായിരുന്നു താരത്തിന്റെ വിവാഹം. ബിസിനസുകാരനായ ആനന്ദ് അഹുജയാണ് ഭര്‍ത്താവ്. ഈ വര്‍ഷം മാര്‍ച്ചിലാണ് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം സോനം ആരാധകരെ അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടി ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ സോനം ഇപ്പോള്‍ തന്റെ ഗര്‍ഭകാലത്തെ അനുഭവങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ താരത്തിന്റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗര്‍ഭിണിയായിരിക്കെ തനിക്ക് വന്ന ശാരീരിക ബുദ്ധിമുട്ടുകളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നീര് വന്ന തടിച്ച കാലുകളുടെ ഫോട്ടോയാണ് സോനം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗര്‍ഭകാലം അത്ര മനോഹരമല്ലെന്നും സോനം ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.ഗര്‍ഭകാലത്തെ ശാരീരിക പ്രശ്‌നങ്ങളെ പറ്റി നേരത്തെ സോനം തുറന്നു പറഞ്ഞിരുന്നു. ഗര്‍ഭിണിയായി ആദ്യത്തെ മൂന്ന് മാസം വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ഗര്‍ഭകാലം എത്ര ബുദ്ധിമുട്ടേറിയതാണെന്ന് ആരും പറഞ്ഞ് തരില്ല. അത് എത്ര മനോഹരമാണെന്നേ എല്ലാവരും പറയൂ എന്നും താരം ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ ദിവസവും തന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണെന്നും ഉറക്കത്തിന്റെ സമയക്രമം തെറ്റിയെന്നും അര്‍ധരാത്രിക്ക് വരെ ചിലപ്പോള്‍ ബാത്ത്‌റൂമില്‍ പോവേണ്ടി വരുമെന്നുമൊക്കെയാണ് സോനം പറഞ്ഞത്. എന്നാല്‍, ഈ മാറ്റങ്ങള്‍ സംഭവിക്കുമ്പോഴും തന്റെ ശരീരത്തെ ഇതിന് മുമ്പ് താനിത്രയും സ്‌നേഹിച്ചിട്ടില്ലെന്നും സോനം തുറന്നു പറഞ്ഞു.

ഗര്‍ഭിണിയായ ശേഷം താന്‍ കഴിക്കുന്ന ഭക്ഷണത്തിലും മേക്കപ്പുകളിലുമൊക്കെ വളരെ ശ്രദ്ധയുണ്ട്. ഇത് രണ്ടും ജനിക്കാന്‍ പോവുന്ന കുഞ്ഞിനെ നേരിട്ട് ബാധിക്കുന്നതാണെന്നും അതിനാല്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ മാത്രമാണ് ഇപ്പോള്‍ താന്‍ ഉപയോഗിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. ക്രൈം ത്രില്ലറായ ബ്ലൈന്‍ഡ് ആണ് സോനത്തിന്റെ പുറത്തിറങ്ങാനുള്ള സിനിമ. അന്ധയായ പെണ്‍കുട്ടിയുടെ വേഷത്തിലാണ് സോനം ഈ സിനിമയില്‍ എത്തുന്നത്.