സോനം കപൂറിന്റെ വീട്ടിലെ മോഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്: നഷ്ടമായത് 2.4 കോടി രൂപയുടെ സ്വര്‍ണവും പണവും

നടി സോനം കൂപറിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ സംശയത്തിന്റെ മുന പലരിലേയ്ക്ക് നീണ്ടിരുന്നെങ്കിലും ഒടുവില്‍ പ്രതികള്‍ പിടിയിലായതായി പോലീസ് വ്യക്തമാക്കി. സോനം കപൂറിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന നഴ്‌സ് ആണ് പിടിയിലായത്.…

നടി സോനം കൂപറിന്റെ വീട്ടില്‍ നടന്ന മോഷണത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ സംശയത്തിന്റെ മുന പലരിലേയ്ക്ക് നീണ്ടിരുന്നെങ്കിലും ഒടുവില്‍ പ്രതികള്‍ പിടിയിലായതായി പോലീസ് വ്യക്തമാക്കി. സോനം കപൂറിന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന നഴ്‌സ് ആണ് പിടിയിലായത്. മോഷണത്തിന് നഴ്‌സിനെ സഹായിച്ച ഇവരുടെ ഭര്‍ത്താവും പിടിയിലായി. 2.4 കോടി രൂപ മൂല്യമുള്ള സ്വര്‍ണങ്ങളും പണവുമാണ് നഷ്ടമായത് എന്നാണ് വിവരം. എന്നാല്‍ നഷ്ടപ്പെട്ട മോഷണ മുതല്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിന് ആയിട്ടില്ല.

നഴ്‌സ് ആയ അപര്‍ണ റൂത്ത് വില്‍സണ്‍, ഭര്‍ത്താവും സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്തുവന്നിരുന്ന നരേഷ് കുമാര്‍ സാഗര്‍ എന്ന ആളുമാണ് പിടിയിലായത്. സോനം കപൂറിന്റെ ഭര്‍ത്താവിന്റെ അമ്മയെ ശുശ്രൂഷിക്കാനായി നിയമിച്ചതായിരുന്നു അപര്‍ണ റൂത്ത് വില്‍സണിനെ.

ഫെബ്രുവരി 11ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആ മാസം 23ന് നടി തുഗ്ലക്ക് റോഡ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചെങ്കിലും പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഡല്‍ഹി സ്‌പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു എന്നാണ് വിവരം. ഒപ്പം ക്രൈം ബ്രാഞ്ചും സമാന്തരമായി കേസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഇരു വിഭാഗങ്ങളും ചൊവ്വാഴ്ച സരിത വിഹാറില്‍ നടത്തിയ റെയ്ഡില്‍ അപര്‍ണയും ഭര്‍ത്താവും അറസ്റ്റിലാവുകയായിരുന്നു.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ചിലര്‍ ആരോപിക്കുന്നത്. കേസിന് ആസ്പദമായ മോഷണം നടന്നിട്ട് കുറഞ്ഞത് പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് നടി പോലീസില്‍ പരാതി നല്‍കിയത്. വീടുമായി ബന്ധപ്പെട്ടവരെ തുഗ്ലക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താനായില്ല. ഇതോടെ പോലീസിന് സമ്മര്‍ദ്ദം കൂടുകയും ഡല്‍ഹി സ്‌പെഷ്യല്‍ സ്റ്റാഫ് കേസ് ഏറ്റെടുക്കുകയുമാണ് ചെയ്തത്.

എന്നിട്ടും പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് സമാന്തര അന്വേഷണം ആരംഭിച്ചതെന്ന് ചിലര്‍ ആരോപിക്കുന്നു. ഈ അന്വേഷണവും ഫലം കാണാതെ വന്നപ്പോള്‍ പോലീസ് കെട്ടിച്ചമച്ച് ഉണ്ടാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നഴ്‌സിനെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അറസ്റ്റ് നടന്നിട്ടും ഇത്രവലിയ തുകയുടെ മോഷണ വസ്തുക്കള്‍ പോലീസിന് കണ്ടെത്താനാവാത്തത് കേസ് കെട്ടിച്ചമച്ചത് ആയതുകൊണ്ടാണെന്നാണ് പ്രതികളുടെ ബന്ധുക്കളുടെ വാദം. അതേസമയം മോഷണ മുതലില്‍ പണം എത്രത്തോളമുണ്ടെന്ന കൃത്യമായ കണക്കുകള്‍ പരസ്യപ്പെടുത്താത്തതും സംശയം ഉയര്‍ത്തുന്നുണ്ട്.

 

രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ പണം കയ്യില്‍ സൂക്ഷിക്കുന്നത് നിയമ വിരുദ്ധം ആണെന്നിരിക്കെ നഷ്ടപ്പെട്ട തുകയില്‍ കള്ളപ്പണം ഉള്‍പ്പെട്ടിരിക്കാമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് സോനം കപൂര്‍ തയ്യാറായിട്ടില്ല. നഴ്‌സിനെ വെറുതെ അറസ്റ്റ് ചെയ്യിപ്പിക്കേണ്ട ആവശ്യം നടിക്കും കുടുംബത്തിനും ഇല്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്തുതന്നെ ആണെങ്കിലും മോഷണ മുതല്‍ കണ്ടെത്തുംവരെ ദൂരൂഹത തുടരുമെന്നാണ് ബോളിവുഡിലെ സംസാരം.