‘ബന്ധങ്ങളുടെ പുറത്ത് കഥ പോലും കേട്ടിരുന്നില്ല, മോശം വേഷങ്ങള്‍ അധികമായി’; വിമര്‍ശങ്ങളെക്കുറിച്ച് സൗബിന്‍ ഷാഹിര്‍

ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായൊരു ഇടം കണ്ടെത്തിയ നടനാണ് സൗബിന്‍ ഷാഹിര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സംവിധായകനും കൂടിയായ സൗബിന്‍. വിമര്‍ശനങ്ങളെ ഗുണപരമായി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാനാണ് തീരുമാനമെന്നാണ് സൗബിന്‍ വ്യക്തമാക്കിയത്. സിനിമകള്‍ തെരഞ്ഞെടുക്കേണ്ട കാര്യത്തില്‍ കൂടുതല്‍ സെലക്ടീവ് ആകേണ്ട സമയമായെന്നും ബന്ധങ്ങളുടെ പുറത്ത് കഥ പോലും കേള്‍ക്കാതെയാണ് പല സിനിമകളിലും താന്‍ അഭിനയിച്ചതെന്നും സൗബിന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ അധികം ശ്രദ്ധിക്കാറില്ലെന്നും താന്‍ കുറച്ചധികം സോഫ്റ്റ് ആയതുകൊണ്ട് ചിലപ്പോള്‍ അതെല്ലാം കണ്ടാല്‍ വിഷമം തോന്നുമെന്നും വിമര്‍ശനങ്ങളിലെ നല്ല വശങ്ങള്‍ നോക്കാറാണ് താന്‍ ചെയ്യുന്നതെന്നും വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടേണ്ട സമയമായി എന്നാണ് കരുതുന്നതെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു.‘അഭിനയത്തില്‍ തുടക്കക്കാരനായതു കൊണ്ട് സെലക്ടീവ് ആവേണ്ട അവസ്ഥയിലേക്ക് എത്തിയിരുന്നില്ല. സുഹൃത്തുക്കളുടെ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. അഭിപ്രായങ്ങള്‍ പറയാന്‍ പറ്റാത്ത സംവിധായകരുടെ സിനിമകളിലാണ് വിമര്‍ശിക്കപ്പെടുന്ന റോളുകള്‍ ചെയ്യേണ്ടി വന്നത്’- സൗബിന്‍ പറഞ്ഞു.

തന്റെ പതിനേഴാം വയസുമുതല്‍ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും അതുകൊണ്ട് ഗുരുസ്ഥാനത്തും ജ്യേഷ്ഠ സ്ഥാനത്തുമെല്ലാം നില്‍ക്കുന്ന നിരവധി പേര്‍ സുഹൃത്തുക്കളായുണ്ടെന്നും അവര്‍ അവരുടെ പടത്തിലേക്ക് വിളിക്കുമ്പോള്‍ കഥ പൂര്‍ണമായി കേള്‍ക്കാതെ തന്നെ പോകാറുണ്ടെന്നും അവരുടെ അടുത്ത് നോ പറയുക എന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നും സൗബിന്‍ പറഞ്ഞു. ‘തിരക്കാണ് എന്ന് അവരുടെ അടുത്ത് പറയാന്‍ കഴിയില്ല. കാരണം, ഞാന്‍ ഫ്രീ ആണെന്ന് അവര്‍ക്കും അറിയാം. ഏതായാലും ഇനി മുതല്‍ കഥ പൂര്‍ണമായി കേള്‍ക്കാം, കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാം. അങ്ങനെ സെലക്ടീവ് ആകാം എന്നാണ് കരുതുന്നത്’ സൗബിന്‍ പറഞ്ഞു.

 

Aswathy