# 28 വര്‍ഷത്തെ കാത്തിരിപ്പ്; ദേശീയ ​ഗെയിംസ് ഫുട്ബോളിൽ കേരളം ജേതാക്കൾ

- Link: https://ml.b4blaze.com/sports-news/after-28-years-of-waiting-kerala-wins-national-games-football
- Published: 2025-02-08T11:42:11+05:30
- Author: Sruthi S

ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ കേരളം ചാംപ്യന്മാര്‍. 28 വർഷങ്ങളുടെ ഇടവേളയ്ക്ക് 
ശേഷമാണ് ദേശീയ ​ഗെയിംസിൽ കേരളത്തിന്റെ ഫുട്ബോൾ സംഘം ചരിത്രം കുറിക്കുന്നത്. ദേശീയ ഗെയിംസ്
ഫുട്ബോളില്‍ കേരളത്തിന്റെ മൂന്നാംസ്വര്‍ണമാണിത്. പത്തുപേരായി ചുരുങ്ങിയിട്ടും ഉത്തരാഖണ്ഡ‍ിനെ
എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചാണ് കേരളം സ്വർണത്തിൽ മുത്തമിട്ടത്. 53–ാം മിനിറ്റിൽ
എസ് ഗോകുലാണ് കേരളത്തിന്റെ വിജയ​ഗോൾ നേടിയത്.

ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉത്തരാഖണ്ഡ്
ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍
ലക്ഷ്യം കണ്ടത്.  76-ാം മിനിറ്റിലാണ് കേരളത്തിന് ശക്തമായ തിരിച്ചടി ലഭിച്ചത്. കേരളത്തിന്റെ
സഫ്‍വാൻ ചുവപ്പു കാർഡ് കണ്ടു പുറത്തായി. ഇതോടെ 10 പേരുമായി അവശേഷിച്ച സമയം പ്രതിരോധിക്കണമെന്ന
നിലയിലായി കേരളം. അവസാന 14 മിനിറ്റും ഒമ്പത് മിനിറ്റ് നീണ്ട ഇഞ്ച്വറി ടൈമും ​ഗോൾ വഴങ്ങാതെ
കേരളം പ്രതിരോധിച്ചു. ഒടുവിൽ റഫറിയുടെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ കേരളം സുവർണ നേട്ടം
സ്വന്തമാക്കി.

1997-ലാണ് അവസാനമായി കേരളം ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത്. 2022-ല്‍ 
വെള്ളിയും കഴിഞ്ഞതവണ വെങ്കലവും നേടിയിരുന്നു.
