മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. കഴിഞ്ഞ ദിവസം തന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം പങ്കുവെച്ച വേദനാജനകമായ കുറിപ്പ് ആരാധകര്‍ക്കിടയില്‍ വിഷമം തീര്‍ത്തിരുന്നു. ഞാന്‍ എന്റെ ജന്മദിനം ആഘോഷിക്കാറില്ലെന്നും എന്റെ മകനായിരുന്നു എന്റെ ആഘോഷം എന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. 2009 മാര്‍ച്ച് 20 നാണ് ശ്രീകുമാരന്‍ തമ്പിയുടെ മകന് രാജ്കുമാര് തമ്പിയെ സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്തെ തെലുങ്ക് ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു മരണം.
ഇപ്പോഴിതാ മകന്റെ മരണം താന്‍ അറിയാതെ പോയതും എന്നാല്‍ ചില അസാധാരണ നിമിഷങ്ങള്‍ അന്ന് തനിക്ക് മുന്പില് ഉണ്ടായതിനേയും കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മകന്റെ വേര്‍പാടിനെ കുറിച്ച് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത് മകന് മരിച്ചപ്പോള്‍ യഥാര്‍ഥത്തില്‍ താനും മരിച്ചെന്നാണ്. ‘ലോകത്തില്‍ ഒരു അച്ഛന്റെയും ജീവിതത്തിലുണ്ടാകാത്ത കാര്യമാണ് ഞാന്‍ അനുഭവിച്ചത്. മകന്റെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ടെലിവിഷനില്‍ വാര്‍ത്ത വന്നപ്പോഴാണ് ഞാന്‍ മരണവിവരം അറിഞ്ഞത്.
ആ ദ്രോഹികള്‍ എന്നോട് പറഞ്ഞില്ല. അന്നും ഞാന്‍ പതിവുപോലെ ക്ഷേത്രത്തില്‍ പോയി അവന് വേണ്ടി പ്രാര്‍ഥിച്ചു. അവന് സംവിധാനം ചെയ്ത മൂന്നാമത്തെ തെലുങ്ക് സിനിമ റിലീസ് ചെയ്യുന്ന ദിവസമായിരുന്നു അന്ന്. അവന് വേണ്ടി ഞാന്‍ പ്രത്യേക വഴിപാട് കഴിപ്പിച്ചു. മകന് വേണ്ടിയാണ് അര്‍ച്ചന നടത്തുന്നതെന്നു ഞാന്‍ പൂജാരിയോടു പറഞ്ഞിരുന്നു.
അദ്ദേഹം പ്രസാദം എന്റെ കയ്യിലേക്ക് നല്കിയപ്പോള് അത് പെട്ടെന്ന് താഴെ വീണു ചിതറിപ്പോയി. അങ്ങനൊരു അപൂര്‍വ സംഭവം ഉണ്ടായപ്പോള്‍ എനിക്കു വലിയ വിഷമം തോന്നി…വീട്ടിലെത്തി ടെലിവിഷന്‍ തുറന്നപ്പോഴാണ് മകന്റെ മരണവാര്‍ത്ത അറിഞ്ഞത്.. എന്റെ ഏറ്റവും വലിയ ആഘോഷം അവസാനിപ്പിച്ച ആ കാലത്തോട് എനിക്ക് സ്നേഹവും നന്ദിയുമില്ല… എന്നും അദ്ദേഹം പറഞ്ഞിരുന്നു.