ശ്രീനാഥ് ഭാസിക്ക് വിലക്ക്, കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍

ചട്ടമ്പി സിനിമയുടെ പ്രമോഷനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ താല്‍ക്കാലിക വിലക്ക്. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നു നിര്‍മാതാക്കളുടെ സംഘടന…

ചട്ടമ്പി സിനിമയുടെ പ്രമോഷനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ താല്‍ക്കാലിക വിലക്ക്. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നു നിര്‍മാതാക്കളുടെ സംഘടന പ്രതികരിച്ചു. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടും. ശ്രീനാഥിനെതിരായ കേസില്‍ ഒരു തരത്തിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.

പരാതിക്കാരിയായ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ വിളിച്ചുവരുത്തി സംഘടന വിശദീകരണം തേടിയിരുന്നു. മരട് പൊലീസിനൊപ്പം തന്നെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും അവതാരക പരാതി നല്‍കിയിരുന്നു. ഇതു പ്രകാരം നടനോട് ഹാജരാവാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് താരം അസോസിയേഷന്റെ കൊച്ചിയിലെ ഓഫീസില്‍ ഹാജരായി. ആന്റോ ജോസഫ്, രഞ്ജിത്ത് അടക്കമുള്ള ഭാരവാഹികള്‍ക്ക് മുന്നിലാണ് ശ്രീനാഥ് ഭാസി ഹാജരായത്.

ചട്ടമ്പി സിനിമയുടെ നിര്‍മാതാവിന്റെ കൂടി ആവശ്യം കൂടി പരിഗണിച്ചാണ് ശ്രീനാഥ് ഭാസിയില്‍ നിന്ന് വിശദീകരണം തേടാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. ഇതോടൊപ്പം പരാതിക്കാരിയോടും സിനിമാ നിര്‍മാതാവിനോടും പി.ആര്‍ ചുമതലയുള്ള ആളോടും ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മറ്റു മൂന്നു പേര്‍ എത്തിയില്ല. വിശദീകരണം നല്‍കാന്‍ ശ്രീനാഥ് ഭാസി എത്തിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോവാനായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. എന്നാല്‍ ശ്രീനാഥ് ഭാസി താരസംഘടനയായ എ.എം.എം.എയില്‍ അംഗമല്ല. അതിനാല്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല.

cropped-Sreenath-Bhasi-3.jpg

‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയില്‍ ആരോപിക്കുന്നത്. വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിട്ടുണ്ട്.പരാതിയില്‍ ചോദ്യം ചെയ്യലിനെത്തിയ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍, പൊതുസ്ഥലത്ത് അസഭ്യം പറയുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. തുടര്‍ന്ന് നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

അതേസമയം, അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കുകയാണ് പോലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്ക് അയച്ചു.