നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസില്‍ സ്റ്റേ. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു…

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസില്‍ സ്റ്റേ. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് മോശമായി പെരുമാറി എന്നായിരുന്നു ശ്രീനാഥ് ഭാസിക്കെതിരായ കേസ്. നടനെതിരേയുള്ള പരാതി പിന്‍വലിക്കുമെന്നറിയിച്ച് അവതാരക വ്യക്തമാക്കിയതോടെയാണ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ക്ഷമാപണം നടത്തിയതിനെത്തുടര്‍ന്ന് നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.

രണ്ട് ദിവസം മുമ്പ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് ഓണ്‍ലൈന്‍ അവതാരക പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിന്‍വലിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു. പരാതി പിന്‍വലിക്കുകയാണെന്നു കാട്ടി കോടതിക്കു നല്‍കാനുള്ള ഹര്‍ജിയില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഒപ്പിട്ടു നല്‍കി.

നിര്‍മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂര്‍ത്തിയാക്കാന്‍ അനുവദിച്ചുകൊണ്ടായിരുന്നു ഈ നടപടി. അവതാരകയുടെ പരാതിയില്‍ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.

പിന്നാലെ അഭിമുഖം നടക്കുമ്പോള്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ അന്വേഷണസംഘം താരത്തിന്റെ മുടി, നഖം, രക്തം എന്ന സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചിരുന്നു. അതിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഇത്തരത്തില്‍ അഭിമുഖം എടുക്കുന്നവരെ തുടര്‍ച്ചയായി നടന്‍ അപമാനിച്ചിട്ടുള്ളതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.