’50 കോടി കഴിഞ്ഞോ? എവിടെ നിന്നാണ് ഈ റിപ്പോര്‍ട്ട് വരുന്നതെന്ന് സുപ്രിയ

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതേസമയം പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്.

അമ്പത് കോടിയലിധികം രൂപ ആണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകളോട് നിര്‍മ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘എവിടെ നിന്നാണ് ഈ റിപ്പോര്‍ട്ട് കേട്ടത് ? പ്രീ ബിസിനസിന്റെ കാര്യങ്ങളൊന്നും ഇപ്പോള്‍ സംസാരിക്കാനായിട്ടില്ല. ആദ്യ ആഴ്ച കഴിയുമ്പോഴേ റിപ്പോര്‍ട്ടുകള്‍ വരുള്ളു. പടം നന്നായിരിക്കണം. എല്ലാവര്‍ക്കും ഇഷ്ടപ്പെടണം. അതാണ് പ്രധാനമെന്നുമാണ് സുപ്രിയ പറഞ്ഞത്. തനിക്ക് പടം ഇഷ്ടപ്പെട്ടുവെന്നും താരം പ്രതികരിച്ചു.

പൃഥ്വിരാജിനും നയന്‍താരയ്ക്കും പുറമേ അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്‌സ്‌ക്യൂറ, PRO, മീഡിയ പ്ലാന്‍ ബിനു ബ്രിങ് ഫോര്‍ത്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍.

Gargi