രക്ഷപ്പെടുമെന്ന് വിചാരിച്ചു, പക്ഷെ വിധി മറ്റൊന്നായിരുന്നു : നടി സുരഭി ലക്ഷ്മി

വീട്ടിലേയ്ക്കുള്ള യാത്രയില്‍ വഴി തെറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ ഭാര്യയെയും കുഞ്ഞിനെയും തേടിയുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത മുസ്തഫ എന്ന യുവാവിന്റെ മരണത്തില്‍ അനുശോചനം…

വീട്ടിലേയ്ക്കുള്ള യാത്രയില്‍ വഴി തെറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ അഭയം തേടിയ ഭാര്യയെയും കുഞ്ഞിനെയും തേടിയുള്ള യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത മുസ്തഫ എന്ന യുവാവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി സുരഭി ലക്ഷ്മി. മുസ്തഫ രക്ഷപ്പെടുമെന്നാണ് താന്‍ കരുതിയിരുന്നതെന്ന് സുരഭി ലക്ഷ്മി പറയുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ അദ്ദേഹം നന്നായി വിയര്‍ക്കുകയും ക്ഷീണിക്കുകയും ചെയ്തിരുന്നു. പക്ഷേ ജീവന്‍ തിരിച്ച് കിട്ടുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിച്ചിരുന്നത്.

അസുഖം ഉള്ള ഒരാളെയോ അപകടത്തില്‍ പെടുന്നവരെയോ ഒക്കെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുക എന്നത് ഏത് മനുഷ്യന്റെയും കടമയാണ്, സുരഭി ലക്ഷ്മി പറഞ്ഞു. ഒരു മുന്‍ നിര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരഭിയുടെ പ്രതികരണം.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 9.30ഓടെ ആയിരുന്നു സംഭവം. വീട്ടിലേയ്ക്കുള്ള വഴി തെറ്റി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസില്‍ അഭയം തേടിയ കുടുംബത്തെ കൂട്ടാനാണ് മുസ്തഫ യാത്രയായത്. പട്ടാമ്പി വെള്ളൂര്‍ സ്വദേശി ആയ ഇയാള്‍ക്ക് കോഴിക്കോട് തൊണ്ടയാട് ഫൈ്‌ള ഓവറിന് സമീപത്ത് വെച്ച് ദേഹാസ്വാസ്ത്യം അനുഭവപ്പെടുക ആയിരുന്നു. ഭിന്നശേഷി ബാധിച്ച മൂത്ത കുട്ടിയും രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ക്ക് വാഹനം ഓടിക്കാന്‍ അറിയില്ലായിരുന്നു.

വിവരം അറിഞ്ഞ അടുത്ത കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വഴിയില്‍ ഇറങ്ങിനിന്ന് വാഹനങ്ങള്‍ക്ക് കൈ കാണിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. ഈ സമയം ഇതുവഴി വരുകയായിരുന്ന നടി സുരഭി ലക്ഷ്മി വാഹനം നിര്‍ത്തി കാര്യം അന്വേഷിച്ചു.

സുഹൃത്തുക്കളെ കണ്ട് മടങ്ങി വരുകയായിരുന്ന താരം മുസ്തഫയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ സഹായിച്ചു. പിന്നീട് സുരഭി മുസ്തഫയുടെ മൂത്ത കുട്ടിയെ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലുള്ള യുവാവിന്റെ ഭാര്യയുടെ അടുത്ത് എത്തിച്ച് കാര്യം അറിയിച്ചു. അതിന് ശേഷമാണ് സുരഭി മടങ്ങിയത്.

നടിയുടെ മനുഷത്വമുള്ള പ്രവൃത്തിക്ക് വലിയ പിന്തുണയാണ് സിനിമാ ലോകത്തു നിന്നും പുറത്തുനിന്നും ലഭിച്ചത്. എങ്കിലും ചികിത്സയിലിരിക്കെ മുസ്തഫ പിന്നീട് മരണത്തിന് കീഴടങ്ങി. മുസ്തഫയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ട് പട്ടാമ്പി വിളയൂര്‍ കണ്ടേങ്കാവ് ഊറ്റുകുഴി ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു.