തൊട്ടടുത്ത ഓണം ഉണ്ണാന്‍ എന്റെ ലക്ഷ്മി ഉണ്ടായില്ല, വേദനയോടെ സുരേഷ് ഗോപി

നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ല്ക്ഷ്മി മരിച്ചത് മലയാളി സിനിമയേപോലും ഞെട്ടിച്ച ഒരു സംഭവമായിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ചും മകള്‍ക്ക് ഓണത്തിന് ചോറു കൊടുക്കാന്‍ കഴിയാതിരുന്നതിനെ കുറിച്ചും താരം ഇപ്പോള്‍തുറന്ന് പറയുകയാണ്.

സുരേഷ് ഗോപിയുടെ വാക്കുകള്‍,

1991ലാണ് അത് കോഴിക്കോടായിരുന്നു ലൊക്കേഷന്‍. ഞാനാണ് ചിത്രത്തിലെ നായകന്‍. ആ ഓണത്തിന് സെറ്റില്‍ നിന്ന് എന്നെ അവര്‍ വീട്ടിലേയ്ക്ക് അയച്ചില്ല. തമ്പി കണ്ണന്താനം ആണ് സംവിധായകന്‍. എന്റെ ഗുരുവാണ് അദ്ദേഹം. കടലോരക്കാറ്റ് എന്ന സിനിമ. അന്നു പകല്‍ എടുക്കേണ്ട ഫൈറ്റ് സീന്‍ മഴ പെയ്താല്‍ നടക്കില്ല.


അങ്ങനെ വന്നാല്‍ എന്റെ ഫൈറ്റ് എടുക്കും, ഇന്റീരിയറായിരിക്കും. അതിനായി എന്നെ സ്റ്റാന്‍ഡ് ബൈ ആയി നിര്‍ത്തുകയായിരുന്നു. ഞാന്‍ അവരോടു പറഞ്ഞു, അന്ന് എനിക്ക് ഒരു മോള്‍ ജനിച്ച വര്‍ഷമാണ്. അവളുടെ ആദ്യത്തെ ഓണമാണ്. അവളുടെ ചോറൂണും കഴിഞ്ഞിരുന്നു. അവള്‍ക്ക് ഓണത്തിന് ഒരു ഉരുള ചോറ് എനിക്കു കൊടുക്കേണ്ടേ? ഒരുവറ്റെങ്കിലും കൊടുക്കേണ്ടേ? ഓണത്തിന് പോകാതിരുന്നാല്‍ അതു കൊടുക്കാന്‍ കഴിയില്ലല്ലോ. ശരി, ഷൂട്ടിംഗിനു വേണ്ടി എന്നെ വിടുന്നില്ല. എങ്കില്‍ ഞാന്‍ പോകുന്നില്ല. അത് എനിക്കു മനസ്സിലാകും. പക്ഷേ, ഓണത്തിനു വിടുന്നുമില്ല, മഴയില്ലാത്തതുകൊണ്ട്. എന്റെ ഷൂട്ടിംഗുമില്ല എന്നു പറയരുത് എന്നു ഞാന്‍ അവരോട് പറഞ്ഞു. അതു തെറ്റാണെന്ന് പറഞ്ഞപ്പോള്‍ ഡയറക്ടര്‍ എടുക്കാന്‍ പററിയാല്‍ എടുക്കും ഇല്ലെങ്കില്‍ മറ്റ് ആക്ടറിനെ വച്ച് എടുക്കുമെന്നായിരുന്നു മറുപടി.
അന്ന് തനിക്ക് അതിനപ്പുറം പറയാനാവുമായിരുന്നില്ല. മിണ്ടാതിരുന്നു, എങ്കിലും ഉള്ളു തേങ്ങി. ഞാന്‍ വീട്ടില്‍ വിളിച്ചു, ഓണത്തിന് വരില്ലെന്നും അറിയിച്ചു. സദ്യ നിങ്ങള്‍ കഴിച്ചുകൊള്ളൂ എന്നും പറഞ്ഞു. പിന്നാലെ താനാകെ വിഷമവും ദേഷ്യവും കലര്‍ന്ന അവസ്ഥയിലേക്ക് എത്തിയെന്നും സുരേഷ് ഗോപി പറഞ്ഞു. മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ, അടുത്ത റൂമില്‍ താമസിച്ചിരുന്ന സിദ്ധീഖ് ലാലിലെ സിദ്ധീഖിന്റെ മുറിയിലേക്ക് ചെന്നതും ദേഷ്യപ്പെടുകയും പിന്നീട് പൊട്ടിക്കരഞ്ഞതുമെല്ലാം അദ്ദേഹം ഓര്‍ക്കുന്നുണ്ട്. എന്നാല്‍ അന്നു പാതിരാ കഴിഞ്ഞ് മൂന്നു മണിക്ക് മഴ തുടങ്ങി. ആ കനത്ത മഴ മൂന്നു ദിവസം പെയ്തു വെന്നും സുരേഷ് ഗോപി പറയുന്നു.
തിരുവോണം ഉള്‍പ്പെടെ മൂന്നു ദിവസം ഇടിവെട്ടി മഴ പെയ്തു. തിരുവോണം എനിക്കു നിഷേധിച്ച സംവിധായകന് എന്നെ വെച്ചു തന്നെ ഇന്റീരിയര്‍ ഷൂട്ടു ചെയ്യേണ്ടി വന്നുവെന്നും സദ്യ കഴിക്കാന്‍ പോകാഞ്ഞതിന്റെ നിരാശയും അങ്ങനെ തീര്‍ന്നുവെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. എന്നാല്‍ താന്‍ ആ ഓണം ഓര്‍ത്തിരിക്കാനുള്ള യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്നാണ് താരം പറയുന്നത്.
ഓര്‍ത്തിരിക്കുന്നത് ഇതുകൊണ്ടല്ല, തൊട്ടടുത്ത ഓണം ഉണ്ണാന്‍ അവള്‍, എന്റെ ലക്ഷ്മി ഉണ്ടായില്ല. അതാണ് എന്റെ വേദന. എനിക്ക് എന്റെ കുഞ്ഞിനൊരു ഓണ ഉരുള കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു മുമ്പവള്‍ പോയി. നിഷേധമല്ലേ അന്നുണ്ടായത്. അവള്‍ക്കുള്ള ഉരുള എനിക്കവര്‍ നിഷേധിച്ചതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ക്കുന്നു.

Geethu