‘ഒന്നു കാണണം എന്ന ആഗ്രഹം നടന്നില്ല, അതും ഇപ്പോള്‍ ഒരു വേദനയായി’ കോടിയേരിയെ കുറിച്ച് സുരേഷ് ഗോപി

സിപിഎം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ ‘മേ ഹൂം മൂസ’യുടെ വിജയാഘോഷ പരിപാടികള്‍ മാറ്റിവെച്ച് സുരേഷ് ഗോപി. ആഘോഷത്തില്‍ പങ്കുചേരാനുള്ള മാനസികാവസ്ഥയില്‍ അല്ല എന്നും കോടിയേരിയുടെ വിയോഗം വേദന നല്‍കുന്നുവെന്നും സുരേഷ് ഗോപി…

സിപിഎം മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ ‘മേ ഹൂം മൂസ’യുടെ വിജയാഘോഷ പരിപാടികള്‍ മാറ്റിവെച്ച് സുരേഷ് ഗോപി. ആഘോഷത്തില്‍ പങ്കുചേരാനുള്ള മാനസികാവസ്ഥയില്‍ അല്ല എന്നും കോടിയേരിയുടെ വിയോഗം വേദന നല്‍കുന്നുവെന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് ലൈവിലെത്തി പറഞ്ഞു. മേ ഹൂം മൂസയുടെ വിജയം പങ്കുവെയ്ക്കുന്നതിന് വേണ്ടി ഇന്ന് ലൈവില്‍ വരുമെന്ന് കഴിഞ്ഞ ദിവസം നടന്‍ അറിയിച്ചിരുന്നു.

കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പൂര്‍വ ആഭ്യന്തര മന്ത്രി, എന്ന നിലയ്ക്കും നിരവധി തവണ എംഎല്‍എ ആയി നിയമസഭയില്‍ എത്തിയ മനുഷ്യന്‍. വളരെ വ്യക്തിപരമായി ഏതാണ്ട് 25 വര്‍ഷമായി കോടിയേരിയുമായുള്ള സൗഹൃദം കാത്തുസൂക്ഷിച്ചു പോകുകയാണ് എന്നും തന്റെ ജ്യേഷ്ഠ സഹോദരനാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. പത്ത് ദിവസം മുമ്പ് ചെന്നൈയില്‍ പോയപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കാണാനുള്ള ശ്രമം നടത്തിയിുന്നു. പക്ഷെ ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നില്ല എന്ന് ബിനോയ് അറിയിച്ചതായും ഇപ്പോളത് ഒരു വേദനയായി മാറുകയാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ മക്കള്‍, സഹധര്‍മ്മിണി ഇവരുടെയെല്ലാം വേദനയില്‍ പങ്കുചേരുവാനും അതുപോലെ തന്നെ മലയാളി സമൂഹത്തില്‍ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന ഒരു തലത്തില്‍ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ വ്യക്തിത്വത്തിന് മുമ്പില്‍ കണ്ണീരഞ്ജലി ചെലുത്തിക്കൊണ്ട് ഈ ലൈവ് അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.