മുഷിഞ്ഞ വേഷം, ക്ഷീണിച്ച് അവശനായി സുരേഷ് ഗോപി!!!

ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ മലപ്പുറം പൊന്നാനിക്കാരന്‍ മൂസയായി സുരേഷ് ഗോപി എത്തുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. സുരേഷ് ഗോപിയില്‍ നിന്നും പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കഥാപാത്രമായിരിക്കും ‘മൂസ’യെന്ന് സംവിധായകനായ ജിബു ജേക്കബ് പറഞ്ഞിരുന്നു. രാജ്യത്തെ അകമഴിഞ്ഞു സ്‌നേഹിക്കുന്ന, സേവിക്കുന്നയാളാണ് മൂസ. അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രം. ഉത്തരേന്ത്യയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

അതേസമയം, മൂസയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യലിടത്ത് വൈറലാകുന്നത്. സാധാരണക്കാരന്റെ വേഷത്തില്‍ കിലോമീറ്ററുകളോളം കാല്‍നടയായി നടക്കുന്ന മൂസയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.

വൃക്ഷത്തണലിലും, തിരക്കു കുറഞ്ഞ വിശ്രമ സ്ഥലങ്ങളിലുമെല്ലാം കിടന്നുറങ്ങുകയാണ് മൂസ. ക്ഷീണമുണ്ടങ്കിലും മുഖത്ത് നിശ്ചയദാര്‍ഢ്യം പ്രകടമാണ്. ഈ യാത്ര എന്തോ ലക്ഷ്യത്തിലേക്കുള്ളതാണന്ന് മുഖഭാവത്തിലൂടെ വ്യക്തമാകുന്നുണ്ട്. ഇതുവരെ പുറത്തു വിടാത്ത പുതിയ ഫോട്ടോകളാണ് മൂസയുടേതായി പുറത്തുവന്നിരിക്കുന്നത്.

മൂസയുടെ ഈ യാത്ര എങ്ങോട്ട്? എന്താണദ്ദേഹം നേരിടുന്ന പ്രശ്‌നങ്ങള്‍? ഇതൊക്കെയാവും ചിത്രം പ്രേക്ഷകരോട് സംവദിക്കുക. സമൂഹത്തിലേക്ക് നിരവധി ചോദ്യശരങ്ങള്‍ ഇട്ടുകൊണ്ടാണ് ജിബു ജേക്കബ് മൂസയെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 29ന് ചിത്രം തിയ്യേറ്ററിലെത്തും. സെന്‍ട്രല്‍ പിക്‌ചേര്‍സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Previous articleജീവനക്കാര്‍ക്ക് 11 ദിവസത്തെ അവധി നല്‍കി മീഷോ; അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
Next article‘ചട്ടമ്പി’ ഹർത്താൽ കഴിഞ്ഞ് കാണാം; പോസ്റ്റർ പങ്കുവെച്ച് താരം