‘അത് കണ്ടപ്പോള്‍ എന്റെ മകനെ കുറിച്ച് അഭിമാനമാണ് തോന്നിയത്’; ഗോകുലിന്റെ വൈറല്‍ കമന്റിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് സുരേഷ് ഗോപി

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരുടെ സ്ഥിരം ഇരയാണ്. സുരേഷ് ഗോപിയുടെ പ്രസ്താവനകള്‍ ഉള്‍പ്പെടുത്തി വീഡിയോയും മീമുകളുമൊക്കെ ഉണ്ടാവാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ അത് അതിര് വിടാറുണ്ട്. സുരേഷ് ഗോപിയെ അപമാനിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ പ്രചരിച്ച ഒരു ട്രോളിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി ഏറെ വൈറലായിരുന്നു. ഒരു വശത്ത് സിംഹവാലന്‍ കുരങ്ങിന്റെ ചിത്രവും മറുഭാഗത്ത് സുരേഷ് ഗോപിയുടെ ചിത്രവും വെച്ച് ഈ ചിത്രത്തില്‍ രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനോട് കൂടിയുള്ള ട്രോളായിരുന്നു ഇത്. ‘ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും’ എന്നാണ് ഈ ട്രോളിന് ഗോകുല്‍ കമന്റ് ചെയ്തത്. ഈ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇപ്പോഴിതാ ഗോകുലിന്റെ ആ വൈറല്‍ കമന്റിനെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് സുരേഷ് ഗോപി. പാപ്പന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

‘അത് ജനങ്ങളുടെ ആഗ്രഹമാണ്. അത് കണ്ടപ്പോള്‍ എന്റെ മകനെ കുറിച്ച് അഭിമാനമാണ് തോന്നിയത്. പക്ഷേ ഞാന്‍ പെട്ടെന്ന് മറുഭാഗത്തുള്ള ആളിന്റെ അച്ഛനേയും അമ്മയേയും ഓര്‍ത്തു. അതുകൊണ്ട് ഗോകുലിനെ വിളിച്ചതേ ഇല്ല. പക്ഷേ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഗോകുല്‍ അത് പറയുന്നത് കേട്ടു. അവിടെയാണ് എന്റെ മോനാടാ നീ എന്ന് തോന്നിയത്. ഇതെല്ലാം സോഷ്യല്‍ മീഡിയയിലെ കൃമികീടങ്ങളാണെന്ന് ഞാന്‍ പറയില്ല. കൃമികീടത്തരങ്ങളാണ്.’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

ഓരോ പൗരനും രാജ്യത്തിന്റെ സമ്പത്തായി മാറണമെന്നും രാജ്യത്തിന്റെ സമ്പത്തും സമ്പന്നതയും ആകുന്നതിന് വേണ്ടി നമുക്ക് രസങ്ങളൊക്കെ ആവാമെങ്കിലും ആരുടെയും ചോര കുടിച്ചിട്ടുള്ള രസം നുകരരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

പാപ്പന്‍ ജൂലൈ 29നാണ് റിലീസ് ചെയ്യുന്നത്. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം. ആര്‍.ജെ. ഷാന്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സി.ഐ എബ്രഹാം മാത്യു എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നൈല ഉഷ, നിത പിള്ള, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

 

Previous article‘ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കില്‍ ഈ പുഞ്ചിരിയുടെ വഴി പിടിക്ക്’; നഞ്ചിയമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ബിജിബാല്‍
Next articleമൂന്ന് കോടി രൂപ മുടക്കി സെറ്റിട്ടു..! ഫഹദിനുണ്ടായ അപകടം ആരും അറിയാതിരിക്കാനും ശ്രമിച്ചു..! – ഫാസില്‍