‘ആ സംഭവം എനിക്ക് സഹിക്കാന്‍ പറ്റിയിട്ടില്ല, ഞാന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ’; സുരേഷ് ഗോപി

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. ഏറെക്കാലത്തിന് ശേഷം സുരേഷ് ഗോപി പോലീസ് റോളിലെത്തുന്ന ചിത്രമാണിത്. നിരവധി…

സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സിനിമയില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. ഏറെക്കാലത്തിന് ശേഷം സുരേഷ് ഗോപി പോലീസ് റോളിലെത്തുന്ന ചിത്രമാണിത്. നിരവധി സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ അമ്പരിപ്പിച്ച താരമാണ് അദ്ദേഹം. ഇപ്പോഴിതാ
താന്‍ റിയല്‍ ലൈഫില്‍ ഒരു പൊലീസ് ഓഫീസറായിരുന്നുവെങ്കില്‍ എന്തൊക്കെ ചെയ്യുമായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചത് തനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയിട്ടില്ലെന്നും താന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ എന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. റിയല്‍ ലൈഫില്‍ സുരേഷ് ഗോപി ഒരു പോലീസുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ എന്തൊക്കെയാവും ചെയ്യുക എന്നതായിരുന്നു അവതാരകന്റെ ചോദ്യം. അതിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അകാരണമായി ശബരിമലയിലെ സമര യോദ്ധാക്കളെ ഉപദ്രവിച്ചത് എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയിട്ടില്ല. അവരൊന്നും ഒരു കല്ലെറിയുകയോ കുപ്പികഷ്ണമെടുത്ത് എറിയുകയോ ദ്രോഹത്തിനോ നിന്നിട്ടില്ല. ശരണം വിളിച്ചവരെ, അല്ലെങ്കില്‍ ശരണമന്ത്രം ഓതി നടന്നവരെയാണ് ഉപദ്രവിച്ചത്. ഗാന്ധിയന്‍ മോഡലിലായിരുന്നു അവരുടെ സമരം. ഞാന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ. ജനാധിപത്യത്തില്‍ പൊലീസ് ആധിപത്യം എന്നില്ല, മുഖ്യമന്ത്രി ആധിപത്യം എന്നില്ല. പ്രധാനമന്ത്രി ആധിപത്യം എന്നില്ല. ജനാധിപത്യമാണെങ്കില്‍ ജനമാണ് ആദ്യത്തെ വാക്ക്. ശബരിമലയുടെ കാര്യത്തില്‍ അത് ഭക്തരുടെ മാത്രം സമരമായിരുന്നു. അവരുടെ അലമുറയിട്ടുള്ള വിളിയായിരുന്നു. അതിനെ അടിച്ചൊതുക്കി,’ എന്നായിരുന്നു സുരേഷ് ഗോപിയുടെ
വാക്കുകള്‍.