ക്ഷണം സ്വീകരിക്കുന്നു! എല്ലാവര്‍ക്കും നന്ദി!! ഓസ്‌കാര്‍ അക്കാദമിയുടെ ക്ഷണത്തില്‍ സൂര്യ

സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കാര്‍ പ്രഖ്യാപിക്കുന്ന കമ്മറ്റിയിലേക്ക് തെന്നിന്ത്യയില്‍ ആദ്യമായൊരു താരം എത്തുകയാണ്. തമിഴകത്ത് നിന്നും സൂര്യയ്ക്കാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ ക്ഷണം ലഭിച്ചത്. അതേസമയം, അക്കാദമിയുടെ…

സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കാര്‍ പ്രഖ്യാപിക്കുന്ന കമ്മറ്റിയിലേക്ക് തെന്നിന്ത്യയില്‍ ആദ്യമായൊരു താരം എത്തുകയാണ്. തമിഴകത്ത് നിന്നും സൂര്യയ്ക്കാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ ക്ഷണം ലഭിച്ചത്. അതേസമയം, അക്കാദമിയുടെ ക്ഷണം സ്വീകരിച്ചിരിക്കുകയാണ് സൂര്യ ഇപ്പോള്‍.

‘ക്ഷണത്തിന് നന്ദി. അക്കാദമിയുടെ ക്ഷണം സ്വീകരിക്കുന്നു. ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി, നിങ്ങള്‍ക്ക് അഭിമാനമാകാന്‍ ശ്രമിക്കും’- ക്ഷണം സ്വീകരിച്ച് സൂര്യ ട്വീറ്റ് ചെയ്തു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, നടന്‍ കമല്‍ഹാസന്‍ ഉള്‍പ്പെടെ നിരവധി പേരാണ് സൂര്യയ്ക്ക് ആശംസകളുമായെത്തിയത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഇതാദ്യമായാണ് ഒരു അഭിനേതാവിന് അക്കാദമിയുടെ ഭാഗമാകാന്‍ ക്ഷണം ലഭിക്കുന്നത്.

സൂര്യയ്‌ക്കൊപ്പം ബോളിവുഡ് താരം കാജോളിനും അക്കാദമിയിലേക്ക് ക്ഷണമുണ്ട്. അക്കാദമിയുടെ ഭാഗമാകാന്‍ 397 കലാകാരന്മാര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതില്‍ 44 ശതമാനം സ്ത്രീകളും 50 ശതമാനം നോണ്‍ അമേരിക്കന്‍സുമാണ്.

നേരത്തെ സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ രാജ്യാന്തര ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ചിത്രത്തിലെ ഭാഗം പ്രദര്‍ശിപ്പിച്ചിരുന്നു. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ജാതി വിവേചനത്തിന്റെ ക്രൂരതകള്‍ അനുഭവിക്കേണ്ടി വരുന്ന ജനതയുടെ കഥയാണ് ചിത്രം പറയുന്നത്.