വിലമതിക്കുന്ന എന്താണ് ഇവരെ പ്രലോഭിപ്പിക്കുന്നത്..? പ്രതികരണവുമായി അതിജീവിതയുടെ കുടുംബം രംഗത്ത്!!!

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് നടക്കുന്നത്. ഇപ്പോഴിതാ ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ക്ക് എതിരെ അതിജീവിതയുടെ കുടുബാംഗങ്ങള്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് അതിജീവിതയുടെ ബന്ധുക്കളുടെ പ്രതികരണം.

കേസില്‍ പ്രതിയായ ദിലീപിനെ ന്യായീകരിച്ച് എത്തിയ ശ്രീലേഖയെ കുറിച്ച് ന്യായീകരണ തൊഴിലാളികളോട് സഹതാപം മാത്രമെന്നാണ് കുടുംബത്തിന്റെ പ്രതികരണം. മുന്‍ ജയില്‍ മേധാവി ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ പരമാര്‍ശങ്ങള്‍ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ടതോടൊണ് അതിജീവിതയുടെ കുടുംബവും രംഗത്ത് വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇവര്‍ക്കെതിരായുള്ള വിമര്‍ശനം. കാലങ്ങളായി കെട്ടിപ്പെടുത്തുന്ന വ്യക്തിത്വമാണ് ഇത്തരം പരാമര്‍ശങ്ങള്‍ വഴി തകര്‍ന്നടിയുന്നത്. അതും ഇനിയൊരിക്കലും പടുത്തുയര്‍ത്താനാകാത്ത വിധമാണ് തകര്‍ന്നടിയുന്നത് അത് ഇവര്‍ മനസ്സിലാക്കുന്നില്ല എന്നാണ് കുറിപ്പില്‍ പറയുന്നത്.

ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവര്‍ക്ക് അവര്‍ ചിതയൊരുക്കുന്നതെന്നും കുറിപ്പില്‍ പറയുന്നതായി പ്രമുഖ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരുപക്ഷേ ഇപ്പോഴത്തെ ആ പരാമര്‍ശങ്ങള്‍ തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാള്‍ വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നത് കൊണ്ടാവാം എന്നും അതിജീവിതയുടെ കുടുംബം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സഹതാപമാണ് ഇവരോടെല്ലാം തോന്നുന്നത് എന്നും ന്യായീകരണപരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു എന്നും കുടുംബം കുറിച്ചിരിക്കുന്നു.

ദിലീപിനെ ശിക്ഷിക്കാന്‍ തക്ക തെളിവുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും എല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതി ചേര്‍ത്തതാണെന്നുമുള്ള തരത്തില്‍ കേരള പോലീസിനെ പോലും കരിവാരി തേക്കുന്ന തരത്തിലുള്ള ഗുരുതര ആരോപണങ്ങളായിരുന്നു മുന്‍ ജയില്‍ ഡിജിപി കൂടിയായിരുന്ന ആര്‍ ശ്രീലേഖ നടത്തിയത്. ഇവര്‍ പുതിയ തിരക്കഥ ഒരുക്കുകയാണെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ അടക്കമുള്ളവരും പറയുന്നുണ്ട്. ഇത് ദിലീപിനെ കേസില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

Previous article‘സലാം ചൊല്ലി പിരിയും മുമ്പേ…’; ടു മെന്നിലെ വീഡിയോ ഗാനം പുറത്ത്
Next article“എന്റെ ജീവന്‍” മകളെ ചേര്‍ത്ത് പിടിച്ച് അമൃത സുരേഷ്!!