പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കുന്ന സൂര്യ; ‘വാടിവാസലി’ന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്

സൂര്യ ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘വാടിവാസലി’ന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന ചിത്രമാണ് വാടിവാസല്‍. സൂര്യയുടെ നാല്പത്തിയൊമ്പതാം പിറന്നാല്‍ ആഘോഷിക്കുന്ന വേളയിലാണ് വീഡിയോ ആരാധകര്‍ക്കും സിനിമാ…

സൂര്യ ആരാധകര്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘വാടിവാസലി’ന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. വെട്രിമാരന്റെ സംവിധാനത്തില്‍ സൂര്യ ആദ്യമായി നായകനാവുന്ന ചിത്രമാണ് വാടിവാസല്‍. സൂര്യയുടെ നാല്പത്തിയൊമ്പതാം പിറന്നാല്‍ ആഘോഷിക്കുന്ന വേളയിലാണ് വീഡിയോ ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കുമായി പുറത്ത് വിട്ടത്. പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കുന്ന നായകനെയാണ് ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ.

തന്റെ അച്ഛന്റെ മരണത്തിനു കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജെല്ലിക്കെട്ട് മത്സരത്തില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന ‘പിച്ചി’യുടെ കഥയാണ് വാടിവാസല്‍ എന്ന നോവല്‍. ഏറെ ജനപ്രിയമായ നോവലാണിത്. ജെല്ലിക്കെട്ട് ഏറെ പ്രാധാന്യം കല്പിക്കുന്ന മധുര ജില്ലയിലെ ഒരു സ്ഥലമാണ് വാടിവാസല്‍.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ്. താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ ആണ് സംഗീതം. സൂര്യയെ കൂടാതെ ആന്‍ഡ്രിയ ജെറമിയ, അമീര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.