നടന് സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ബോളിവുഡ് സംവിധായകനും നിര്‍മാവുമായ കരണ്‍ ജോഹറും നടി ആലിയ ഭട്ടും പങ്കുവച്ചിരിക്കുന്ന കുറിപ്പിന് വിമര്‍ശനം. സുശാന്തിനെ മുമ്ബ് ഇരുവരും ചേര്‍ന്ന് ഒരു ഷോയ്ക്കിടയില്‍ പരിഹസിച്ചതുമായി ബന്ധപ്പെടുത്തിയാണ് ഇവര്‍ക്കെതിരേ കടുത്ത വിമര്‍ശനമുയരുന്നത്.
“കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നീയുമായി ഒരു ബന്ധവും വച്ചുപുലര്ത്താതിരുന്നതില് ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തുന്നു. നിന്റെ ജീവിതം മറ്റൊരാളുമായി പങ്കുവയ്ക്കാന്‍ നീ ആഗ്രഹിച്ചിരുന്ന സമയമാണിതെന്ന് ഇപ്പോള്‍ ഞാനറിയുന്നു. പക്ഷേ എനിക്കതിനായില്ല, ഇനി ആ തെറ്റ് ഞാന്‍ ആവര്‍ത്തിക്കില്ല, നമ്മള് ഊര്‍ജസ്വലമായ എന്നാല്‍ ഒറ്റപ്പെട്ട നിമിഷങ്ങളിലാണ് ജീവിക്കുന്നത്. പലരും ഈ നിശബ്ദതയ്ക്ക് ഇരയായിത്തീരുകയും ചെയ്യുന്നു. നമ്മള് ബന്ധങ്ങള്‍ ഉണ്ടാക്കിയാല്‍ പോര അതിനെ പരിപാലിക്കുകയും വേണം.
സുശാന്തിന്റെ ഈ മരണം എനിക്കൊരു വലിയ തിരിച്ചറിവാണ്. മറ്റുള്ളവരോട് എനിക്കുള്ള സ്നേഹവും അനുകമ്ബയും അത് വളര്‍ത്തുന്നതും എങ്ങനെയെന്ന് തിരിച്ചറിയാനുള്ള അവസരം. ഇത് നിങ്ങളിലും അനുഭവപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിന്റെ ചിരിയും ആലിംഗനവും ഞാന്‍ മിസ് ചെയ്യും”. കരണ്‍ ജോഹര്‍ കുറിക്കുന്നു.
നടി ആലിയ ഭട്ടും സുശാന്തിന്റെ മരണത്തില്‍ ആഘാതം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ വാര്‍ത്ത തന്നെ തകര്‍ത്തുവെന്നാണ് ആലിയ കുറിച്ചത്.
എന്നാല്‍ ഇരുവര്‍ക്കുമെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കരണ്‍ ജോഹര്‍ അവതാരകനായെത്തിയ കോഫി വിത് കരണ്‍ എന്ന ഷോയില്‍ സുശാന്തിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന മുമ്ബ് ഇരുവരും പങ്കുവച്ചിരുന്നു.
ഷോയ്ക്കിടയില്‍ മൂന്ന് നടന്മാരെ വിലയിരുത്താന്‍ അതിഥിയായി എത്തിയ ആലിയയോട് കരണ്‍ ആവശ്യപ്പെടുകയുണ്ടായി. സുശാന്ത്, രണ്‍വീര്‍, വരുണ്‍ ധവാന് എന്നിവരായിരുന്നു താരങ്ങള്‍. അതിന് സുശാന്ത് ആരാണെന്നായിരുന്നു ആലിയയുടെ കമന്റ്. ഇതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. ഇരുവരും പങ്കുവച്ച കുറിപ്പുകള്‍ക്ക് താഴെ ആരാധകര്‍ രോഷം തീര്‍ക്കുകയാണ്.
സ്വജനപക്ഷപാതത്തിന്റെ വക്താവായാണ് കരണ്‍ ബോളിവുഡില്‍ അറിയപ്പെടുന്നത്. പല അവസരങ്ങളിലും കരണ്‍ അത് പ്രകടമാക്കിയിട്ടുമുണ്ട്. ഇക്കാര്യം മുമ്ബൊരിക്കല്‍ പരസ്യമായി നടി കങ്കണ റണാവത് തുറന്ന് പറഞ്ഞത് വലിയ വിവാദവുമായിരുന്നു.
