അമ്മ ഐ.സി.സിയില്‍ നിന്നും ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു: വിജയ് ബാബു വിഷയത്തില്‍ അമ്മയില്‍ കുട്ടത്തല്ലിന് സാധ്യത

മാല പാര്‍വ്വതിക്ക് പിന്നാലെ താര സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി സമര്‍പ്പിച്ചു. നിലവില്‍ സെല്‍ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന ആളാണ് ശ്വേതാ…

മാല പാര്‍വ്വതിക്ക് പിന്നാലെ താര സംഘടനയായ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി സമര്‍പ്പിച്ചു. നിലവില്‍ സെല്‍ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന ആളാണ് ശ്വേതാ മേനോന്‍. നടിയുടെ പീഡന പരാതിയില്‍ വിജയ് ബാബുവിന് എതിരെ സംഘടന കാര്യമായ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. ആരുടെയെങ്കിലും പരാതിയില്‍ ഒരാളെ സംഘടനയില്‍ നിന്നും ചവിട്ടി പുറത്താക്കാന്‍ കഴിയില്ലെന്ന മണിയന്‍ പിള്ള രാജുവിന്റെ പ്രസ്ഥാവനയ്ക്ക് എതിരെ അമ്മ സംഘടനയ്ക്കുള്ളില്‍ അമര്‍ഷം പുകയുന്നതിന് ഇടെയാണ് നിലപാട് വ്യക്തമാക്കി ശ്വേതാ മേനോനും കുക്കു പരമേശ്വരും മുമ്പോട്ട് വന്നിരിക്കുന്നത്.

സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. താരത്തെ നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എക്‌സി. കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു സെല്ലിന്റെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി ശ്വേതാ മേനോന്‍ അമ്മയ്ക്ക് ഔദ്യോഗിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ കേസില്‍ തന്റെ നിരപരാധിത്വം തെളിയുന്നതുവരെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതായി കാണിച്ച് വിജയ് ബാബു അമ്മയ്ക്ക് കത്ത് നല്‍കി. ഇത് പരിഗണിച്ച സംഘടന, മറ്റ് നടപടികളൊന്നും താരത്തിന് എതിരെ സ്വീകരിച്ചില്ല. ഇതാണ് ചില അംഗങ്ങളെ ചൊടിപ്പിച്ചത്.

അതേസമയം, വിഷയത്തില്‍ മണിയന്‍ പിള്ള രാജുവിന്റെ പ്രസ്ഥാവനയ്ക്ക് എതിരെ പരസ്യ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് തുടങ്ങി. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ബാബു രാജ് രംഗത്തെത്തി. മാല പാര്‍വ്വതിയുടെ രാജിയെ സ്വാഗതം ചെയ്ത ബാബു രാജ്, രാജിയിലൂടെ അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല എന്നും അവര്‍ക്ക് പ്രതികരണ ശേഷി ഉണ്ടെന്ന് സമൂഹത്തിന് മനസ്സിലാക്കി നല്‍കാന്‍ സാധിച്ചതായും പറഞ്ഞു.

സ്ത്രീകള്‍ക്ക് പരാതി പറയാന്‍ വേറെ സംഘടന ഉണ്ടല്ലോ, അവിടെ പോയി പറയട്ടെ എന്ന് നടിമാരുടെ സംഘടനയായ ഡബ്ള്യു സി സിയെ സൂചിപ്പിച്ചുകൊണ്ടുള്ള മണിയന്‍ പിള്ള രാജുവിന്റെ പ്രസ്താവന തെറ്റായി പോയെന്നും, അമ്മയുടെ വൈസ് പ്രസിഡന്റ് അത് ഒരിക്കലും പറയാന്‍ പാടില്ലാത്തത് ആയിരുന്നുവെന്നും താരം പ്രതികരിച്ചു. ഒരു മുന്‍നിര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബു രാജിന്റെ പ്രതികരണം.

അമ്മയിലെ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ് അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. അമ്മയിലെ സ്ത്രീകളുടെ പരാതികള്‍ അമ്മയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ വേറെ ആരാണ് ചര്‍ച്ച ചെയ്യാനുള്ളതെന്ന് ബാബു രാജ് ചോദിക്കുന്നു. മണിയന്‍ പിള്ളയുടെ പ്രസ്താവനയില്‍ വൈസ് പ്രസിഡന്റായ ശ്വേത ഉള്‍പ്പടെ മറ്റുള്ള വനിതകള്‍ക്കും അമര്‍ഷമുണ്ടാകും. അവരൊന്നും പാവകളല്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണെന്നും ബാബുരാജ് പറഞ്ഞു.