‘നിര്‍മാതാക്കളുടെ പിന്തുണയാണ് ഈ സിനിമയുടെ വിജയം എന്നുപറയുന്നത്’ തങ്കം സംവിധായകന്‍

ബിജു മേനോന്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ തങ്കം സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തങ്കം സംവിധായകന്‍ സഫീദ് അരാഫത്ത്. നിര്‍മാതാക്കളുടെ പിന്തുണയാണ് ഈ സിനിമയുടെ വിജയമെന്ന് സംവിധായകന്‍ മനോരമയ്ക്ക്…

ബിജു മേനോന്‍- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടിലെത്തിയ തങ്കം സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തങ്കം സംവിധായകന്‍ സഫീദ് അരാഫത്ത്. നിര്‍മാതാക്കളുടെ പിന്തുണയാണ് ഈ സിനിമയുടെ വിജയമെന്ന് സംവിധായകന്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തങ്കത്തിലെ കണ്ണന്‍ എന്ന കഥാപാത്രത്തെക്കുറിച്ചാണ് ആദ്യം മുതല്‍ ചിന്തിച്ചത്. കണ്ണന്‍ ആണ് സിനിമയുടെ ആത്മാവ്. ആദ്യം മുതല്‍ എന്റെ മനസ്സില്‍ വിനീത് തന്നെയായിരുന്നു. അതെ സമയം തന്നെ ശ്യാമും ദിലീഷും നമുക്ക് വിനീത് ശ്രീനിവാസനെ കാസ്റ്റ് ചെയ്താലോ എന്ന് ചോദിച്ചു. വിനീതിനോട് കാര്യം പറഞ്ഞു 2019 ല്‍ സിനിമ പ്രഖ്യാപിച്ച് 20 ല്‍ ഷൂട്ട് തുടങ്ങാനിരിക്കുമ്പോഴാണ് കോവിഡ് വരുന്നത്. അപ്പോഴേക്കും വിനീതിന് ചില അസൗകര്യം വന്നു, വിനീത് ഹൃദയം ചെയ്യാന്‍ തുടങ്ങുകയുമായിരുന്നു. അങ്ങനെ ഞങ്ങള്‍ ഫഹദ് ഫാസിലിനോട് കാര്യം പറഞ്ഞു ഫഹദ് ഓക്കേ പറഞ്ഞു. ഇതിനിടെ കോവിഡ് സമയത്ത് ദിലീഷ് പോത്തന്‍ ‘ജോജി; ചെയ്തപ്പോള്‍ ഞാന്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്തു. ജോജിയില്‍ ഫഹദ് അസാമാന്യ പ്രകടനമായിരുന്നല്ലോ. കുറെ സിനിമകള്‍ ഫഹദ് നായകനായി ഈ ടീം തന്നെ ചെയ്തു കഴിഞ്ഞപ്പോള്‍ ഇനി അടുത്ത സിനിമയില്‍ കാസ്റ്റിങ് ഒന്ന് മാറ്റിപ്പിടിക്കാം എന്ന് തോന്നുകയും വീണ്ടും അത് വിനീതിന് എത്തുകയും ചെയ്തു.

തൃശൂരില്‍ നിന്ന് തന്നെ ബിജു മേനോന് ഒപ്പം നില്‍ക്കാന്‍ പറ്റുന്ന ഒരാളെ എങ്ങനെ കണ്ടുപിടിക്കാം എന്ന തിരച്ചിലാണ് വിനീത് തട്ടില്‍ എന്ന താരത്തില്‍ എത്തിയത്. പോത്തന്റെ സഹസംവിധായകന്‍ ആയ റോയ് ആണ് തട്ടിലിനെ പറ്റി പറഞ്ഞത്. ഭയങ്കര കഴിവുള്ള താരമാണ് തട്ടില്‍. പുള്ളിയുടെ ഭാഗം നന്നാക്കി നമുക്കൊരു പ്രഷര്‍ തരാതെ കൊണ്ടുപോകാന്‍ തട്ടില്‍ ശ്രദ്ധിക്കും. മഹാരാഷ്ട്ര പൊലീസ് ആയി അഭിനയിച്ച ഗിരീഷ് കുല്‍ക്കര്‍ണിയുടെ സിനിമകള്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട്. പല സിനിമയിലും പല തരത്തിലാണ് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് റേഞ്ച്. സിനിമയില്‍ തന്നെ പറയുന്നതുപോലെ ഒരു മുംബൈയില്‍ നടന്ന ഒരു മല്ലു കൊലക്കേസ് തമിഴ് നാട്ടില്‍ അന്വേഷിക്കുകയാണ്. അപ്പോള്‍ മഹാരാഷ്ട്ര പൊലീസ് ആയി അഭിനയിക്കാന്‍ ഒരു നടന്‍ വേണം. നമുക്ക് അവിടെയുള്ള പൊലീസുകാരെപ്പറ്റി വ്യക്തമായ ധാരണയില്ല അതൊക്കെ അറിയാവുന്ന ആളാണെങ്കില്‍ കാര്യം എളുപ്പമാകും. അങ്ങനെയാണ് ഗിരീഷ് കുല്‍ക്കര്‍ണിയിലേക്ക് എത്തിയത്. അദ്ദേഹം ഒരു എഴുത്തുകാരന്‍ കൂടിയാണ്. തമിഴ് താരങ്ങളെയെല്ലാം നാലുമാസത്തോളം കോയമ്പത്തൂര്‍ സ്റ്റേ ചെയ്തിട്ട് ഓഡിഷന്‍ ചെയ്ത് എടുത്തതാണ്.ബിജു മേനോന്‍, അപര്‍ണ, ഇന്ദിര ചേച്ചി തുടങ്ങി കഴിവുറ്റ താരങ്ങള്‍ അഭിനയിച്ചപ്പോള്‍ തങ്കം യാഥാര്‍ഥ്യമായി.

നിര്‍മാതാക്കളുടെ പിന്തുണയാണ് ഈ സിനിമയുടെ വിജയം എന്നുപറയുന്നത്. അതുകൊണ്ട് തന്നെ തൃശൂര്‍ മുതല്‍ മുംബൈ വരെ യാത്രചെയ്തു ചെയ്ത ഈ ഷൂട്ട് ഒരു ബുദ്ധിമുട്ടായി തോന്നിയതേയില്ല. നിര്‍മാതാക്കളുടെ സപ്പോര്‍ട്ട് ജോജിയില്‍ വര്‍ക്ക് ചെയ്തപ്പോള്‍ തന്നെ മനസ്സിലായതാണ്. എത്ര ദിവസം ആകുന്നു എന്നതിലല്ല എന്തൊക്കെ ചെയ്താല്‍ സിനിമ ഭംഗിയാക്കാം എന്നാണ് അവര്‍ നോക്കുന്നത്. നമ്മള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ സിനിമ എത്താന്‍ എത്ര ബുദ്ധിമുട്ടാനും ദിലീഷ് തയാറാണ്. തങ്കത്തിന് വേണ്ടി അന്‍പത് ലൊക്കേഷനില്‍ കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പല ഭാഷകളില്‍ ഒരുപാട് യാത്ര ചെയ്തു ഒരു റോഡ് മൂവി പോലെ ചെയ്ത സിനിമ അത്ര എളുപ്പമായിരുന്നില്ല. പക്ഷേ നിര്‍മാതാക്കളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടെങ്കില്‍ എല്ലാം ഭംഗിയായി നടക്കുമെന്നും അദ്ദേഹം പറയുന്നു.