‘മലയാള സിനിമ അതിന്റെ പ്രായശ്ചിത്തത്തിന്റെ വഴിയില്‍ ആണെന്ന് തോന്നുന്നു’

മമ്മൂട്ടിയും പാര്‍വതിയും ഒന്നിച്ച ‘പുഴു’ എന്ന ചിത്രം സോണി ലിവില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ലഭിക്കുന്ന സൂചനകള്‍. നിരവധി പേരാണ്…

മമ്മൂട്ടിയും പാര്‍വതിയും ഒന്നിച്ച ‘പുഴു’ എന്ന ചിത്രം സോണി ലിവില്‍ എത്തിയതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ലഭിക്കുന്ന സൂചനകള്‍. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ താരിഖ് മൂവി ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമ അതിന്റെ പ്രായശ്ചിത്തത്തിന്റെ വഴിയില്‍ ആണെന്ന് തോന്നുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.

മാന്യമെന്നോ പരിഷ്‌കൃതമെന്നോ നമുക്ക് തോന്നുന്ന ആളുകളില്‍, സമൂഹത്തില്‍, പൊതു ബോധത്തില്‍ അന്തര്‌ലീനമായി കിടക്കുന്ന, പ്രകടമല്ലാത്ത ഒരു ജാതി-വംശ ബോധം ഉണ്ട്. തങ്ങള്‍ മറ്റെല്ലാവരെക്കാളും ‘ഉത്കൃഷ്ടര്‍’ ആണെന്ന ആ ബോധം പക്ഷെ നമ്മുടെ സിവില്‍ സമൂഹത്തില്‍ അത്ര പ്രകടമായി കാണില്ല. ആ ബോധം അവരുടെ ഉച്ഛാസ വായു (സിനിമയില്‍ അതൊരു സൂചനയായി തന്നെ ഉണ്ട്) ആയിരിക്കുമ്പോഴും അത് സമൂഹത്തില്‍ തന്ത്രപരമായി ഇടപെടും. എല്ലായിടത്തും അതിനു കിട്ടുന്ന ആക്‌സസ് സിനിമ പല ഷോട്ടുകളില്‍ കാണിച്ചു തരുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

നാഗരാജ് മഞ്ജുളെയുടെയുടെ സിനിമകളില്‍ ഒക്കെ(ഫാന്‍ഡ്രി, സൈറത്ത്) ജാതി എന്ന സോഷ്യല്‍ റിയലിറ്റിയെ, അതിന്റെ വയലന്‍സിനെ പ്രകകടമായി തന്നെയാണ് വിഷ്വലൈസ് ചെയ്യുന്നത്. കേരളത്തെ അപേക്ഷിച്ചു ജാതി കൂടുതല്‍ പ്രത്യക്ഷമായി തന്നെ അവിടെ പ്രവര്‍ത്തിക്കുന്നു എന്നതു കൊണ്ട് കൂടിയാവാം അത്. പുഴുവിലെ മമ്മൂട്ടിയുടെ കാരക്ടര്‍ നമുക്കിനിയും റിയലൈസ് ചെയ്യാന്‍ കഴിയാത്ത നമുക്കിടയിലുള്ള ഒരാളോ ഒരുപാട് പേരോ ആണ്. അവര്‍ ‘പന്തി ഭോജനം’ എന്ന, സന്തോഷ് എച്ചിക്കാനത്തിന്റെ കഥയിലെ ആ വക്കീലിനെ പോലെ തീന്‍മേശയില്‍ നിങ്ങളോടൊപ്പം ഇരുന്നു കഴിക്കും. എന്നിട്ട് ആരും കാണാതെ വാഷ് ബേസിനില്‍ പോയി ഛര്‍ദ്ദിച്ചു കളയുമെന്നും താരിഖ് പറയുന്നുണ്ട്.

ജാതി, മതം, നിറം, വംശം എല്ലാം പ്രമേയമായി വന്ന എത്രയോ സിനിമകള്‍ കണ്ടുവെങ്കിലും എപ്പോഴും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു സിനിമ ഓസ്ട്രിയന്‍ സംവിധായകനായ മൈക്കല്‍ ഹാനെക്കെയുടെ Cache ആണ്. ഫ്രാന്‍സിലേക്ക് കുടിയേറിയ അള്‍ജീരിയന്‍ വംശജര്‍ അനുഭവിക്കുന്ന വംശീയ വേര്തിരിവിനെ വളരെ വ്യത്യസ്തമായ ഒരു ദൃശ്യപരിചരണത്തില്‍ ആവിഷ്‌കരിക്കുന്ന സിനിമ. സിനിമ എന്താണ് പറയാന്‍ ശ്രമിക്കുന്നത് എന്നു ശരിക്കും മനസ്സിലാകാന്‍ നിങ്ങള്‍ അവസാനം വരെ കാത്തിരിക്കണം. അവസാനം ഹാനെക് നിങ്ങളെ അസ്വസ്ഥനാക്കി വിടും. റതീന എന്ന ചലച്ചിത്രകാരിയെ ഹാനെക് അസ്വസ്ഥയാക്കിയോ എന്നെനിക്കറിയില്ല. ക്രാഫ്റ്റില്‍ വേറിട്ടു നില്‍ക്കുമ്പോഴും പുഴു എന്നെ വീണ്ടും ഹാനെക്കിന്റെ ആ ക്ലാസിക് വര്‍ക്കിനെ ഓര്‍മ്മിപ്പിച്ചു. കുഞ്ചന്‍ അവതരിപ്പിച്ച ആ കാരക്ടര്‍…ആ ഷോട്ട് എന്നു പറഞ്ഞാണ് താരിഖ് കുറിപ്പ് അവസാനിപ്പിക്കുന്നത്.