‘വിജയ് ദേവരകോണ്ടയുടെ അഹങ്കാരം സിനിമയെ ബാധിച്ചവെന്ന് തിയറ്ററുടമ

വലിയ ആവേശത്തോടും പ്രതീക്ഷയോടും തിയറ്ററിലെത്തിയ വിജയ് ദേവേരക്കൊണ്ട ചിത്രം ലൈഗറിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുംബൈയിലെ പ്രമുഖ തിയറ്ററുടമയും മറാത്ത മന്ദിര്‍ സിനിമയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ദേശായി രംഗത്തെത്തി. തന്റെ പുതിയ ചിത്രം ലൈഗര്‍ ഇറങ്ങും മുന്‍പ് നടന്ന ബഹിഷ്‌കരണ ആഹ്വാനങ്ങളെ താരം നേരിട്ട രീതി ശരിയായില്ല. നടന്റെ അഹങ്കാരം സിനിമയെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയുടെ പ്രചാരണത്തിനെത്തിയപ്പോള്‍ മേശയ്ക്ക് മുകളില്‍ കാലെടുത്തുവച്ചതും സൈബര്‍ ഇടങ്ങളില്‍ നിറഞ്ഞിരുന്നു. താരത്തിന്റെ അഹങ്കാരം അഡ്വാന്‍സ് ബുക്കിങ്ങിനെ പോലും ബാധിച്ചെന്ന് ഉടമ പറയുന്നു. ലൈഗറിന്റെ നിര്‍മ്മാണ പങ്കാളിയായി കരണ്‍ ജോഹര്‍ ഉണ്ടെന്നുളളതയിരുന്നു ബഹിഷ്‌കരണത്തിനുളള മറ്റൊരു കാരണം. കോഫി വിത്ത് കരണ്‍ എന്ന ടോക് ഷോയില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയ്ക്കെതിരെയുളള കരണ്‍ ജോഹറിന്റെ പരാമര്‍ശങ്ങളില്‍ നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഷോയുടെ അവതാരകന്‍ കരണ്‍ ജോഹര്‍ സാമന്തയോട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അഭിനേത്രിയായി കാണുന്ന നടി ആരാണ് എന്ന് ചോദിക്കുന്നുണ്ട്. നയന്‍താര എന്നായിരുന്നു സാമന്തയുടെ മറുപടി. തൊട്ടു പിന്നാലെ ‘അവര്‍ എന്റെ ലിസ്റ്റിലില്ല’ എന്നായിരുന്നു കരണിന്റെ കമന്റ്. ഇതാണ് ആരാധകരെ പ്രകോപിതരാക്കിയത്.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ അനന്യ പാണ്ഡെ, രമ്യ കൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പം ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണും പ്രധാന വേഷത്തിലെത്തുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം തിയറ്ററിലെത്തിയത്.

Gargi