‘ബ്ലാക്ക് സിനിമയില്‍ ഷണ്‍മുഖന്‍ പറഞ്ഞതും അങ്ങനെയല്ലേ, രഞ്ജിത്തും മമ്മൂട്ടിയും ക്ഷമ പറയണ്ടേ’; പൃഥ്വിരാജിന്റെയും ഷാജി കൈലാസിന്റെയും ക്ഷമാപണത്തിന് പിന്നാലെ ആരാധകര്‍ ചോദിക്കുന്നു

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥിരാജ് നായകനായെത്തിയ സിനിമയായിരുന്നു കടുവ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്നതരത്തില്‍ കേന്ദ്രകഥാപാത്രമായ പൃഥ്വിരാജ് പറഞ്ഞ ഡയലോഗ് ഏറെ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുണ്ടാകുന്നത് മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്ന രീതിയിലായിരുന്നു ആ ഡയലോഗ്. പൃഥിരാജിന്റെ ഈ മാസ് ഡയലോഗിനെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചതോടെ സംവിധായകന്‍ ഷാജി കൈലാസും നടനും നിര്‍മ്മാതാക്കളില്‍ ഒരാളായ പൃഥ്വിരാജും ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഈ ക്ഷമാപണത്തിന് പിന്നാലെ മലയാള സിനിമയില്‍ മുമ്പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ബ്ലാക്ക് എന്ന സിനിമയില്‍ കരീക്കാമുറി ഷണ്‍മുഖന്‍ പടവീടന്‍ വക്കിലിനോട് പറയുന്ന ഡയലോഗിന് സമാനമായ ഡയലോഗിന്റെ പേരിലല്ലേ പൃഥ്വിരാജും ഷാജി കൈലാസും ക്ഷമ ചോദിച്ചിരിക്കുന്നതെന്നും എങ്കില്‍ രഞ്ജിത്തും മമ്മൂട്ടിയും ക്ഷമ ചോദിക്കണ്ടേ എ്ന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.

‘എടാ ചെകുത്താന് പിറന്ന ചെകുത്താനേ… എന്നിട്ട് എന്ത് നേടി നീ. കട്ടും കടത്തിയും നീയുണ്ടാക്കിയ നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ എന്നെങ്കിലും നീ സ്വസ്ഥമായിട്ട് കിടന്നുറങ്ങിയിട്ടുണ്ടോ? ചെയ്ത പാപങ്ങള്‍ക്കൊക്കെ ശമ്പളം പറ്റിയവരാണ് നമ്മള്‍. മിണ്ടാനും കേള്‍ക്കാനും ത്രാണിയില്ലാത്തൊരു കൊ്ച്ചിന്റെ രൂപത്തില്‍ എനിക്കും കട്ടിലില്‍ ചങ്ങലയില്‍ കിടക്കുന്ന ഭാര്യയും ആ പാവം മോനും നിനക്കും. മാനസാന്തരം നീ അത്ര അറപ്പോടെ പറയേണ്ട വാക്കല്ല, മനുഷ്യനായി ഒരു വെറും മനുഷ്യനായി ജീവിക്കാന്‍ എന്നെ വിട്ടേക്കെന്നേ നിന്നോട് ഞാന്‍ പറഞ്ഞുള്ളൂ…അതിന്റെ പേരില്‍ നീയെനിക്ക് വിധിച്ച ശിക്ഷ മരണമായിരുന്നു. ഇല്ല പടവീടാ ഷണ്‍മുഖനല്ല, ചാവേണ്ടത് നീയാണ്’ എന്നാണ് മമ്മൂട്ടിയുടെ ഷണ്‍മുഖനെന്ന കഥാപാത്രം ലാല്‍ അവതരിപ്പിച്ച ഡെവിന്‍ കാര്‍ലോസ് പടവീടനോട് പറയുന്നത്.

ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നുവെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണമെന്നുമാണ് ഷാജി കൈലാസ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു ഷാജി കൈലാസിന്റെ ക്ഷമാപണം.

‘ഞാന്‍ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം’ എന്നാണ് ഷാജി കൈലാസ് പറഞ്ഞിരിക്കുന്നത്. ഷാജി കൈലാസിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് തെറ്റുപറ്റിപ്പോയി എന്നു പറഞ്ഞുകൊണ്ട് പൃഥിരാജ് ക്ഷമാപണം നടത്തിയത്. ഈ പോസ്റ്റിനാണ് ആരാധകര്‍ ബ്ലാക്ക് സിനിമയിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള സമാനമായ പരാമര്‍ശം ചൂണ്ടിക്കാട്ടി
രംഗത്തെത്തിയത്.

 

 

Aswathy