‘കടുവ’ വൈകിയതിന് പിന്നില്‍ യഥാര്‍ത്ഥ കുറുവച്ചനോ? യാഥാര്‍ത്ഥ്യമിങ്ങനെ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം…

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് തീയതി മാറ്റിയിരുന്നു. ”ചില അപ്രവചനീയമായ സാഹചര്യങ്ങള്‍ കൊണ്ട് റിലീസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരാധകരും തിയറ്റര്‍ ഉടമകളും വിതരണക്കാരും ക്ഷമിക്കണം” എന്നായിരുന്നു കടുവയുടെ റിലീസ് മാറ്റിവച്ചതിനെക്കുറിച്ച് പൃഥ്വിരാജ് പ്രതികരിച്ചത്.

എന്നാല്‍ കടുവയുടെ റിലീസ് വൈകിയതിന് പിന്നില്‍ യഥാര്‍ത്ഥ കുറുവച്ചനാണെന്നാണ് പുറത്ത് വരുന്ന വിവരം. സിനിമ നിലവിലെ രൂപത്തില്‍ റിലീസ് ചെയ്താല്‍ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാകും എന്നു ചൂണ്ടിക്കാട്ടി പാലാ സ്വദേശിയും പ്ലാന്ററും കേരള കോണ്‍ഗ്രസ് (ജെ) നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണു താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹര്‍ജിക്കാരനായ കുറുവച്ചന്‍ പറയുന്നു. തന്റെ ജീവിതത്തിലുണ്ടായ യഥാര്‍ഥ സംഭവങ്ങളും അതിനൊപ്പം വ്യാജ സംഭവങ്ങളും ഇടകലര്‍ത്തിയാണ് സിനിമ. വ്യാജ സീനുകളും തന്റെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതാണെന്നു പ്രേക്ഷകര്‍ കരുതും. ഇതുവഴി തന്റെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാകുമെന്നും ഹര്‍ജിയില്‍ പറയുന്നു.കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രം തന്റെ ജീവിതകഥയെ ആസ്പദമാക്കി എഴുതിയതാണെന്ന കുറുവച്ചന്റെ പരാതിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ സിനിമ കുറുവച്ചന്റെ കഥയല്ലെന്നും അതിലെ നായകന്‍ സാങ്കല്‍പിക കഥാപാത്രം മാത്രമാണെന്നുമായിരുന്നു തിരക്കഥാകൃത്ത് ജിനു ഏബ്രഹാമിന്റെ വിശദീകരണം. ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ പേരു മാറ്റി ‘കടുവ’ എന്ന പേരില്‍ പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ കോടതിയില്‍ നിന്ന് അനുമതി വാങ്ങുകയായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ കടുവ 30ന് റിലീസ് ചെയ്യാനിരിക്കവേയാണ് വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.