ജീവിക്കാൻ സമ്മതിക്കണം, ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്; സുരേഷ് കുമാർ പറയുന്നു!!

Follow Us :

കീർത്തി സുരേഷും ഫർഹാൻ ബിൻ ലിഖായത്തും വിവാഹിതരാകുന്നു എന്ന വാർത്ത വ്യാജമാണെന്ന് കീർത്തിയുടെ പിതാവും നിർമ്മാതാവുമായ സുരേഷ് കുമാർ. കീർത്തിക്കൊപ്പം ചിത്രങ്ങളിൽ നിറഞ്ഞു നിന്ന നടൻ അവളുടെ നല്ലൊരു സുഹൃത്താണ്. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്നും സുരേഷ് കുമാർ വ്യക്തമാക്കി.


ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേഷ് കുമാറിന്റെ വിഡിയോ പുറത്ത് വന്നിരിക്കുന്നത്. അതേ സമയം ഫർഹാനൊപ്പമുള്ള കീർത്തിയുടെ ചിത്രം പ്രചരിച്ചതിന് പിന്നാലെ ഇത് തന്റെ സുഹൃത്താണെന്നും തന്റെ യഥാർത്ഥ മിസ്റ്ററി മാൻ ഇയാളല്ലെന്നും് കീർത്തി പറഞ്ഞിരുന്നു.

സുരേഷ് കുമാറിന്റെ വാക്കുകൾ:

എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ചൊരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കി അത് മറ്റുള്ളവർ ഏറ്റുപിടിക്കുകയാണ്.

ഇക്കാര്യം ചോദിച്ച് നിരവധി പേർ എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. ജീവിക്കാൻ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എനിക്കും അറിയാവുന്ന പയ്യനാണ് ഫർഹാൻ ബിൻ ലിഖായത്തെന്നും സുരേഷ് കുമാർ വ്യക്തമാക്കി. ഞങ്ങൾ ഗൾഫിലൊക്കെ പോകുമ്പോൾ ഞങ്ങളുടൊപ്പം ഷോപ്പിംഗിനെല്ലാം അവൻ വരാറുണ്ട്. അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതു കൊണ്ടാണ് ഞാൻ ഇപ്പോൾ വീഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ വ്യക്തമാക്കി.