വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

Follow Us :

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല, ഇത് വലിയ അപകടകാരിയാണ് ഇതെന്ന് ആരോ​ഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വെള്ളം എവിടെ നിന്നുള്ളതാണെന്ന് അറിയാനാവില്ല. മഴക്കാലത്തെങ്കിലും ഇങ്ങനെ വെൽക്കം ഡ്രിങ്ക് നൽകുന്നത് നിർത്തണമെന്ന് ആരോ​ഗ്യ വകുപ്പ് നിർദേശിച്ചു.

അതേസമയം, വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലുണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജില്ലയിൽ ഈ വർഷം 1,420 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും, 5,360 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെത്തുടർന്ന് 11 മരണം സ്ഥിരീകരിച്ചു. വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെത്തുടർന്ന് സംശയാസ്പദമായ ഏഴു മരണവും റിപ്പോർട്ട് ചെയ്തു.

ജൂണിൽ 154 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും 1607 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവുംകൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് അത്താണിക്കൽ (245), കുഴിമണ്ണ (91), മൂന്നിയൂർ (85), ചേലേമ്പ്ര (53), കൊണ്ടോട്ടി (51), തിരൂരങ്ങാടി (48), പരപ്പനങ്ങാടി (48), നന്നമ്പ്ര (30) എന്നിവിടങ്ങളിലാണ്.ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും ഇതരവകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്തെ കിണറുകൾ മൂന്നു ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്ത്‌ വെള്ളം ശുചീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും വീടുകൾകയറി ബോധവത്കരണം നടത്തുന്നുണ്ട്. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മൈക്ക് പ്രചാരണവുമുണ്ട്.