സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ മോഷണം!!! പിരിച്ചുവിട്ട മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍

ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ മോഷണം. സാനുവിന്റെ പിതാവ് അഗംകുമാര്‍ നിഗത്തിന്റെ വീട്ടില്‍ നിന്നും 72 ലക്ഷം രൂപയാണ് മോഷണം പോയത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍. സോനു നിഗത്തിന്റെ…

ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ പിതാവിന്റെ വീട്ടില്‍ മോഷണം. സാനുവിന്റെ പിതാവ് അഗംകുമാര്‍ നിഗത്തിന്റെ വീട്ടില്‍ നിന്നും 72 ലക്ഷം രൂപയാണ് മോഷണം പോയത്. സംഭവത്തില്‍ അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍. സോനു നിഗത്തിന്റെ പിതാവിന്റെ മുന്‍ ഡ്രൈവര്‍ ആയിരുന്ന റെഹാന്‍ ആണ് അറസ്റ്റിലായത്.

ഒഷിവാരയിലെ വിന്‍ഡ്സര്‍ ഗ്രാന്‍ഡിലെ വീട്ടിലാണ് സോനുവിന്റെ പിതാവ് അഗംകുമാര്‍ നിഗം താമസിക്കുന്നത്. മാര്‍ച്ച് 19നും 20നും ഇടയിലാണ് കവര്‍ച്ച നടന്നത്. സോനുവിന്റെ ഇളയ സഹോദരി നികിതയാണ് പരാതിയുമായി ഒഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് നികിത പരാതി നല്‍കിയത്.

എട്ടുമാസത്തോളം സാനുവിന്റെ ഡ്രൈവറായിരുന്നു റെഹാന്‍. എന്നാല്‍ അടുത്തിടെ ജോലിയില്‍ തൃപ്തിയില്ലാത്തതിനാല്‍ അദ്ദേഹത്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് വെര്‍സോവ ഏരിയയിലെ നികിതയുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനായി എത്തിയ അഗംകുമാര്‍ തിരിച്ച് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപ നഷ്ടമായത് അറിയുന്നത്. ഉടനെ അദ്ദേഹം മകളെ വിളിച്ച് മോഷണ വിവരം അറിയിച്ചു. മാത്രമല്ല തൊട്ടടുത്ത ദിവസവും വീട്ടില്‍ മോഷണം നടന്നു. അന്നേ ദിവസം വീട്ടില്‍ നിന്ന് കവര്‍ന്നത് 32 ലക്ഷം രൂപയായിരുന്നു

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഗംകുമാറിന്റെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് റെഹാന്‍ പിടിയിലായത്. മോഷണം നടന്ന രണ്ടു ദിവസവും റെഹാന്‍ ബാഗുമായി അഗംകുമാറിന്റെ ഫ്ളാറ്റിലേക്ക് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് വീട്ടനകത്ത് കയറിയത്. ഐപിസി 380, 454, 457 എന്നീ വകുപ്പുകള്‍ പ്രകാരം മോഷണത്തിനും വീട്ടില്‍ അതിക്രമിച്ചു കടന്നതിനുമാണ് ഒഷിവാര പൊലീസ് കേസെടുത്തത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് മടി ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ വന്‍ മോഷണം നടന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ താരത്തിന്റെ ജോലിക്കാരി പിടിയിലായിരുന്നു. 100 സ്വര്‍ണ്ണ നാണയങ്ങളും 30 ഗ്രാം വജ്രവുമായിരുന്നു മോഷ്ടിക്കപ്പെട്ടത്.