മോഷണ ശേഷം കള്ളന്റെ ആനന്ദനൃത്തം- സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍ മോഷണം നടത്തിയ ശേഷം കള്ളന്‍ നൃത്തം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലുള്ള പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് സമീപം വെള്ളിയാഴ്ചയാണ് സംഭവം. കടയില്‍ കവര്‍ച്ച നടത്തുക എന്ന…

ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍ മോഷണം നടത്തിയ ശേഷം കള്ളന്‍ നൃത്തം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ചന്ദൗലിയിലുള്ള പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് സമീപം വെള്ളിയാഴ്ചയാണ് സംഭവം.

കടയില്‍ കവര്‍ച്ച നടത്തുക എന്ന ലക്ഷ്യവുമായി എത്തിയ മോഷ്ടാവ് ഒരു ഹാര്‍ഡ്വെയര്‍ കടയില്‍ മോഷണം നടത്തിയ ശേഷം നൃത്തം ചെയ്യുന്നത് കാണാം വീഡിയോയില്‍. എന്നിട്ട് അയാള്‍ കടയുടെ പ്രധാന ഗേറ്റ് എളുപ്പത്തില്‍ തുറന്ന് കടയില്‍ നിന്ന് പുറത്തിറങ്ങുന്നു. 6000 രൂപയും ആയിരങ്ങള്‍ വിലമതിക്കുന്ന സാധനങ്ങളും ഇയാള്‍ മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. യുപിയില്‍ കള്ളന്‍ ചന്ദൗലിയില്‍ മോഷണത്തിന് ശേഷം ആഘോഷിക്കുന്നു @ chandaulipolice നിങ്ങള്‍ക്ക് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ? വീഡിയോയ്ക്കൊപ്പം അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.

ചന്ദൗലി മാര്‍ക്കറ്റിലെ കടയിലാണ് മോഷണം നടന്നത്. ജസൂരി ഗ്രാമവാസിയായ അഷു സിങ്ങിന്റെതാണ് ഇത്. മോഷണം നടന്ന ഹാര്‍ഡ്വെയര്‍ ഷോപ്പ് എസ്പി വസതിയില്‍ നിന്ന് അല്‍പ്പം അകലെയാണ്. വീഡിയോ ദൃശ്യങ്ങള്‍ അനുസരിച്ച്, മോഷ്ടാവ് വളരെ അനായാസമായാണ് ഇവിടെ കയറിയത്. പിറ്റേന്ന് രാവിലെ അഷു തന്റെ കടയിലെത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ന്നതായി ശ്രദ്ധിച്ചത്. കടയില്‍ കയറിയപ്പോഴാണ് ഡ്രോയറില്‍ നിന്ന് പണവും നഷ്ടപ്പെട്ടതായി കണ്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളന്റെ മോഷണവും നൃത്തവും കണ്ടത്. ഇതിന് തൊട്ടുപിന്നാലെ ഇയാള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ചന്ദൗലി പോലീസും വീഡിയോയോട് പ്രതികരിച്ചു. ചന്ദൗലി പോലീസിന്റെ ഔദ്യോഗിക അക്കൗണ്ട് ട്വീറ്റ് ചെയ്തു, ‘സംഭവവുമായി ബന്ധപ്പെട്ട്, പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും.’

അതേസമയം അടുത്തിടെ നടന്ന ഒരു സംഭവത്തില്‍, ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍ ആരാധനാലയത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ മതിലില്‍ കുടുങ്ങിയിരുന്നു. ശ്രീകാകുളത്തെ കാഞ്ചിലി മണ്ഡലത്തിലെ ജദുപുഡി ഗ്രാമത്തിലാണ് സംഭവം.