എട്ടാം നിലയില്‍ തൂങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്

കുട്ടികളുടെ കുസൃതികള്‍ ചിലപ്പോഴെങ്കിലും അതിരു കടക്കാറുണ്ട്. പലതും ജീവന്‍ പോലും അപകടത്തിലാക്കാറുണ്ട്. കസാഖിസ്ഥാനില്‍ നടന്ന അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കസാക്കിസ്ഥാനിലെ നൂര്‍ സുല്‍ത്താനില്‍, വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് കുഞ്ഞിന്റെ…

കുട്ടികളുടെ കുസൃതികള്‍ ചിലപ്പോഴെങ്കിലും അതിരു കടക്കാറുണ്ട്. പലതും ജീവന്‍ പോലും അപകടത്തിലാക്കാറുണ്ട്. കസാഖിസ്ഥാനില്‍ നടന്ന അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

കസാക്കിസ്ഥാനിലെ നൂര്‍ സുല്‍ത്താനില്‍, വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് കുഞ്ഞിന്റെ കളി. ഇതിനിടയില്‍ കുഞ്ഞ് താഴേക്ക് വീണു. എന്തായാലും ഒരു യുവാവ് ധൈര്യപൂര്‍വം കുഞ്ഞിനെ രക്ഷിച്ചു. എട്ടാം നിലയില്‍ തൂങ്ങിക്കിടന്ന മൂന്നു വയസ്സുകാരിയുടെ ജീവന്‍ ഈ യുവാവ് രക്ഷിച്ചു. 37 കാരനായ സാബിത് ഷോട്ടകോബേവാണ് ഇത്തരമൊരു സാഹസത്തിന് തയ്യാറായത്.
രാവിലെ ജോലിക്ക് പോവുകയായിരുന്ന സാബിത്ത് കെട്ടിടത്തിന്റെ എട്ടാം നിലയില്‍ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. പിന്നീട് ഒന്നും നോക്കിയില്ല, ഉടന്‍ തന്നെ കെട്ടിടത്തിനുള്ളിലേക്ക് ഓടിക്കയറി കുഞ്ഞ് തൂങ്ങിക്കിടന്നിരുന്ന താഴത്തെ നിലയിലെ ജനലിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പെണ്‍കുട്ടി ഏകദേശം 10-15 മിനുട്ട് ജനാലയില്‍ തൂങ്ങിക്കിടന്നു. ഈ സമയം മാതാപിതാക്കള്‍ കുട്ടിയുടെ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെ ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഈ യുവാവ് കാണിച്ച ധൈര്യം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയടിയാണ്. ഇത്രയും വലിയ കാര്യം ചെയ്തിട്ടും ആരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ നില്‍ക്കാതെ ജോലിക്ക് പോകാന്‍ വൈകിയ യുവാവ് ഉടന്‍ തന്നെ സ്ഥലം വിട്ടു.

ആ കുഞ്ഞിനെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. പിന്നെ മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ചും ആ നിമിഷത്തെ കുറിച്ചും ചിന്തിച്ചിട്ടില്ലെന്ന് ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യുവാവ് പറഞ്ഞു. മൂന്ന് പെണ്‍മക്കളും ഒരു മകനുമുണ്ട് സാബിത്തിന്.