കടുവയ്ക്ക് 75 ലക്ഷം രൂപ ചെലവില്‍ ഇരുമ്പു കൂട്; നിരീക്ഷണ ക്യാമറകള്‍ ചുറ്റിലും

മുത്ത്മുടി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തില്‍ നിന്ന് കിട്ടിയ കടുവക്കുഞ്ഞിനെ തമിഴ്‌നാട് വനംവകുപ്പ് ഇരുമ്പുകൂട്ടിലേക്കു മാറ്റി. ഒമ്പത് മാസം പ്രായമുള്ള കടുവ കുഞ്ഞ് 8 മാസമായി വനംവകുപ്പിന്റെ പരിചരണത്തിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് മാനാമ്പള്ളി റേഞ്ച് ഉദ്യോഗസ്ഥര്‍…

മുത്ത്മുടി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തില്‍ നിന്ന് കിട്ടിയ കടുവക്കുഞ്ഞിനെ തമിഴ്‌നാട് വനംവകുപ്പ് ഇരുമ്പുകൂട്ടിലേക്കു മാറ്റി. ഒമ്പത് മാസം പ്രായമുള്ള കടുവ കുഞ്ഞ് 8 മാസമായി വനംവകുപ്പിന്റെ പരിചരണത്തിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് മാനാമ്പള്ളി റേഞ്ച് ഉദ്യോഗസ്ഥര്‍ പരുക്കേറ്റ നിലയില്‍ കടുവക്കുഞ്ഞിനെ കണ്ടെത്തിയത്.

മുള്ളന്‍പന്നിയുടെ മുള്ളുകള്‍ കടുവയുടെ ദേഹത്ത് കണ്ടെത്തിയിരുന്നു. കടുവയെ ഉടന്‍ അയ്യര്‍പാടിയിലുള്ള വനംവകുപ്പിന്റെ റെസ്‌ക്യൂ സെന്ററിലേക്കു മാറ്റി. ഫീല്‍ഡ് ഡയറക്ടര്‍ രാമസുബ്രഹ്‌മണ്യത്തിന്റെയും ഡിഎഫ്ഒ അശോകന്റെയും നിര്‍ദേശപ്രകാരം റേഞ്ച് ഓഫിസര്‍ മണികണ്ഠന്റെ നേതൃത്വത്തില്‍ വനം വകുപ്പിലെ മൃഗഡോക്ടറെ വരുത്തി ചികിത്സ തുടങ്ങി. ദിവസങ്ങള്‍ക്കകം കടുവ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. സന്ദര്‍ശകരുടെ വരവു കൂടിയതോടെ കടുവയെ മാനാമ്പള്ളി വനത്തില്‍ പ്രത്യേകം ഒരുക്കിയ കൂട്ടിലേക്കു മാറ്റുകയാണ് ചെയ്തത്.

ഇപ്പോഴിതാ 75 ലക്ഷം രൂപ ചെലവില്‍ ഇരുമ്പുകൊണ്ടു കൂട് നിര്‍മിച്ചിരിക്കുകയാണ് ഇന്നലെ കടുവയെ ഈ കൂട്ടിലേക്കു മാറ്റി. കൂടിനു ചുറ്റും നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ കടുവയ്ക്കു വേണ്ടി ഇത്തരമൊരു പദ്ധതി ആദ്യമായാണെന്നും ഈ കൂട്ടില്‍ വേട്ടയാടല്‍ പഠിക്കാന്‍ സാധിക്കുമെന്നും ആനമല കടുവ സംരക്ഷണ ഫീല്‍ഡ് ഡയറക്ടര്‍ രാമസുബ്രഹ്‌മണ്യന്‍ പറഞ്ഞു.