നേരിട്ട ബുദ്ധിമുട്ടുകള്‍ സന്തോഷങ്ങളായി മാറി….!! നന്ദി അറിയിച്ച് ടിനു പാപ്പച്ചന്‍

Follow Us :

മലയാള ചലച്ചിത്ര രംഗത്ത് ഏറെ ആരാധകരുള്ള സംവിധായകനാണ് ടിനു പാപ്പച്ചന്‍. അങ്കമാലി ഡയറീസ്, ഡാര്‍വിന്റെ പരിണാമം, സ്ട്രീറ്റ് ലൈറ്റ്സ് എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായി നിന്ന ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി താന്‍ സംവിധാനം ചെയ്ത അജഗജാന്തരം എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു സന്തോഷ വാര്‍ത്ത അറിയിച്ച് എത്തിയിരിക്കുകയാണ് ടിനു.

സിനിമ പ്രദര്‍ശനത്തിന്റെ 50-ാം ദിവസം കടക്കുന്ന വിവരമാണ് ടിനു പാപ്പച്ചന്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുന്നത്. ഈ സന്തോഷം അറിയിച്ച് കൊണ്ട് ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…

പ്രിയപ്പെട്ടവരെ, അജഗജാന്തരം എന്ന എന്റെ സിനിമ വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും ഒരായിരം നന്ദി. വളരെയധികം പ്രതിസന്ധികള്‍ തരണം ചെയ്താണ് ഈ സിനിമ തിയറ്ററില്‍ എത്തിച്ചത്. തിയറ്ററുകളില്‍ ഈ സിനിമയ്ക്ക് നിങ്ങള്‍ നല്‍കിയ ആഘോഷപൂര്‍വ്വമായ വരവേല്‍പ്പ് എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തെ യാത്രയില്‍ ഞാന്‍ നേരിടേണ്ടിവന്ന എല്ലാ ബുദ്ധിമുട്ടുകളും സന്തോഷം ആയി മാറിയത് ഈ സിനിമ പ്രേക്ഷകര്‍ ഹൃദയപൂര്‍വം സ്വീകരിച്ചപ്പോഴാണ്. മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍ക്കു പുറമെ അജഗജാന്തരം ഇപ്പോഴും കുറച്ചധികം സിംഗിള്‍ സ്‌ക്രീനുകളിലും പ്രദര്‍ശനം തുടരുന്നു എന്നത് വല്ലാത്ത സന്തോഷം തരുന്ന അനുഭവമാണ്.

ഞാനിപ്പോഴും എന്റെ പ്രേക്ഷകരുടെ ഹൃദയത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന വിശ്വാസം, ഈ വിജയം എന്നെ വീണ്ടും ബോധ്യപ്പെടുത്തുന്നു. അത് തന്നെയാണ് ഇനിയും മുമ്പോട്ടു പോകുവാനുള്ള എന്റെ പ്രചോദനം. ഈ യാത്രയ്ക്കിടയില്‍ എന്റെയൊപ്പം ചേര്‍ന്നുനിന്ന എന്റെ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അഭിനേതാക്കള്‍, എന്റെ ഗുരുനാഥന്‍, അതോടൊപ്പം മറക്കാനാവാത്ത രണ്ടു പേരുകള്‍- ഇമ്മാനുവേല്‍ ജോസഫ്, അജിത്തേട്ടന്‍- എല്ലാവരോടും എന്റെ ഹൃദയത്തില്‍ നിന്നും ഒരായിരം നന്ദി. എല്ലാവരോടും മനസ്സ് നിറയെ ഒരുപാട് സ്‌നേഹം.