ടൊവിനൊ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ‘വാശി’. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മികച്ച ഒരു ചിത്രമായിരിക്കും ‘വാശി’ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതിനാല്‍ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.
വിഷ്ണു ജി രാഘവാണ് ‘വാശി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ എന്ന നിലയില്‍ കൂടി ശ്രദ്ധേയനാണ് ഇദ്ദേഹം. വക്കീല്‍ വേഷത്തിലാണ് ടൊവിനൊ തോമസും കീര്‍ത്തി സുരേഷും എത്തുന്നത്. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണന്‍ ആണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
വിഷ്ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നാണ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് കുറിച്ചത്. ‘വാശി’ എന്ന ചിത്രത്തില്‍ തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും ടോവിനോ നന്ദി പറഞ്ഞിരുന്നു. വളരെ പ്രസക്തമായ ഒരു കാര്യമാണ് ‘വാശി’ പറയുന്നത് എന്നും ടൊവിനൊ വ്യക്തമാക്കിയിരുന്നു. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക.
