‘സംസാര രീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് മോശം പരിപാടിയാണ്’; ഷൈന്‍ പറഞ്ഞതിനെ പിന്തുണച്ച് ടൊവിനോ

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് തല്ലുമാല. ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ ടൊവിനോ തോമസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇന്റര്‍വ്യൂകളിലെ സംസാരരീതികൊണ്ട് നിരവധി തവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ഷൈനിന് നേരെ വന്ന മോശം കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ.

തന്നെ കുറിച്ചും അഭിമുഖങ്ങളിലെ പ്രവര്‍ത്തികളെ കുറിച്ചുമൊക്കെ മോശം പറയുന്നവരെ ശ്രദ്ധിക്കാറില്ലെന്നും, അതൊക്കെ ശ്രദ്ധിച്ചാല്‍ ജോലി ചെയ്യാന്‍ സാധിക്കില്ല എന്നുമാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. ഷൈനിന്റെ ഈ വാക്കുകളെ പിന്തുണച്ച് എത്തിയിരിക്കുകയാണ് ടൊവിനോ. ഷൈന്റെ അഭിമുഖങ്ങള്‍ എല്ലാം തന്നെ താന്‍ കണ്ടതാണെന്നും, തനിക്ക് അദ്ദേഹം പറഞ്ഞതില്‍ തെറ്റുകള്‍ ഒന്നും തോന്നുന്നില്ല എന്നുമാണ് ടൊവിനോ ഇതിനെ പറ്റി പറഞ്ഞത്. ആശയപരമായി വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പറയാമെന്നും, അതല്ലാതെ ഒരാളുടെ സംസാരരീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് ശരിയല്ല എന്നും ടൊവിനൊ കൂട്ടിചേര്‍ത്തു.

‘നിങ്ങള്‍ക്ക് അയാള്‍ പറയുന്നതില്‍ എന്തെങ്കിലും ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കില്‍ അത് പറയാം, അതല്ലാതെ ഒരാളുടെ സംസാരരീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് വളരെ മോശം പരിപാടിയാണ്. ഷൈന്റെ മുഴവന്‍ അഭിമുഖങ്ങളും ഞാന്‍ കണ്ടിട്ടുണ്ട് എനിക്ക് അതില്‍ പ്രശ്‌നങ്ങള്‍ ഒന്നും തോന്നിയിട്ടില്ല,’ എന്നായിരുന്നു ടൊവിനോയുടെ വാക്കുകള്‍. എല്ലാവരും നമ്മളെ പോലെ ആകണം എന്ന് കരുതുന്നത് എന്തിനാണെന്നും അവര്‍ എങ്ങനെയാണോ അങ്ങനെ അവരെ ഉള്‍ക്കൊള്ളാന്‍ നമ്മുക്ക് കഴിയണം എന്നുമായിരുന്നു ടൊവിനോയുടെ വാക്കുകള്‍.

ടൊവിനോ, ഷൈന്‍ ടോം ചാക്കോ എന്നിവരെ കൂടാതെ ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്. വിഷ്ണു വിജയ് ആണ് സംഗീതം. ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.

 

Previous articleകീര്‍ത്തി സുരേഷും പ്രണവും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്, പക്ഷെ ഒരാവശ്യം വന്നാല്‍ ആദ്യം വിളിക്കുക അദ്ദേഹത്തെ; കല്യാണി പ്രിയദര്‍ശന്‍
Next articleശില്‍പ്പഷെട്ടിക്കൊപ്പം മുഖം മറച്ചെത്തിയ രാജ് കുന്ദ്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം