കലാകാരനെ സ്വീകരിക്കാൻ നമ്മൾക്ക് മടിയില്ല. സിനിമക്കാരേയും അങ്ങിനെത്തന്നെ. ഒരു നടനെ നമ്മൾ സ്വീകരിക്കുന്നത് അവൻ ചെയ്ത വേഷങ്ങൾ നോക്കിയാണ്. അത് മാത്രമല്ല, സിനിമക്ക് പുറത്ത് അവൻ എങ്ങനെ എന്നുകൂടി നമ്മൾ നോക്കും. മലയാളി അങ്ങനെ ആണ്. ഇത് രണ്ടും നമ്മളുമായി കണക്ട് ആയാൽ അവരെ നമ്മൾ നെഞ്ചിൽ കൊണ്ട് നടക്കും. ഇത് പുതിയ കണ്ടുപിടുത്തം അല്ല. അത് കാലാകാലങ്ങളായി അങ്ങനെയാണ്.ടോവിനോ ചെയ്ത കഥാപാത്രങ്ങൾ നമുക്ക് കണക്ട് ചെയ്യാൻ ആകുന്നവയാണ്. നമ്മളുമായോ നമ്മുടെ ചുറ്റിനും ഉള്ളവരുമായോ നമ്മൾ കടന്നു പോയ അനുഭവങ്ങളുമായോ നമ്മുടെ സാഹചര്യങ്ങളുമായോ ഒക്കെ ചേർത്ത് വയ്ക്കാവുന്ന കഥകളും മനുഷ്യരും ഓക്കെ ടോവിനോ ചിത്രങ്ങളിൽ ഉണ്ട്. അതാവാം നമുക്ക് പെട്ടെന്ന് ആ പേര് നെഞ്ചിൽ കയറിയതും പത്ത് വർഷത്തോളമായി മലയാള സിനിമയിൽ നിൽക്കുന്നതും.
തീവണ്ടി ആയ ആളുകൾ നമ്മുടെ അറിവിൽ ഉണ്ട്. മുഴുവൻ സമയവും വലിച്ചു നടക്കുന്നവർ. എ ബി സി ഡി യിലെ രാഷ്ട്രീയക്കാരനെ നമുക്കൊക്കെ അറിയാം. അവൻ നമ്മുടെ മുന്നിൽ പല രൂപങ്ങളിൽ ഉണ്ട്. ടോവിനോ സിനിമകളിലെയും നിസഹായത പേറുന്ന മനുഷ്യർ നമ്മളാവാം. അല്ലെങ്കിൽ നമുക്ക് വേണ്ടപ്പെട്ടവർ ആകാം. മകൾ നഷ്ടപ്പെട്ടവർക്കോ വേണ്ടപ്പെട്ടവർ നഷ്ടപ്പെട്ടവർക്കോ എളുപ്പം മനസ്സിലാകും തേജസ് വർക്കിയെ. ജീവിതത്തിൽ തീരുമാനം എടുക്കാനാവാതെ പലപ്പോഴും നിന്ന് പോകുന്നവർക്ക് ചേർത്ത് പിടിക്കാനാകും കാണെകാണെയിലെ അലനെ.ഇങ്ങനെ ഓരോന്നും എടുത്ത് നോക്കിയാൽ അത് നമ്മളുമായി എങ്ങനെയൊക്കെയോ ചേർന്ന് നിൽക്കുന്നു. അതിമനുഷികർ എന്നോ, അല്ലെങ്കിൽ സാധാരണ മനുഷ്യന് കഴിയാത്ത വിധം ശക്തി ഉള്ള, പ്രതികരണ ശേഷി ഉള്ള കലക്കിയിലെ പോലീസുകാരൻ ആകുമ്പോൾ നമുക്ക് അത് നമ്മളായിട്ട് തോന്നും.
കാരണം ഈ ദുഷിച്ച വ്യവസ്ഥകളോട് ഒരിക്കലെങ്കിലും തിരിച്ചു ചോദിക്കാൻ ഉള്ള് കൊണ്ടെങ്കിലും കൊതിച്ചവരാണ് നമ്മൾ. മിന്നൽ മുരളി സൂപ്പർ ഹീറോ ആണ്. ഈ ലോകം രക്ഷിക്കുന്ന സൂപ്പർ ഹീറോ ആയി നമ്മളെ ഒരിക്കലെങ്കിലും സ്വയം കരുതാത്ത ആരും ഉണ്ടാവാൻ ഇടയില്ല.അങ്ങനെ നമ്മളുമായി ചേർന്ന് നിൽക്കുന്നതോ, നമ്മുടെ ഫാന്റസിയിൽ നിൽക്കുന്നതോ ആയ ഒരുപാട് വേഷങ്ങൾ ചെയ്തതിനാലാവാം മലയാള സിനിമയിൽ ടോവിനോ പത്ത് വർഷം തികക്കാൻ പോകുന്നത്. മലയാളി നെഞ്ചിലേറ്റിയത്. ഇനിയും നല്ല വേഷങ്ങളുമായി വന്ന് ഞങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുക.