കുഞ്ഞുനാളില്‍ ഉപേക്ഷിച്ച മകനെ കാണണം…ബോളിവുഡില്‍ അറിയപ്പെടുന്ന സംവിധായകനാണ്! ഗാന്ധിഭവനില്‍ നിന്നും ടിപി മാധവന്റെ അപേക്ഷ

മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ടിപി മാധവന്‍. സൂപ്പര്‍ താരങ്ങളോടൊപ്പം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. 600ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ അഭിനയ ലോകത്ത് നിന്നും വിട്ടുമാറി വിശ്രമത്തിലാണ്. മാധവനിപ്പോള്‍ പത്തനാപുരത്തെ ഗാന്ധിഭവനിലാണ് ജീവിക്കുന്നത്.

കടുത്ത സിനിമാ പ്രേമത്തിന്റെ പേരില്‍ കുടുംബജീവിതം പോലും ഉപേക്ഷിക്കേണ്ടി വന്നു. അനാരോഗ്യവും ദാരിദ്ര്യവുമാണ് മാധവനെ ഗാന്ധിഭവനിലെത്തിച്ചത്. ചലച്ചിത്ര താര സംഘടനയായ ‘ അമ്മ’ യുടെ സ്ഥാപക സെക്രട്ടറിയുമായിരുന്നു അദ്ദേഹം.

ഇപ്പോഴിതാ അദ്ദേഹം തന്റെ മകനെ കാണണം എന്ന ആഗ്രഹം പങ്കുവച്ചിരിക്കുകയാണ്.
ഫ്‌ലവേഴ്‌സ് ടിവി യിലെ അമ്മമാരുടെ സംസ്ഥാന സമ്മേളനം എന്ന പരിപാടിയില്‍ പത്തനാപുരത്തെ ഗാന്ധിഭവന്‍ സ്ഥാപകന്‍ പുനലൂര്‍ സോമരാജന്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മാധവന്റെ ആഗ്രഹം അറിയിച്ചത്.

ഫ്‌ലവേഴ്‌സിലെ പരിപാടിയില്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് ടിപി മാധവന്‍ സര്‍ തന്നോട് രണ്ട് ആഗ്രഹങ്ങള്‍ ശ്രീകണ്ഠന്‍ നായരോട് പറയാന്‍ പറഞ്ഞിരുന്നു. ഒന്ന് മോഹന്‍ലാലിനെ കാണണം. രണ്ട് അദ്ദേഹത്തിന്റെ മകനെ ഒന്ന് കാണാന്‍ ആഗ്രഹം ഉണ്ടെന്നും പറഞ്ഞതായി സോമരാജന്‍ ഷോയില്‍ പറഞ്ഞു.

ടിപി മാധവന്റെ മകന്‍ രാജകൃഷ്ണമേനോന്‍ ആണ്, അദ്ദേഹം ബോളിവുഡില്‍ അറിയപ്പെടുന്ന സംവിധായകനാണ്. മകന് രണ്ടരവയസ്സ് പ്രായമുള്ളപ്പോഴാണ് മാധന്‍ സിനിമ തലയക്ക് പിടിച്ചപ്പോള്‍ കുടുംബത്തെ ഉപേക്ഷിച്ചത്.

സിനിമാ മോഹം കൂടിയ ശേഷം കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് മകനെ കാണണം എന്ന ആഗ്രഹം ഉണ്ടായത്. വളരെ ചെറുപ്പത്തില്‍ തന്നെ ഉപേക്ഷിച്ച് പോയ അച്ഛനെ ഇനി കാണണ്ട എന്ന് രാജാ കൃഷ്ണ മേനോന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പിപ്പ, ഷെഫ്, എയര്‍ലിഫ്റ്റ് എന്നിവയുടെ സംവിധായകനാണ് രാജാ കൃഷ്ണ മേനോന്‍. അമ്മയ്‌ക്കൊപ്പം ബാംഗ്ലൂരിലാണ് പഠിച്ചതും വളര്‍ന്നതും. തീര്‍ത്തും യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. അമ്മയുമായി പണ്ടേ വേര്‍പിരിഞ്ഞതിനാല്‍ അച്ഛനുമായി തനിക്ക് അടുപ്പമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു .

താര സംഘടനയായ ‘ അമ്മ’ യുടെ സ്ഥാപക സെക്രട്ടറിയായിരുന്നു മാധവന്‍.
1994-1997 കാലഘട്ടത്തില്‍ അമ്മ സംഘടനയുടെ സെക്രട്ടറി ആയിരുന്നു. ചെറുപ്പം മുതലേ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. പഠന ശേഷം അദ്ദേഹത്തിന് ആര്‍മിയിലേക്ക് സെലക്ഷന്‍ കിട്ടിയിരുന്നു, എന്നാല്‍ ആ സമയം കൈയ്ക്ക് പരിക്കേറ്റതിനാല്‍ ആര്‍മിയിലേക്ക് പോവാന്‍ സാധിച്ചില്ല. ഇതിനിടിയില്‍ വിവാഹം കഴിഞ്ഞ് വീണ്ടും കൊല്‍ക്കത്തയിലേക്ക് പോയി. അന്ന് ബാംഗ്ലൂരില്‍ ഇംപാക്റ്റ് എന്ന പരസ്യകമ്പനി തുടങ്ങി. എന്നാല്‍ കമ്പനി വിജയമായില്ല.

അവിടെ വെച്ചാണ് പ്രശസ്ത സിനിമാതാരം മധുവിനെ കാണുന്നത്. മധുവിന്റെ അസിസ്റ്റന്റായിരുന്ന മോഹന്‍ മാധവന്റെ രണ്ടു ഫോട്ടോകള്‍ സ്‌ക്രീന്‍ ടെസ്റ്റിനായി എടുത്തിരുന്നു. അങ്ങനെ ‘അക്കല്‍ദാമ’ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചു. പിന്നീട് സിനിമയോടുള്ള ഇഷ്ടം കൂടി. അങ്ങനെ മദ്രാസിലേക്ക് വണ്ടി കയറുകയായിരുന്നു.

എന്നാല്‍ സനിമാമോഹം അദ്ദേഹത്തിന്റെ കുടുംബജീവിതം തകര്‍ക്കുകയായിരുന്നു,
ഭാര്യ സുധയുമായി വിവാഹമോചനം നേടി. അതിന് ശേഷം 1975ല്‍ ‘രാഗം’ എന്ന സിനിമയിലൂടെ ആണ് അദ്ദേഹം സിനിമയിലെത്തി ശ്രദ്ധേയനായി.

അടുത്തിടെ നടി നവ്യ നായര്‍ പത്തനാപുരം ഗാന്ധി ഭവനില്‍ വെച്ച് അദ്ദേഹത്തെ കണ്ട കാര്യം വൈകാരികമായി പങ്കുവച്ചിരുന്നു.

Anu B