News

വെള്ളാപ്പള്ളി നടേശനെതിരേ ആരോപണവുമായി ടി പി സെന്‍കുമാര്‍

vellapally-tp-senkumar

വെള്ളാപ്പള്ളി നടേശനെതിരെ ആരോപണവുമായി ടി പി സെൻകുമാർ, എസ് എൻ ഡി പി യോഗത്തിൽ നിന്നും പണം തട്ടിയെടുതെന്നു ആരോപിച്ചാണ് സെൻ കുമാർ രംഗത്ത് എത്തിയത്,ബി.ഡി.ജെ.എസ് മുന്‍ ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവും സെന്‍കുമാറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എസ്.എന്‍ കോളജുകളില്‍ പ്രവേശനത്തിനും നിയമനത്തിനുമായി എസ്.എന്‍.ഡി.പിക്ക് 1600 കോടി ലഭിച്ചെന്നും എന്നാല്‍ ഈ പണം എവിടെയാണന്ന് അറിയില്ലെന്നും സെന്‍കുമാര്‍ ആരോപിച്ചു. എസ്.എന്‍.ഡി.പിയില്‍ കുടുംബാധിപത്യമാണ്. എസ്.എന്‍.ഡി.പിയുടെ പല ശാഖകളും വ്യാജമാണ്. ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാര്‍ ഉണ്ടെന്നും സെന്‍കുമാര്‍ ആരോപിച്ചു.

എസ്‌എന്‍ ട്രസ്റ്റിന്റെ എല്ലാ പണമിടപാടുകളും അന്വേഷിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും വന്‍ അഴിമതിയാണ് നടക്കുന്നത്. വിദ്യാര്‍ത്ഥി പ്രവേശനവും അധ്യാപക നിയമനവും വഴി കണക്കറ്റ പണം ലഭിച്ചു. അഡ്മിഷനും നിയമനത്തിനും വാങ്ങിയ പണം കാണാനില്ല. റവന്യു ഇന്റലിജന്‍സും ആദായ നികുതി വകുപ്പും ഇക്കാര്യങ്ങള്‍ അന്വേഷിക്കണം. കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിലെ പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

എസ്‌എന്‍ഡിപിയുടെ പല ശാഖകളും വ്യാജമാണ്. വെള്ളാപ്പള്ളി നടേശന്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെടുന്നത് ക്രമക്കേടിലൂടെയാണെന്നും എസ്‌എന്‍ഡിപി തെരഞ്ഞെടുപ്പുകള്‍

vellapally-tp-senkumar

സുതാര്യമല്ലെന്നും എസ്‌എന്‍ഡിപിയില്‍ ജനാധിപത്യമില്ലെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.ജനാധിപത്യരീതിയിലേക്ക് എസ്‌എന്‍ഡിപി യോഗം വരണം. ഇതിനായി പുതിയ സംവിധാനം വേണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. ആരും രണ്ടു തവണയില്‍ കൂടുതല്‍ എസ്‌എന്‍ഡിപി നേതൃസ്ഥാനത്ത് ഉണ്ടാകരുത്. നേതൃസ്ഥാനത്തുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കു ചുമതലകള്‍ നല്‍കരുത്. സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശം നല്‍കണം. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം നിയമനം.

എസ്‌എന്‍ കോളജുകളുടെ അവസ്ഥ വളരെ മോശമാണ്. അറ്റകുറ്റപ്പണികള്‍ക്ക് പണം ചെലവഴിക്കുന്നില്ല. ആ പണം എവിടെ പോയെന്ന് അന്വേഷിക്കണം. ശിവഗിരി തീര്‍ത്ഥാടനത്തിനു 100 രൂപവീതം എസ്‌എന്‍ഡിപി പിരിക്കുന്നു. ആ പണത്തിന്റെ ബാക്കി എവിടെയെന്നും അന്വേഷിക്കണം. കേരളത്തില്‍ ആദ്യം ഉണ്ടായ നവോത്ഥാന പ്രസ്ഥാനമാണ് എസ്‌എന്‍ഡിപി. അത് ഒരു കുടുംബത്തിനു മാത്രമാകരുത്. ഞാന്‍ രാജാവ് എന്റെ മകന്‍ രാജകുമാരന്‍ എന്ന കാഴ്ചപ്പാട് ശരിയല്ല.

സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താന്‍ വെള്ളാപ്പള്ളി തയാറാകണം. അതുവരെ അദ്ദേഹം തല്‍സ്ഥാനത്തുനിന്നു മാറിനില്‍ക്കണം.സുതാര്യമായി തിരഞ്ഞെടുപ്പു നടത്തി ജയിച്ചാല്‍ വെള്ളാപ്പള്ളിക്ക് തുടരാന്‍ കഴിയുമെന്നും സെന്‍കുമാര്‍ പറഞ്ഞു. സമ്ബത്തിന് അതീതമായി ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നയാളാണു വെള്ളാപ്പള്ളി നടേശനും കുടുംബവുമെന്നു സുഭാഷ് വാസു ആരോപിച്ചു. മറ്റു മൂല്യങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ജാനാധിപത്യരീതിയില്‍ ഹിതപരിശോധന നടത്താന്‍ അദ്ദേഹം തയാറാകണമെന്നും സുഭാഷ് വാസു പറഞ്ഞു.എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബഹളവും വാക്കുതര്‍ക്കവും ഉണ്ടായി.

vellappaly nadeshan

ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനോട് താങ്കള്‍ മദ്യപിച്ചിട്ടുണ്ടോ, മാധ്യമപ്രവര്‍ത്തകനാണോ എന്നെല്ലാം സെന്‍കുമാര്‍ തിരിച്ചുചോദിച്ചു. തന്നെ ഡിജിപിയാക്കിയത് തെറ്റായിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ചോദ്യം കേട്ടതോടെ സെന്‍കുമാര്‍ ക്ഷുഭിതനായി. താന്‍ മാധ്യമപ്രവര്‍ത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും സെന്‍കുമാര്‍ ചോദിച്ചു.

അയാളെ പിടിക്കാന്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശവും നല്‍കി. മാധ്യമപ്രവര്‍ത്തകനോട് മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ട ശേഷവും പരുഷമായി സംസാരിച്ചു. ഇതിനിടെ സെന്‍കുമാര്‍ അനുകൂലികള്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടു. ഇതോടെയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. പ്രശ്‌നങ്ങള്‍ അവസാനിച്ച ശേഷം സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയും ചെയ്തു. ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് ഇസ്‌പേഡ് ഏഴാം കൂലിക്ക് താന്‍ വെട്ടിയതാണെന്നും, എട്ടാം കൂലിക്ക് വെട്ടേണ്ടപ്പോള്‍ വെട്ടുമെന്നും സെന്‍കുമാര്‍ മറുപടി നല്‍കി.

Trending

To Top