‘പൊതു സൗന്ദര്യസങ്കല്‍പങ്ങളെ തിരുത്തിയെഴുതുക’ രവി വര്‍മ ചിത്രങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലുകള്‍

രാജാ രവിവര്‍മ ചിത്രങ്ങളുടെ മാതൃകയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലുകള്‍ നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. ശീതള്‍ ശ്യാം, സാന്ദ്ര, ഹണി എന്നിവരാണ് രവി വര്‍മ ചിത്രങ്ങളുടെ മാതൃകയില്‍ ഒരുങ്ങിയത്. പൊതു സൗന്ദര്യ സങ്കല്‍പങ്ങളെ തിരുത്തിയെഴുതുകയെന്ന ഉദ്ദേശ്യത്തോടെ ഫോട്ടോഗ്രഫര്‍ ഷാരോണാണ് ഷൂട്ട് നടത്തിയത്. രാജാ രവിവര്‍മയുടെ ദ് മില്‍ക്ക് മെയ്ഡ്, പ്രേമപത്രം, ലേഡി വിത് ലാംപ്, ശകുന്തള, ലേഡി ടേക്കിങ് ബാത്, വില്ലേജ് ബെല്ലെ, രിവേറിയ എന്നീ പെയിന്റിങ്ങുകളാണ് പുനരാവിഷ്‌കരിച്ചത്.

വെളുപ്പു നിറമുള്ള, നിശ്ചിത ആകാരത്തിലുള്ള സ്ത്രീകളാണ് രവിവര്‍മ ചിത്രങ്ങളിലുള്ളതെന്നും ഈ സൗന്ദര്യസങ്കല്‍പം പൊതുബോധത്തില്‍ ശക്തമായി ഇന്നും നിലകൊള്ളുന്നുവെന്നും ഇതു സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെ ചോദ്യം ചെയ്യാനായിരുന്നു ശ്രമമെന്നും ഷാരോണ്‍ പറയുന്നു. കല, സാഹിത്യം, പരസ്യം, ടെലിവിഷന്‍, ചിത്രങ്ങള്‍, സിനിമ, ഫോട്ടോഗ്രഫി എന്നീ മാധ്യമങ്ങള്‍ ഈ പൊതു സൗന്ദര്യബോധം ഊട്ടിയുറപ്പിച്ചു.

അതുമൂലം ഇരുണ്ട നിറമുള്ളവരും ലൈംഗിക ന്യൂനപക്ഷങ്ങളും പരിഹാസ്യരാവുന്ന സാഹചര്യം ഇന്നും നിലനില്‍ക്കുന്നു. ഇതാണ് രവിവര്‍മ ചിത്രങ്ങള്‍ പുനരാവിഷ്‌കരിക്കുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ മോഡലുകളാക്കാം എന്ന ചിന്തയിലേക്ക് നയിച്ചതെന്നും ഷാരോണ്‍ പറയുന്നു. ”രവിവര്‍മ ചിത്രങ്ങള്‍ മുന്‍പും പല രീതിയില്‍ പുനരാവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥ ചിത്രങ്ങളിലെ സൗന്ദര്യ സങ്കല്‍പങ്ങളോട് ചേര്‍ന്നു നില്‍ക്കാനായിരുന്നു അതില്‍ മിക്കവയും ശ്രമിച്ചത്.

മാറ്റങ്ങളല്ല, മറിച്ച് പൊതുബോധം ഊട്ടിയുറപ്പിക്കലാണ് അതിലൂടെ സംഭവിക്കുന്നത്. വെളുപ്പ് മാത്രമല്ല സൗന്ദര്യമെന്നും സ്ത്രീ, പുരുഷന്‍ എന്നിങ്ങനെയല്ലാതെ വേറെയും ജെന്‍ഡറുകള്‍ നമുക്കിടയില്‍ ഉണ്ടെന്നും എന്നും ഓര്‍മിപ്പിച്ചു െകാണ്ടിരിക്കേണ്ട സാമൂഹിക സാഹചര്യത്തില്‍ അത്തരം പൊതുബോധത്തെ വെല്ലുവിളിക്കേണ്ടതുണ്ടെന്നും ഫോട്ടോഗ്രാഫര്‍ പറയുന്നു.

Gargi