സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയർന്ന പർവതമുകളിലെ വിവാഹം; വീഡിയോ വൈറലായി

വിവാഹാഘോഷങ്ങള്‍ എങ്ങനെ വ്യത്യസ്തമാക്കാമെന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറക്കാര്‍. അതിനായി പ്രത്യേക സ്ഥലങ്ങളും ഇവര്‍ തിരഞ്ഞെടുക്കും. ചിലര്‍ കടല്‍ക്കരയാണെങ്കില്‍ മറ്റു ചിലര്‍ കുന്നിന്‍ മുകളിലായിരിക്കും വിവാഹവേദിയായി തിരഞ്ഞെടുക്കുക. അത്തരത്തില്‍ ഒരു ദമ്പതികള്‍ തങ്ങളുടെ വിവാഹത്തിനായി തിരഞ്ഞെടുത്ത സ്ഥലം അല്‍പം വ്യത്യസ്തമായിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതത്തിന്റെ മുകളില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

സെല്‍ഫികളിലൂടെ പ്രശസ്തമായ മൂന്നിടങ്ങളാണ് നോര്‍വെയിലുള്ളത്. അതിലേറ്റവും പ്രശസ്തമായ ഒന്നാണ് ട്രോള്‍ടങ്ക റോക്ക്. നോര്‍വേയിലെ വെസ്റ്റ്ലാന്‍ഡ് കൗണ്ടിയില്‍ റിങ്ങിദാലിസ് വാറ്റ്‌നെറ്റ് നദിയ്ക്ക് വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പാറ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. നീണ്ടു നില്‍ക്കുന്ന ഒരു പര്‍വത ശിഖിരം. ട്രോള്‍ടങ്ക റോക്കിന്റെ പ്രധാന വ്യൂപോയിന്റില്‍ വിവാഹം നടക്കുന്ന കാഴ്ച സഞ്ചാരികളുടെ ഇടയിലും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

നേച്ചര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വേറിട്ട വിവാഹവേദിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നോര്‍വേയിലെ ഏറ്റവും മനോഹരമായ വിവാഹ സ്ഥലം എന്നും വിഡിയോയ്ക്ക് താഴെ കുറിച്ചിട്ടുണ്ട്. വെളുത്ത നിറത്തിലെ ഗൗണ്‍ അണിഞ്ഞ് അതിമനോഹരിയായി നില്‍ക്കുന്ന വധുവിനെയും കാണാം. വധുവും വരനും ഉള്‍പ്പടെ ആറുപേരാണ് ട്രോള്‍ടങ്ക റോക്കില്‍ നില്‍ക്കുന്നത്. 80,000 പേരോളം വര്‍ഷത്തില്‍ എത്തുന്ന ഈ പര്‍വതമുകളില്‍ നിന്നും ഒരു ഓസ്ട്രേലിയന്‍ സഞ്ചാരി വീണു മരിച്ചത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. ഇവിടേക്കുള്ള യാത്ര അല്‍പം കഠിനമാണ്. ഏറ്റവും കുറഞ്ഞത് പന്ത്രണ്ടു മണിക്കൂര്‍ വേണം യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്താന്‍. വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുക.

Previous articleഅഞ്ചാം നിലയിൽ നിന്ന് തെന്നിവീണ രണ്ട് വയസ്സുകാരി… അപ്രതീക്ഷിതമായ ഒരു അത്ഭുതം
Next articleരണ്ടാമതും അമ്മയായി! കുഞ്ഞുവാവയെത്തിയ സന്തോഷം പങ്കുവച്ച് അഞ്ജലി നായര്‍