‘വാളെടുക്കാത്തവരും വാളെടുക്കണമെന്ന് ആഗ്രഹിക്കാത്തവരും വാളിനാല്‍ തീരുന്നതാണ് അഭിനവകേരളത്തിന്റെ ചാവ് ലിസ്റ്റ്’

കഴിഞ്ഞ വിഷു ദിവസമാണ് ആര്‍ എസ് എസ് നേതാവായ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എഴുത്തുകാരി അഞ്ജു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ്. ‘വാളെടുത്തവന്‍ വാളാലെ എന്നാണ് ചൊല്ല്! എന്നാല്‍ വാളെടുക്കാത്തവരും വാളെടുക്കണമെന്ന് ആഗ്രഹിക്കാത്തവരും വാളിനാല്‍…

കഴിഞ്ഞ വിഷു ദിവസമാണ് ആര്‍ എസ് എസ് നേതാവായ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എഴുത്തുകാരി അഞ്ജു പാര്‍വതി പ്രഭീഷിന്റെ കുറിപ്പ്. ‘വാളെടുത്തവന്‍ വാളാലെ എന്നാണ് ചൊല്ല്! എന്നാല്‍ വാളെടുക്കാത്തവരും വാളെടുക്കണമെന്ന് ആഗ്രഹിക്കാത്തവരും വാളിനാല്‍ തീരുന്നതാണ് അഭിനവകേരളത്തിന്റെ ചാ വ് ലിസ്റ്റ്.കൊ ല്ലപ്പെടുന്നവന്‍ താനെന്തിന് കൊ ല്ലപ്പെടു ന്നുവെന്ന് അറിയാതെ തന്നെ വാളിനാല്‍ ഒടുങ്ങുന്ന രാഷ്ട്രീയമെന്ന് അഞ്ജു കുറിക്കുന്നു.

കുറിപ്പ് വായിക്കാം

വാളെടുത്തവൻ വാളാലെ എന്നാണ് ചൊല്ല്! എന്നാൽ വാളെടുക്കാത്തവരും വാളെടുക്കണമെന്ന് ആഗ്രഹിക്കാത്തവരും വാളിനാൽ തീരുന്നതാണ് അഭിനവകേരളത്തിൻ്റെ ചാവ് ലിസ്റ്റ് . കൊല്ലപ്പെടുന്നവൻ താനെന്തിന് കൊല്ലപ്പെടുന്നുവെന്ന് അറിയാതെ തന്നെ വാളിനാൽ ഒടുങ്ങുന്ന രാഷ്ട്രീയം. കൊല്ലുന്നവനും അറിയില്ല താനെന്തിന് തനിക്ക് പകയില്ലാത്ത ഒരാളെ കൊല്ലുന്നുവെന്ന്. പക്ഷേ കണക്ക് ടാലിയാവണമെങ്കിൽ കൊന്നേ തീരൂ.
അങ്ങനെ പാലക്കാടൻ കൊലപാതക കണക്കു പുസ്തകത്തിൻ്റെ സ്കോർ ബോർഡിൽ 1: 1 തികഞ്ഞു. ഇതിനു മുമ്പ് സമാസമം തികഞ്ഞ കളി ആലപ്പുഴയിലായിരുന്നു. ഒരു സൈഡിൽ ഷഹീദായ ഷാനും , സുബൈറും ! മറുവശത്ത് ബലിദാനികളായ രഞ്ജിത് ശ്രീനിവാസനും ശ്രീനിവാസ് കൃഷ്ണനും. ഇവരിൽ ഷാനും സുബൈറും മുൻകൂട്ടി പ്ലാൻ ചെയ്ത ആസൂത്രണ കൊലകളിലെ ഇരകളാണെങ്കിൽ മറുവശത്തെ രണ്ടു പേർ തീർത്തും അപ്രതീക്ഷിതമായി കൊലക്കത്തിക്ക് ഇരയായവർ ആണ്. ഏതൊരു ആസൂത്രണ കൊലയ്ക്ക് പിന്നിലും ഒരു കാരണമുണ്ടാവും. ഒരു പക്ഷേ ഇര കൂടി പങ്കാളിയായ ഏതെങ്കിലും സംഭവത്തിൻ്റെ തുടർച്ചയായിരിക്കും ആസൂത്രണ കൊലയുടെ കാരണം. സഞ്ജിത്ത് വധത്തിനു പിന്നിലുണ്ടെന്നു സംശയിക്കപ്പെട്ടതിൻ്റെ പേരിലാവണം സുബൈർ ഇരയായത്. എന്നാൽ ശ്രീനിവാസൻ ചെയ്ത കുറ്റം ഏതാണ്? എന്താണ്? ഇവിടെയാണ് വാളെടുക്കാത്തവർ വാളിനാൽ ഒടുങ്ങുന്ന ക്രിമിനലിസം അഥവാ കിരാതത്വം അരങ്ങേറുന്നത്. കണക്ക് തികയ്ക്കാൻ വേണ്ടി മാത്രം നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്ന പ്രാകൃതരീതിയാണത്.
സുബൈറിൻ്റെ കൊലയ്ക്ക് പകരമാണ് ശ്രീനിവാസൻ്റെ കൊലയെങ്കിൽ, ആ കൊലയ്ക്കുള്ള പ്രതികാരമാണ് അതെങ്കിൽ ആ കൊലയിൽ ഏതെങ്കിലും നിലയിൽ
പങ്കുള്ള ആളായിരുന്നിരിക്കണം ശ്രീനിവാസൻ. അതിന്റെ ആസൂത്രണത്തിലോ നടത്തിപ്പിലോ നേരിട്ടോ അല്ലാതെയോ പങ്കുള്ള ആളാവണം. എന്നാൽ അങ്ങനെ എന്തെങ്കിലും പങ്ക് ഉണ്ടെന്ന് ശത്രുപക്ഷത്ത് ഉള്ളവർ പോലും കരുതാത്ത ഒരാളാണ് അറിഞ്ഞിടത്തോളം ശ്രീനിവാസൻ. അങ്ങനെ തന്നെയായിരുന്നു ആലപ്പുഴയിൽ കൊല്ലപ്പെട്ട അഡ്വ.രഞ്ജിത്തും.
രഞ്ജിത്ത് ആയാലും ശ്രീനിവാസൻ ആയാലും
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിച്ചുകൊണ്ട് ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കാതെ ജീവിതവുമായി മുന്നോട്ടുപോയവരാണ്. ഇരുവർക്കും എതിരെ ഒരു പെറ്റിക്കേസു പോലും ഇല്ലായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ സംഘർഷത്തിൻ്റെ ഭാഗമാവുകയോ മതപരമായ ആഹ്വാനങ്ങൾ നല്കി വിദ്വേഷം ഉണ്ടാക്കുകയോ ഒന്നും ചെയ്തവരല്ല. അതിനാൽ തന്നെ രാഷ്ട്രീയ എതിരാളികൾക്ക് നോട്ടപ്പുള്ളികൾ പോലും അല്ലായിരുന്നു.
എന്നിട്ടും ഇവർ ഇരുവരും എന്തിനാണ് കൊല്ലപ്പെട്ടത്? അല്ലെങ്കിൽ എന്തിന് അവർ അവരെ കൊന്നു? ഇവരെ രണ്ടു പേരെയും
കൊല്ലുന്നത് എങ്ങനെയാണ് ഇരുവർക്കും ഒരു ബന്ധവും ഇല്ലാതിരുന്ന ഷാനിൻ്റെയോ സുബൈറിൻ്റെയോ കൊലയ്ക്കുള്ള മറുപടിയോ പ്രതികാരമോ ആവുന്നത്? ഏറ്റവും ക്രൂരമായിട്ടാണ് ഇരുവരെയും അക്രമികൾ വാൾ കൊണ്ട് വെട്ടിയരിഞ്ഞത്.തങ്ങളോട് ഒരു ശത്രുതയും പുലർത്താത്ത ഒരാളെ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കൊത്തിയരിഞ്ഞ് തീർക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ്? അവരിരുവരും ചെയ്തുപ്പോയ ഏതെങ്കിലുമൊരു തെറ്റിൻ്റെ പേരിൽ അല്ല കൊല്ലപ്പെട്ടത്. അവരുടെ ഇടപെടലുകളോ സമീപനങ്ങളോ പെരുമാറ്റമോ ഒന്നും കൊന്നവർക്ക് ഒരു വിഷയമേ അല്ലായിരുന്നു. അവർക്ക് ഒന്നിന് 1 എന്ന കണക്ക് ഒപ്പിക്കാൻ ഒരാൾ വേണമായിരുന്നു. ഇവിടെ ഒന്ന് തീർന്നാൽ നേരത്തോടു നേരം തികയും മുമ്പ് അവിടെയും ഒന്ന് തികയ്ക്കണം എന്ന കാട്ടുനീതിയാണത്. ചോരയ്ക്ക് ചോര കൊണ്ടുള്ള തൂക്കമൊപ്പിക്കലിനു ആരെങ്കിലും വേണം എന്നേയുള്ളൂ. അത് ആര് എന്നത് അപ്രസക്തം. അറക്കേണ്ട കഴുത്ത് അപ്പുറത്തെ രാഷ്ട്രീയത്തിൽ നിന്നായിരിക്കണം എന്നു മാത്രമേയുള്ളൂ. ആ കഴുത്തിൻ്റെ ഉടമ എത്ര സാത്വികനായിരുന്നാലും ഏതൊരു അഹിംസാവാദി ആയാലും പ്രശ്നമല്ല അവിടെ.
വാളെടുത്തവർ മാത്രമല്ല വാളിനാൽ തീരുന്നത്. വാളെടുക്കാത്തവരും വാളിനാൽ തീരുന്നുണ്ട്. അതുകൊണ്ട് പ്രതികാരകൊലയെന്ന വരട്ടുവാദം കൊണ്ട് ആഭ്യന്തരമെന്ന മരവാഴയുടെ പിടിപ്പുകേടിനെ മറച്ചുപ്പിടിക്കാൻ കഴിയില്ല. ഒപ്പം ഈ 1-1 എന്ന സ്കോർ ബോർഡ് നോക്കി ഗാലറിയിൽ ഇരിക്കുന്ന ചിലരുടെ സമാധാന വിശുദ്ധ വചനങ്ങൾ കാണുമ്പോൾ, അരുതേ വർഗ്ഗീയ സംഘർഷം അരുതേ എന്ന വിലാപം കാണുമ്പോൾ ഒഞ്ചിയത്തെ അരും കൊലയും മാഷാ അള്ളാ സ്റ്റിക്കറും 51 വെട്ടും ഒക്കെ ഒരിക്കൽക്കൂടി ഓർമ്മയിൽ വരുന്നു.
മണ്ണിൽ വീഴുന്ന എല്ലാ ചോരയുടെ നിറവും ചുമപ്പാണ് .അതിലൂടെ അനാഥമാക്കുന്ന കുടുംബത്തിന്റെ തേങ്ങൽ ഈ നാടിന്റെ ശാപമാണ് .കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായ ഓരോ മക്കളുടെയും ശാപങ്ങൾ കേരളം എത്രത്തോളം അനുഭവിക്കേണ്ടി വരുമെന്ന് നമ്മൾ അനുഭവിച്ചു തന്നെ അറിയും. മുച്ചൂടും മുടിക്കാൻ പാകത്തിന്ന് മാതൃ-പിതൃ-പുത്രശാപങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിക്കുമ്പോൾ പ്രബുദ്ധ ജനത എന്ന ലേബൽ സ്വയം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യും. ഒപ്പം ലോകസമാധാനത്തിന് കൊടുത്ത കോടികൾ കൂടി .