ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ സംവിധായകനാവുന്നു; നായകന്‍ ആസിഫ് അലി

നിരവധി മാസ് പടങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ സംവിധായകനാവുന്നുവെന്ന് വാര്‍ത്തകള്‍. നേരത്തെ അഹാന കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കല്‍ വീഡിയോ സംവിധാനം ചെയ്തിട്ടുള്ള ജഗന്റെ ആദ്യ…

നിരവധി മാസ് പടങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ സംവിധായകനാവുന്നുവെന്ന് വാര്‍ത്തകള്‍.
നേരത്തെ അഹാന കൃഷ്ണകുമാറിനെ പ്രധാന കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കല്‍ വീഡിയോ സംവിധാനം ചെയ്തിട്ടുള്ള ജഗന്റെ ആദ്യ പടത്തില്‍ ആസിഫ് അലിയായിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഷാജി കൈലാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. അധികം വൈകാതെ തന്നെ ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഇന്ദ്രജിത് നായകനായി എത്തിയ താക്കോല്‍ എന്ന ത്രില്ലര്‍ ചിത്രവും ഷാജി കൈലാസ് നിര്‍മ്മിച്ചിരുന്നു. നാന്‍ കടവുള്‍, അങ്ങാടി തെരു, കടല്‍, സര്‍ക്കാര്‍, പാപനാശം, പൊന്നിയിന്‍ സെല്‍വന്‍, ഇന്ത്യന്‍ 2 തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ബി ജയമോഹനാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. അതേസമയം ‘കാപ്പ’, ‘എലോണ്‍’, ‘കടുവ’, ‘കാവല്‍’ എന്നീ സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായും ജഗന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കമ്മീഷണര്‍, മാഫിയ, നരസിംഹം, വല്യേട്ടന്‍ തുടങ്ങിയ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഷാജി കൈലാസിന് നിരവധി ആരാധകരാണുള്ളത്. പൃഥ്വിരാജ് നായകനായെത്തിയ കടുവയാണ് ഷാജി കൈലാസിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പൃഥ്വിരാജ് സുകുമാരന്‍, വിവേക് ഒബ്റോയ്, സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ ഒറിജിനല്‍ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത്.