വിനീത് ശ്രീനിവാസന്റെ ക്ഷണത്തെ വരാൻ കഴിയില്ല എന്ന് പറഞ്ഞ് നിരസിച്ച നടൻ !!

വിനീത്‌ ശ്രീനിവാസൻ ഫോണിൽ വിളിച്ച്‌ ‘അടുത്ത വെള്ളിയാഴ്ച എന്നെ വന്നു കാണണം’ എന്നു പറഞ്ഞാൽ ‘എനിക്കന്ന് ഷൂട്ടുണ്ട്‌. വരാൻ ബുദ്ധിമുട്ടായിരിക്കും’ എന്നു മറുപടി പറയുന്ന ആൾ നമ്മുടെ മനസ്സിൽ ഒരുപക്ഷേ ഒന്നാംകിട സൂപ്പർ സ്റ്റാറോ…

വിനീത്‌ ശ്രീനിവാസൻ ഫോണിൽ വിളിച്ച്‌ ‘അടുത്ത വെള്ളിയാഴ്ച എന്നെ വന്നു കാണണം’ എന്നു പറഞ്ഞാൽ ‘എനിക്കന്ന് ഷൂട്ടുണ്ട്‌. വരാൻ ബുദ്ധിമുട്ടായിരിക്കും’ എന്നു മറുപടി പറയുന്ന ആൾ നമ്മുടെ മനസ്സിൽ ഒരുപക്ഷേ ഒന്നാംകിട സൂപ്പർ സ്റ്റാറോ ശുദ്ധ അഹങ്കാരിയോ ആയിരിക്കും. എന്നാൽ കക്ഷി ഇതു രണ്ടുമല്ലായിരുന്നു. തന്റെ മൂന്നാം സിനിമയിൽ സൈഡ്‌ റോൾ മാത്രം ചെയ്തുകൊണ്ടിരിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ. പക്ഷേ, ട്വിസ്റ്റതല്ല. “നിനക്ക്‌ എന്തായാലും അന്ന് വരാൻ പറ്റും” എന്നു പറഞ്ഞ്‌ വിനീതമായി വിനീത്‌ ഫോൺ വച്ചുപോയി. പയ്യൻസ്‌ അപ്പോൾ ഷൂട്ടിംഗിലാണെന്ന് പറഞ്ഞ “ആഹാ” എന്ന സിനിമയുടെ സംവിധായകനെക്കണ്ട്‌ കാര്യം പറഞ്ഞപ്പോൾ പുള്ളി പോലും ഞെട്ടി. ‘നമുക്ക്‌ നിന്റെ സീൻ അഡ്ജസ്റ്റ്‌ ചെയ്തെടുക്കാം. നീ വ്യാഴാഴ്ച വൈകിട്ട്‌ പോയി വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ കോട്ടയത്തിനു മടങ്ങി വന്നാൽ മതി’ എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, വ്യാഴാഴ്ച വൈകിട്ട്‌ ഷൂട്ട്‌ തീർന്നില്ല. വെള്ളിയാഴ്ച വെളുപ്പിനെ ആറു മണിയോടെ “വടം വലിച്ച്‌” ചേറിൽ കുളിച്ച്‌ നിൽക്കുന്ന പയ്യനോട്‌ എറണാകുളത്തേക്കുള്ള ഒരു കാർ പ്രൊഡക്ഷൻ ടീം കാണിച്ചുകൊടുത്തു. പല്ലുതേച്ചിട്ടും കുളിച്ചിട്ടുമില്ലെന്നത്‌ പോട്ടെ, മുഷിഞ്ഞ വേഷത്തിനു പകരം വൃത്തിയുള്ള ഒരു ഷർട്ട്‌ മാറിയിടാനില്ല.

രണ്ടും കൽപിച്ച്‌ കോസ്റ്റ്യൂമറോട്‌ കാര്യം പറഞ്ഞ്‌ ഒരു ഷർട്ട്‌ കടം ചോദിച്ചു. “ഇതിട്ടു പോ. നിനക്കീ സിനിമ കിട്ടും” എന്നു പറഞ്ഞ്‌ കോസ്റ്റ്യൂമർ ശിവൻ നൽകിയ വേഷവുമിട്ട്‌ പല്ലുപോലും തേയ്ക്കാതെ പയ്യൻ വിനീതിനു മുന്നിൽ ഹാജരായി. വിനീതവനെ പേരു വിളിച്ചിരുത്തി. ആദ്യ റൗണ്ട്‌ ഓഡിഷന്റെ വീഡിയോസ്‌ കണ്ട്‌ ഇഷ്ടപ്പെട്ട്‌ വിളിപ്പിച്ചതാണ്‌. ഒന്നു രണ്ടു സീനുകൾ ചെയ്തു കാണിക്കാൻ പറഞ്ഞു. വിനീതിനത്‌ ഇഷ്ടമായെങ്കിലും ഉച്ചയ്ക്ക്‌ വീണ്ടും ചില സീനുകൾ കൂടി നോക്കാമെന്ന് പറഞ്ഞു. “പറ്റില്ല ചേട്ടാ!എനിക്ക്‌ പോണ”മെന്ന് പറഞ്ഞ്‌ പയ്യൻ വീണ്ടും ഞെട്ടിക്കുന്നു. അവൻ വിനീതിനോട്‌ സാഹചര്യം വിശദീകരിച്ചു. പല്ലുതേയ്ക്കാതെ വന്നതുകൊണ്ട്‌ അകലം പാലിച്ചിരുന്ന അവനെ അടുത്തേക്ക്‌ പിടിച്ച്‌ വിനീത്‌ ശ്രീനിവാസൻ പറഞ്ഞു: “ഫെബ്രുവരി-മാർച്ച്‌ വേറേ സിനിമയൊന്നും എടുക്കരുത്‌. എന്റെ പുതിയ സിനിമയിൽ രണ്ടാമത്തെ സീൻ മുതൽ അശ്വത്ത്ലാൽ ഉണ്ടാവും!” സന്തോഷം കൊണ്ട്‌ നിറഞ്ഞ കണ്ണുകളോടെ പുറത്തിറങ്ങിയ അശ്വത്ത്ലാൽ അമ്മയെ വിളിച്ച്‌ അത്‌ പങ്കുവച്ചു. വിനീതിന്റെ ആ തീരുമാനം എത്ര ഉചിതമാണെന്ന് അശ്വത്ത്ലാൽ “ഹൃദയ”ത്തിലെ ആന്റണി താടിക്കാരൻ എന്ന കഥാപാത്രത്തിലൂടെ സ്ക്രീനിൽ തെളിയിച്ചിരിക്കുന്നു. പ്രണവിനൊപ്പം തകർത്തഭിനയിച്ച്‌ അശ്വത്ത്ലാലും പ്രേക്ഷകരുടെ ഹൃദയം കയ്യടക്കി. സുരാജ്‌ വെഞ്ഞാറമൂടിന്റെ നാട്ടിൽ നിന്നാണ്‌ അശ്വത്ത്ലാലിന്റെയും വരവ്‌. അവിടെ പാറയ്ക്കലെന്ന ഗ്രാമപ്രദേശത്ത്‌ ദാരിദ്ര്യത്തിനു പഞ്ഞമില്ലാത്ത ഒരു സാധാരണകുടുംബത്തിൽ എൻ.മണിയൻ-ലതിക ദമ്പതികളുടെ മകനായി 1994 ആഗസ്റ്റ്‌ 26ന്‌ അശ്വത്ത്ലാൽ ജനിച്ചു. പാറയ്ക്കൽ, വെഞ്ഞാറമൂട്‌, പിരപ്പൻകോട്‌ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം.

ചെമ്പഴന്തി എസ്‌ എൻ കോളേജിലും തിരുവനന്തപുരം എം ജി കോളേജിലുമായി ബിരുദവും ബിരുദാനന്തര ബിരുദവും. കോളേജുകാലത്താണ്‌ സിനിമാ മോഹം തലയ്ക്കുപിടിക്കുന്നത്‌. ജൂനിയർ ആർട്ടിസ്റ്റായി പലേടത്തും മുഖം കാണിച്ചു. ചില ഷോർട്ട്‌ ഫിലിമുകളിൽ അഭിനയിച്ചു. തിരുവനന്തപുരത്ത്‌ എം ജി കോളേജിൽ പഠിക്കുന്നകാലത്ത്‌ അശ്വത്ത്ലാലിന്റെ മോഹവും കഴിവും തിരിച്ചറിഞ്ഞ അദ്ധ്യാപകൻ ജീവയാണ്‌ എറണാകുളത്ത്‌ “ആഭാസ”ത്തിന്റെ ഓഡിഷനു പോകാൻ പറഞ്ഞത്‌. അതിൽ തെരഞ്ഞെടുക്കപ്പെട്ടതോടെ അശ്വത്ത്ലാലും സിനിമാനടനായി. നാട്ടുകാരനായ സുരാജ്‌ വെഞ്ഞാറമൂടിനും പ്രശസ്ത നടൻ നാസറിനുമൊപ്പം ആദ്യ ഫ്രയിമിൽ തുടക്കം കുറിക്കാൻ കഴിഞ്ഞത്‌ (ആഭാസം-2018) അശ്വത്ത്ലാൽ ഭാഗ്യമായിക്കാണുന്നു. പ്രശസ്ത സംവിധായകനായ ശങ്കർ രമകൃഷ്ണന്റെ “പതിനെട്ടാം പടി”യിലെ ‘അഭയൻ’ എന്ന കഥാപാത്രമായാണ്‌ അശ്വത്ത്ലാൽ രണ്ടാമതായി എത്തുന്നത്‌. നിവിൻ പോളി ഫേസ്ബുക്കിലിട്ട ഒരു കാസ്റ്റിംഗ്‌ കോൾ കൂട്ടുകാരൻ വിഷ്ണു ശ്രദ്ധയിൽ പെടുത്തിയതാണ്‌ അശ്വത്ത്ലാലിന്‌ “പതിനെട്ടാം പടി(2019)”യിലേക്കുള്ള ആദ്യപടി ആയത്‌. ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി അഭിനയം പഠിക്കണമെന്ന് മോഹിച്ചുനടന്ന ആൾക്ക്‌ “പതിനെട്ടാം പടി”യുടെ മുക്കാൽ മണിക്കൂർ നീണ്ട വ്യത്യസ്തമായ ഓഡിഷനും അഭിനയ ക്യാമ്പും രണ്ടു വർഷത്തോളം നീണ്ട നിർമ്മാണകാലവും നല്ലൊരു നടനാകാനുള്ള പഠനകാലം കൂടിയായിരുന്നു.

തുടർന്ന് “ആഹാ”യും “ഹൃദയ”വും അശ്വത്ത്ലാലിനെ തേടിയെത്തിയത്‌ ചരിത്രം. ചില സിനിമകളിൽ ചെറിയ വേഷങ്ങൾക്കൊക്കെ ശബ്ദം നൽകിയിട്ടുമുണ്ട്‌ അശ്വത്ത്ലാൽ. ശങ്കർ രാമകൃഷ്ണൻ നൽകിയ വലിയ അവസരമാണ്‌ ഉടൻ പുറത്തിറങ്ങുന്ന ബഹുഭാഷാ ചിത്രമായ “കെ ജി എഫ്‌ 2″ൽ ഡബ്ബിംഗ്‌ ചെയ്യാനായതെന്ന് അശ്വത്ത്ലാൽ പറയുന്നു. “അശ്വത്‌ ലാൽ” എന്നും “അശ്വഥ്‌ ലാൽ” എന്നുമൊക്കെ മാധ്യമങ്ങൾ തെറ്റിച്ചെഴുതുമ്പോൾ “അല്ല ചേട്ടാ. എന്റെ പേര്‌ ശരിക്കും ‘അശ്വത്ത്ലാൽ’ എന്നാണ്‌” എന്ന് അവനിന്ന് തിരുത്തിപ്പറഞ്ഞുകൊടുക്കുന്നു. പ്രേക്ഷകൻ അവന്റെ പേരും വിവരങ്ങളും തെറ്റാതെ “ഹൃദയ”ത്തിൽ സൂക്ഷിക്കുന്ന കാലം പിന്നാലെ വരുമെന്ന് അശ്വത്ത്ലാലിന്റെ പ്രകടനം സാക്ഷ്യം പറയുന്നുണ്ട്‌.