ബാലസുബ്രമണ്യത്തെ എന്തുകൊണ്ട് മലയാള സിനിമ മാറ്റി നിർത്തി !!

മഹാഗായകൻ്റെ രണ്ടാമത് ചരമവാർഷികമാണിന്ന്.. ഹിന്ദിയിലെ ഗായകരെ മാറ്റി നിർത്തിയാൽ മലയാളത്തിൽ കാര്യമായൊരു സ്വാധീനവും ചെലുത്താത്ത ഒരു മറുനാടൻ ഗായകനെ മലയാളികൾ ഇത്ര കണ്ട് അംഗീകരിച്ചിട്ടുള്ളത് എസ്.പി.ബിയെ മാത്രമാണ്. മലയാളം എന്തു കൊണ്ട് ഇദ്ദേഹത്തെ അകറ്റി…

മഹാഗായകൻ്റെ രണ്ടാമത് ചരമവാർഷികമാണിന്ന്.. ഹിന്ദിയിലെ ഗായകരെ മാറ്റി നിർത്തിയാൽ മലയാളത്തിൽ കാര്യമായൊരു സ്വാധീനവും ചെലുത്താത്ത ഒരു മറുനാടൻ ഗായകനെ മലയാളികൾ ഇത്ര കണ്ട് അംഗീകരിച്ചിട്ടുള്ളത് എസ്.പി.ബിയെ മാത്രമാണ്. മലയാളം എന്തു കൊണ്ട് ഇദ്ദേഹത്തെ അകറ്റി നിർത്തി? കടൽപ്പാലം എന്ന ചിത്രത്തിലൂടെ സാക്ഷാൽ ദേവരാജനാണ് എസ്.പി.ബിയെ മലയാളത്തിൽ അവതരിപ്പിച്ചത്. പക്ഷെ അതിനു ശേഷം ഒരു കാലത്തും മലയാളത്തിലൊരു എസ്.പി.ബി തരംഗമുണ്ടായിട്ടില്ല. ഒളിഞ്ഞും തെളിഞ്ഞും ഏതാനും ഗാനങ്ങൾ പാടിപ്പോയതല്ലാതെ മലയാളഗാനങ്ങളുടെ ഗതിവിഗതികളെ സ്വാധീനിക്കും വണ്ണമൊരു സാന്നിധ്യമാകാൻ എസ്.പി.ബിയ്ക്ക് കഴിഞ്ഞിട്ടില്ല, അഥവാ അദ്ദേഹമതിനു ശ്രമിച്ചതുമില്ല. എസ്.പി.ബി ഇല്ലാതെ മലയാളത്തിനോ, മലയാളമില്ലാതെ എസ്.പി.ബിയ്ക്കോ പ്രത്യേകിച്ചെന്തെങ്കിലും നഷ്ടം സംഭവിച്ചതായി ഇരുകൂട്ടരും ഇന്നേ വരെ കരുതിയിട്ടില്ല. കാരണം, എസ്.പി.ബിയെ സ്നേഹിക്കാൻ മലയാളികൾക്ക് തമിഴ് ഗാനങ്ങൾ മാത്രം മതിയായിരുന്നു. അന്യഭാഷാഗയകരിലൊരാൾക്കും ലഭിക്കാത്ത പ്രചാരമാണ് എസ്.പി.ബി യ്ക്ക് മലയാളത്തിലുള്ളത്.

ഒരു തലമുറ മുന്നേ അന്യഭാഷകളിൽ കൊടികുത്തി വാണിരുന്ന പി.ബി.ശ്രീനിവാസ്, ഘണ്ടശാല, ടി.എം.സൗന്ദർരാജൻ, എ.എം.രാജ എന്നിവരൊന്നും എസ്.പി.ബിയോളം പോപ്പുലാരിറ്റി നേടിയവരല്ല. (കാലഘട്ടത്തിൻ്റെ വ്യത്യാസങ്ങളുണ്ട്, എങ്കിൽ പോലും). ദക്ഷിണേന്ത്യയിലെ മലയാളമൊഴിച്ചുള്ള എല്ലാ ഭാഷകളിലും ആധിപത്യമുറപ്പിക്കാൻ സാധിച്ചത് എസ്.പി.ബിയുടെ പോപ്പുലാരിറ്റിക്ക് കാര്യമായ ഗുണം ചെയ്തിട്ടുണ്ട്. ഗൗരവതരമായി കേൾക്കേണ്ട ഒരു ഗായകനായി എസ്.പി.ബിയെ മലയാളികൾ ശ്രദ്ധിക്കുന്നത് “ശങ്കരാഭരണ” ത്തോടെയാണ്. എസ്.പി.ബിയുടെ ലെഗസിക്ക് ഈ ചിത്രത്തിലെ ഗാനങ്ങൾ നൽകിയ സംഭാവന ചില്ലറയല്ല. തുടർന്ന് തമിഴിലെ “ഇളയനിലാ” പോലുള്ള ഗാനങ്ങൾ എസ്.പി.ബിയ്ക്ക് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. ഇളയരാജാതരംഗത്തിൻ്റെ അലയൊലികൾ കേരളത്തിലുമുണ്ടായപ്പോൾ എസ്.പി.ബിയേയും മലയാളികൾ മനം നിറഞ്ഞു സ്നേഹിച്ചു, അംഗീകരിച്ചു. പക്ഷെ അപ്പോഴും മലയാളത്തിന് കാര്യമായൊരു സംഭാവനയും നൽകാൻ എസ്.പി.ബിയ്ക്ക് കഴിഞ്ഞില്ല. ഇടയ്ക്കിടെ വന്നു പോയ “ദേവനു കേ പതി ഇന്ദ്ര” പോലുള്ള അപൂർവ്വം ചില ഗാനങ്ങളിൽ ഒതുങ്ങി നിന്നു എസ്.പി.ബിയുടെ മലയാളപർവ്വം. ഉച്ചാരണപരവും ആലാപനപരവുമായ വ്യത്യസ്തകളായിരിക്കും മലയാളവും എസ്.പി.ബിയും പരസ്പരം പാലിച്ച അകലത്തിനൊരു പ്രധാന കാരണം. മലയാളഗാനങ്ങൾ ആവശ്യപ്പെടുന്ന രീതികളായിരുന്നില്ല എസ്.പി.ബിയുടേത്. മാത്രമല്ല, യേശുദാസ് എന്ന ഗായകൻ്റെ സാന്നിധ്യം മലയാളസിനിമാസംഗീതത്തെ ഒരു പ്രത്യേകരീതിയിൽ വാർത്തെടുത്തു കഴിഞ്ഞിരുന്നു.

ആ വാർപ്പുമാതൃകകൾ പൊളിച്ചെഴുതണമെങ്കിൽ അസാധാരണമായ സഞ്ചാരവഴികൾ ആവശ്യമായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡം ഭാഷകളിലെ തിരക്കുകളും താരപദവിയുമുണ്ടായിരുന്ന കാലത്ത് അതിൻ്റെ ആവശ്യമുണ്ടെന്ന് എസ്.പി.ബിയ്ക്കും തോന്നിയിരിക്കില്ല. (എം.എസ്.വിയുടെ ഗാനങ്ങൾ മലയാളികൾക്ക് കുറച്ചൊക്കെ പരിചയമുണ്ടെങ്കിലും കന്നഡത്തിലും തെലുങ്കിലും രാജൻ-നാഗേന്ദ്ര,സത്യം,വിജയഭാസ്കർ തമിഴിൽ വി.കുമാർ തുടങ്ങിയ സംഗീതജ്ഞർ ചിട്ടപ്പെടുത്തിയ എസ്.പി.ബി ഗാനങ്ങളും മലയാളികൾ കേട്ടിരിക്കേണ്ടതാണ്. പ്രത്യേകിച്ച് കന്നഡത്തിലെ രാജൻ-നാഗേന്ദ്ര ഗാനങ്ങൾ, മെലഡിയുടെ അഗാധപരതയുണ്ട് ആ ഗാനങ്ങളിൽ) എന്നിരിക്കിലും ഊർജ്ജസ്വലമായ ആലാപനം ആവശ്യപ്പെടിരുന്ന ചില സന്ദർഭങ്ങളിൽ മലയാളം എസ്.പി.ബിയെ അന്വേഷിച്ചു ചെന്നിട്ടുണ്ട് – “കളിക്കളം ഇത് കളിക്കളം”, “നെഞ്ചിൽ കഞ്ചബാണം”, “മേനേ പ്യാർ കിയാ” തുടങ്ങിയ ഗാനങ്ങൾ ഉദാഹരണങ്ങൾ. ശ്രദ്ധേയമായ ചില മെലഡികളും – “താരാപഥം ചേതോഹരം”, “പാൽനിലാവിലെ..” – എസ്.പി.ബി മലയാളത്തിൽ ആലപിച്ചിട്ടുണ്ട്. ഭാഷാപരമായ പരിമിതികളുണ്ടായിരുന്നെങ്കിലും ഈ ഗാനങ്ങൾ മലയാളികൾ ഏറെയിഷ്ടപ്പെടുന്നവയാണ്. പക്ഷെ മലയാളികൾക്ക് എസ്.പി.ബിയെ ആഘോഷിക്കാൻ മലയാളഗാനങ്ങളുടെ ആവശ്യമേ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. തമിഴിൽ ഇളയരാജയും മറ്റു സംഗീതസംവിധായകരുമൊക്കെ തീർത്ത അസംഖ്യം ഗാനങ്ങൾ മാത്രം മതിയാകും എസ്.പി.ബിയെ മലയാളികൾക്ക് എന്നുമെന്നുമോർക്കാൻ.