’55 ഇഞ്ച് ടിവി…’ ടീമേ പണി പാളിയല്ലോ.. ബിനീഷ് ബാസ്റ്റിനെതിരെ ട്രോള്‍ പൂരം

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടനാണ് ബിനീഷ് ബാസ്റ്റിന്‍. മലയാളത്തിലും തമിഴിലുമെല്ലാം വില്ലന്‍ വേഷങ്ങളിലൂടെയാണ് ബിനീഷ് ബാസ്റ്റിന്‍ ശ്രദ്ധ നേടുന്നത്. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലെത്തിയതോടെയാണ് ബിനീഷിന് ആരാധകരേറിയത്. ടീമേ എന്നാണ് ബിനീഷ് എല്ലാവരേയും അഭിസംബോധന…

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടനാണ് ബിനീഷ് ബാസ്റ്റിന്‍. മലയാളത്തിലും തമിഴിലുമെല്ലാം വില്ലന്‍ വേഷങ്ങളിലൂടെയാണ് ബിനീഷ് ബാസ്റ്റിന്‍ ശ്രദ്ധ നേടുന്നത്. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലെത്തിയതോടെയാണ് ബിനീഷിന് ആരാധകരേറിയത്. ടീമേ എന്നാണ് ബിനീഷ് എല്ലാവരേയും അഭിസംബോധന ചെയ്യുക. ഇതു നിരവധി ട്രോളുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ ബിനീഷ് ബാസ്റ്റിന്‍ പങ്കുവച്ച പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കിടയാക്കിയത്. ബിനീഷ് പുതിയ ടിവി വാങ്ങി. 55 ഇഞ്ച് വലിപ്പമുള്ള ടീവി. എന്നാല്‍ വീട്ടിലെത്തി ടിവി അളന്നു നോക്കിയ ബിനീഷ് ആകെ വിഷമത്തിലായി. ടി.വി. അളന്ന് നോക്കിയപ്പോള്‍ ആറ് ഇഞ്ച് കുറവ്. 55 ഇഞ്ച് വലിപ്പം പറയുന്ന ടിവിയുടെ യഥാര്‍ത്ഥ വലിപ്പം 49 ഇഞ്ച് മാത്രമാണുള്ളതെന്നാണ് ബിനീഷ് വീഡിയോയില്‍ പറയുന്നത്. ഇഞ്ച് കണക്കില്‍ 55 എന്നും സെന്റീമീറ്റര്‍ കണക്കില്‍ 138.8 എന്നും കവറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടേപ്പ് ഉപയോഗിച്ച് അളന്നപ്പോള്‍ 49 ഇഞ്ച് വലിപ്പം മാത്രമാണുള്ളതെന്നാണ് താരത്തിന്റെ പരാതി.

ഇതോടെ നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. നടന്‍ അളന്നതിന്റെ കുഴപ്പമെന്നാണ് സോഷ്യല്‍ മീഡിയ നല്‍കിയ വിശദീകരണം. ബിനീഷ് ടി.വി. അളക്കുന്നത് നേരെയാണ്. എന്നാല്‍ ടിവിയുടെ അളവ് കണക്കാക്കുന്നത് കോണോടു കോണ്‍ അളന്നാണ്. ഈ അളവാണ് കമ്പനി അവകാശപ്പെടുന്ന 55 ഇഞ്ച്. നിരവധി പേരാണ് ഇക്കാര്യം കമന്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ അതെന്താ നേരെ അളന്നാല്‍ പോരേ എന്ന ബിനീഷിന്റെ കമന്റിനും മറുപടിയായി ആളുകള്‍ എത്തിയിട്ടുണ്ട്. ടി.വി. ആദ്യമായി പുറത്തിറക്കിയ കാലഘട്ടത്തില്‍ അതിന്റെ സ്‌ക്രീന്‍ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന തരത്തിലായിരുന്നു. ഇത്തരം സ്‌ക്രീനിന്റെ അളവ് രേഖപ്പെടുത്താന്‍ ഉപയോഗിച്ച മാര്‍ഗമാണ് കോണോട് കോണ്‍ രീതി. അന്നത് എഫ്കടീവായ മാര്‍ഗമായിരുന്നു. പക്ഷെ പിന്നീട് എല്‍ഇഡിയും സ്മാര്‍ട്ട് ടിവിയുമൊക്കെയായതോടെ ടിവി സ്‌ക്രീന്‍ പരന്നതായി മാറുകയായിരുന്നു. പക്ഷെ ടിവിയുടെ അളവ് കണക്കാക്കുന്ന രീതി ഇപ്പോഴും മാറിയിട്ടില്ല എന്നതാണ് വിശദീകരണം.

ബിനീഷിനെ പോലെ ഇക്കാര്യം അറിയാത്ത പലര്‍ക്കും ഇതൊരു പുതിയൊരു അറിവായിരുന്നു. എന്നാല്‍ ബിനീഷിനെ സോഷ്യല്‍ മീഡിയ എയറില്‍ കയറ്റിയിരിക്കുകയാണ്. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.