ബ്രോ ഡാഡി എന്ന സിനിമയുടെ വ്യത്യസ്തമാർന്ന കളർ പാറ്റേൺ !!

വ്യത്യസ്തവും വ്യക്തവുമായ രീതിയിൽ ഒരു പ്രത്യേക കളർ പാറ്റേണിൽ ആണ് ‘ബ്രോ ഡാഡി‘ വന്നിരിക്കുന്നത്. ഒരു മലയാളം സിനിമയെ സംബന്ധിച്ച് ഇത്ര വ്യക്തമായ രീതിയിൽ കളർ പാലെറ്റ് / ഗൈഡ്‌ലൈൻസ് കൂട്ട്പിടിച്ച് ഒരു സിനിമ…

വ്യത്യസ്തവും വ്യക്തവുമായ രീതിയിൽ ഒരു പ്രത്യേക കളർ പാറ്റേണിൽ ആണ് ‘ബ്രോ ഡാഡി‘ വന്നിരിക്കുന്നത്. ഒരു മലയാളം സിനിമയെ സംബന്ധിച്ച് ഇത്ര വ്യക്തമായ രീതിയിൽ കളർ പാലെറ്റ് / ഗൈഡ്‌ലൈൻസ് കൂട്ട്പിടിച്ച് ഒരു സിനിമ ഇറങ്ങുന്നത് അപൂർവ്വമാണ്. സാധാരണയായി ഹിസ്റ്റോറികൽ സിനിമകൾക്ക് ഒരു പ്രത്യേക യെല്ലോയിഷ് ടോൺ കൊടുക്കുക. അല്ലെങ്കിൽ പ്രേതസിനിമകൾക്ക് ഒരു ഇരുണ്ട ബ്ലൂയിഷ് ടോൺ കൊടുക്കുക സാധാരണമാണ്. അല്ലെങ്കിൽ അങ്ങനെ സാഹചര്യങ്ങളുടെ ആവശ്യാനുസരണം കളർ കറക്ഷൻ ചെയ്യുക. അതൊക്കെ മിക്കവാറും ‘DI കളറിസ്റ്റ്‘ൻ്റെ ടേബിളിൽ കളർ കറക്ഷൻ വരുത്തി പ്രസ്തുത ടോണിലേക്ക് ആക്കുന്നതാണ് സാധാരണ കാണാറ്. എന്നാൽ ബ്രോ ഡാഡിയിൽ DI കളറിസ്റ്റ് – കെ. എസ്. രാജശേഖരൻ്റെ മാത്രം കഴിവല്ല എന്നത് വ്യക്തമാണ്. അത്രക്ക് ഡീറ്റെയിലായിട്ട് കളർ ടോണുകളും പാറ്റേണുകളും ലൈറ്റുകളും ഷൂട്ടിംഗിനു മുന്നെ കൃത്യമായി പ്ലാൻ ചെയ്തിരുന്നു എന്ന് വ്യക്തമാണ്.

അതുകൊണ്ട് തന്നെയാണ് ‘aqua / turquoise’ കളർ വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ചുവർ, കർട്ടൺ, കസേര തുടങ്ങി ചെടിച്ചട്ടി വരെ ഇതേ കളറാണ്. ‘ഓറഞ്ച്‘ കളറിൻ്റെ ഉപയോഗം രണ്ടാമതായി കാണാം. അത് വഴിയരികിലെ പൂക്കൾ ആവട്ടെ, ഷർട്ടിൽ വീണ കറിയാവട്ടെ, കമ്പിക്കമ്പനിയിലെ വെളിച്ചമാവട്ടെ, ഇടക്ക് നായകനും നായികയും ഇടുന്ന ഡ്രസ്സ് വരെ ഓറഞ്ചിൽ കാണാം. ഇത് കൂടാതെ, പിങ്ക് കളർ ടോണും പലയിടത്തും തെളിഞ്ഞ് കാണാം. മഞ്ഞയുടെയും നീലയുടെയും ഷെയ്‌ഡും കാണാമെങ്കിലും അത് രണ്ടൂം മുകളിൽ പറഞ്ഞ കളറിൻ്റെ തന്നെ വകതിരിവാണ്. പിന്നെയാണ്, DI കളറിസ്റ്റ് അതിൽ ആകെമൊത്തം ‘aqua / turquoise’ ടോൺ അല്ലെങ്കിൽ ഓറഞ്ച് ടോൺ കൊടുത്ത് കൂടുതൽ വൈബ്രൻ്റും വ്യക്തവുമാക്കുന്നത്. ഇങ്ങനെ ചെയ്ത ഈ കളർ ഗ്രേഡിംഗിൽ പലപ്പോഴും വെളുപ്പും കറുപ്പും ഗ്രേയും ഒക്കെ ഈ ടോണിലേക്ക് മാറ്റപ്പെട്ടത് അപൂർവ്വം ചിലയിടങ്ങളിൽ അരോചകമാവുന്നുമുണ്ട്.

എന്നിരുന്നാലും കെ എസ് രാജശേഖരൻ കൈയടിയർഹിക്കുന്നു. ഇങ്ങനെ വ്യത്യസ്ത കളർ ടോൺ കൊണ്ട് തന്നെ സിനിമ കണ്ടിരിക്കാൻ ചെറിയൊരു കുളിർമ്മ കൂട്ട് വരുന്നുണ്ട്. ഈ ആശയം ആരുടേതായാലും, അത് ഡയറക്ടർ പ്രിത്വിയുടെതായാലും, എന്നും കളറുകൾകൊണ്ട് കളിക്കുന്ന രചയിതാവ്, ഓൾഡ് മോങ്ക് ഡിസൈൻസിലെ പ്രധാനി ശ്രീജിത്ത് എൻ. ൻ്റെ ആയാലും, ഇനി മറ്റാരുടെ ആയാലും അഭിനന്ദനങ്ങൾ…!!