ജിമ്മില്‍ വച്ച് ഹൃദയാഘാതം! പ്രമുഖ സ്റ്റാന്‍ഡ് അപ് കോമഡി താരം രാജു ശ്രീവാസ്തവ അന്തരിച്ചു

ജനപ്രിയ സ്റ്റാന്‍ഡ് അപ് കോമഡി താരം രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസം 10നാണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ താരത്തിന് ഹൃദയാഘാതമുണ്ടായത്. ഒരു മാസത്തിനു…

ജനപ്രിയ സ്റ്റാന്‍ഡ് അപ് കോമഡി താരം രാജു ശ്രീവാസ്തവ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസം 10നാണ് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ താരത്തിന് ഹൃദയാഘാതമുണ്ടായത്.

ഒരു മാസത്തിനു ശേഷം സ്ഥിതി വീണ്ടും ഗുരുതരമായതോടെ വെന്റിലേറ്ററിലായിരുന്നു.
വെന്റിലേറ്ററില്‍ അബോധാവസ്ഥയിലായിരുന്നെങ്കിലും അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് സഹോദരന്‍ കഴിഞ്ഞ ദിവസം പ്രതീക്ഷ പങ്കുവച്ചിരുന്നു.

2005ല്‍ പുറത്തിറങ്ങിയ ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചാലഞ്ച്’ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് രാജു ശ്രീവാസ്തവ കോമഡിയില്‍ സജീവമായത്. കോമഡി സര്‍ക്കസ്, ദ് കപില്‍ ശര്‍മ ഷോ, ശക്തിമാന്‍ തുടങ്ങിയ നിരവധി ഹാസ്യ പരിപാടികളില്‍ അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. മൈനേ പ്യാര്‍ കിയ, തേസാബ്, ബാസിഗര്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെയും രാജു ശ്രീവാസ്തവ ശ്രദ്ധേയനായി.


അഭിനയത്തിന് പുറമേ രാഷ്ട്രീയത്തിലും താരം പരീക്ഷിച്ചിരുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ കാന്‍പുരില്‍ നിന്ന് മത്സരിക്കാന്‍ താത്പര്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യ പിന്തുണയില്ലെന്ന് വ്യക്തമായതോടെ പിന്മാറുകയും ചെയ്തു.